തിരുവനന്തപുരം: വ്യാജ ഡോക്ടർ ചമഞ്ഞ് നഴ്സുമാരടക്കം നിരവധിപേർക്ക് ജോലി വാഗ്ദാനം ചെയ്ത തിരുവനന്തപുരം സ്വദേശി തട്ടിപ്പിലൂടെ സമ്പാദിച്ചത് കോടികൾ. മൂവാറ്റുപുഴയിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി മണ്ണാംപ്ലാകം വടക്കേതട്ട് വീട്ടിൽ ഉദയകുമാറാണ് (38) ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ കോടികളാണ് ഇയാൾ സ്വന്തമാക്കിയതെന്ന് പൊലീസ് മറുനാടൻ മലയാളിയോട് വിശദീകരിച്ചു. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ഡോക്ടറാണ് എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തി വന്നത്.

കോലഞ്ചേരി മെഡിക്കൽ കോളേജിലെ രണ്ട് നഴ്സുമാരെ കാനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലാണ് പൊലീസ് ഉദയകുമാറിനെ അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുൻപ് ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിയ ഇയാൾ പരിചരിക്കാനെത്തിയ നഴ്സിനോട് താൻ എസ്.യു.ടി ആശുപത്രിയിലെ ഡോക്ടറാണ് എന്ന് പറഞ്ഞ് പരിചയപ്പെടുകയായിരുന്നു. വിദേശ രാജ്യങ്ങളിലൊക്കെ ചികിത്സയ്ക്ക് പോകുമെന്നും മറ്റും ഇയാൾ അവരോട് പറഞ്ഞു. അപ്പോൾ തനിക്ക് വിദേശത്തേക്ക് പോകാൻ താൽപ്പര്യമുണ്ടെന്നും രണ്ട് തവണ ഐ.ഇ.എൽ.ടി.എസ് എഴുതിയിട്ട് കിട്ടിയില്ല എന്നും പറഞ്ഞു. ഐ.ഇ.എൽ.ടി.എസ് ഇല്ലാതെ കാനഡയിൽ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു.

പിന്നീട് പരസ്പരം ഫോൺ നമ്പർ കൈമാറുകയും ചെയ്തു. ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചപ്പോൾ 40 ലക്ഷം രൂപ വേണ്ടി വരും പോകുവാൻ എന്ന് പറഞ്ഞു. ഇത്രയും ഭീമമായ തുക നൽകാൻ കഴിയില്ലെന്നറിയിച്ചപ്പോൾ മാസം 4.5 ലക്ഷം രൂപ ശമ്പളം കിട്ടുമെന്നും ജോലിക്ക് കയറിയാൽ മുടക്കിയ തുക ഒരു വർഷത്തിനുള്ളിൽ തന്നെ ജോലി നേടിയെടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ അവർ ലോണെടുത്തും കടം വാങ്ങിയും പണം സ്വരൂപിച്ചു കൊടുത്തു. കാനഡയിൽ പോകുന്ന വിവരം മറ്റു സുഹൃത്തുക്കൾ കൂടി അറിഞ്ഞതോടെ ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു നഴ്സും താൽപ്പര്യപ്പെട്ട് വരികയും പണം കൈമാറുകയുമായിരുന്നു. പണം കൊടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും ജോലി നൽകാതിരുന്നതോടെ ഇയാളെ പറ്റി അന്വേഷിച്ചപ്പോഴാണ് എസ്.യു.ടി ആശുപത്രിയിൽ ഇങ്ങനെയൊരു ഡോക്ടർ ഇല്ലാ എന്ന് മനസ്സിലാവുന്നത്. തുടർന്നാണ് ഇരുവരും മൂവാറ്റുപുഴ പൊലീസിൽ പരാതിപെടുന്നത്.

