പാകിസ്താൻ മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് ബിജെപി ചിന്തകൻ സുധീന്ദ്ര കുൽക്കർണിക്കെതിരെ കരിയോയിൽ ആക്രമണം നടത്തിയ ശിവസേന മഹാരാഷ്ട്രയിൽ ബിജെപിയുമായി അകലുന്നു. ബിജെപിക്ക് വേണ്ടത്ര ഹിന്ദുത്വം പോരെന്നാണ് ശിവസേന നേതൃത്വത്തിന്റെ നിരീക്ഷണം.

ഇത്തരം വിഷയങ്ങളിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസിന്റെ നിലപാടുകളോട് പരസ്യമായി ശിവസേന വിയോജിപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു. കുൽക്കർണിക്കെതിരായ ആക്രമണത്തെ ബിജെപി നേതാക്കൾ അപലപിച്ചതും ശിവസേനയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിൽനിന്ന് രാജിവെക്കാൻ ശിവസേന അംഗങ്ങൾ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.

ബിജെപിയുമായുള്ള സഖ്യം പിരിയലിന്റെ വക്കിലാണെന്ന് മുതിർന്ന ശിവസേന നേതാക്കൾ തന്നെ സൂചിപ്പിക്കുന്നു. മന്ത്രിമാരോട് ഇക്കാര്യം ഉദ്ധവ് താക്കറേ സൂചിപ്പിച്ചിട്ടുമുണ്ട്. ബിജെപിയുടെ വിട്ടുവീഴ്ചാ നയത്തോട് യോജിക്കാനാവില്ലെന്നാണ് സേനാ നേതാക്കളുടെ നിലപാട്. ബിജെപിയുടെ ജനപ്രീതിയിൽ വൻതോതിലുള്ള ഇടിവുണ്ടായിട്ടുണ്ടെന്നും സഖ്യം തുടർന്നാൽ അടുത്തു നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സേനയ്ക്ക് കനത്ത നഷ്ടം നേരിടേണ്ടിവരുമെന്നും അവർ കണക്കുകൂട്ടുന്നു.

കസൂരിയുടെ പുസ്തക പ്രകാശനം ഒരു കാരണമാക്കി സഖ്യം പിരിയാനാണ് സേന ആലോചിക്കുന്നത്. നേരത്തെതന്നെ ഇത്തരമൊരു നീക്കം സേനയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പുസ്തക പ്രകാശനം അതിനൊരു കാരണവുമായി. പുസ്തക പ്രകാശനത്തിന് കൂടുതൽ സുരക്ഷ ഏർപ്പാടാക്കിയ ഫഡ്‌നാവിസിന്റെ നടപടിയും സേനപ്രവർത്തകരെ ചൊടിപ്പിച്ചു.

മുംബൈയിൽ പുസ്തക പ്രകാശനം നടത്താൻ കൂട്ടുനിന്ന സുധീന്ദ്ര കുൽക്കർണി പാക്കിസ്ഥാൻ ചാരനാണെന്ന് മുതിർന്ന സേന നേതാവ് സഞ്ജയ് റൗട്ട് ആരോപിച്ചു. പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നവരെയും പാക് കലാകാരന്മാരെയും അവിടുത്തെ ക്രിക്കറ്റ് താരങ്ങളെയും മുംബൈയിൽ കാലുകുത്താൻ അനുവദിക്കുകയില്ലെന്നും റൗട്ട് പ്രഖ്യാപിച്