പൊലീസിന്റെ അന്വേഷണത്തിൽ ഉദയകുമാർ വലിയ തട്ടിപ്പുകാരനാണെന്ന് മനസ്സിലായി. ഏഴാം ക്ലാസ്സു വരെ പഠിച്ചിട്ടുള്ള ഇയാൾ ഒരു ആശുപത്രിയിലും ജോലി ചെയ്തിട്ടുമില്ല. എന്നാൽ മറ്റുള്ളവരെ വിശ്വസിപ്പിക്കുവാനായി പ്രമുഖ ഡോക്ടർമാർക്കൊപ്പം നിന്നുള്ള ചിത്രങ്ങൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ഫെയ്സ് ബുക്ക് അക്കൗണ്ടിൽ ഡോക്ടർ എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതൊക്കെ കാട്ടിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

ആശുപത്രിയിൽ ചികിത്സയ്ക്കായി ഇരിക്കുന്ന ചിത്രവും മറ്റുമൊക്കെ ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. ഇയാൾക്കെതിരെ എഫ്.ഐ.ആർ ഇട്ടതോടെ തമിഴ്‌നാട്ടിലേക്ക് ഒളിവിൽ പോകുകയായിരുന്നു. മാലി സ്വദേശിനിയായ ഒരു യുവതിക്കൊപ്പം തിരുവനന്തപുരത്താണ് ഇയാൾ ഒളിവിൽ പോയത്. മധുരയിൽ പോയി മൊബൈൽ ഫോൺ അവിടെ ഉപേക്ഷിച്ച ശേഷമാണ് തിരുവനന്തപരത്ത് എത്തി ഒളിവിൽ താമസിച്ചത്. അറുപതോളം ഡോക്ടർമാർ താമസിക്കുന്ന കോളനിയിലാണ് താമസിച്ചിരുന്നത്. ഇവിടെയും ഡോക്ടർ എന്ന ബോർഡ് വച്ച് ചികിത്സയും നടത്തിവരികയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സിഐ. സാജൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായ വാർത്ത അറിഞ്ഞ് നിരവധിപേർ ഇയാൾക്കെതിരെ മറ്റു പരാതികളുമായി പൊലീസിന് മുന്നിലെത്തി. ലോൺ വേഗം ശരിയാക്കി കൊടുക്കുവാനെന്ന പേരിലും മറ്റു പല കാര്യങ്ങളും സാധിച്ചു നൽകാം എന്ന് പറഞ്ഞ് മറ്റു പലരെയും ഇതേ രീതിയിൽ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്നും സൂചനയുണ്ട്. ആലപ്പുഴ നീണ്ടൂർ പീഡനക്കേസ്, ചങ്ങനാശേരി, തമിഴ്‌നാട് കടലൂർ സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയാണ്. നെയ്യാറ്റിൻകരയിൽ ക്ലിനിക് നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ബാങ്ക് വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത പരാതികളും പൊലീസിന് ലഭിച്ചു.

അതേ സമയം ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ പണമെല്ലാം മുംബൈയിലുള്ള ഒരാൾക്ക് കൊടുത്തു എന്നാണ് പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ പെരുമ്പാവൂരിലുള്ള ഒരു സ്ത്രീയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും അവർക്കാണ് തട്ടിപ്പ് നടത്തിയ പണമൊക്കെ നൽകിയതെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കസ്റ്റ്ഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇയാളുടെ വാക്ചാതുര്യത്തിലാണ് പലരും വീണിട്ടുള്ളത്. ഏഴാംക്ലാസ്സ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എന്നാണ് പൊലീസ് പറഞ്ഞത്. മൂവാറ്റുപുഴ ഡിവൈ.എസ്‌പി കെ. ബിജുമോന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്‌ഐ കെ.പി. ജയപ്രസാദ്, എഎസ്ഐ. ജോയി, സീനിയർ സി.പി.ഒ ജയകുമാർ, സി.പി.ഒ റിതേഷ് എന്നിവരുമുണ്ടായിരുന്നു.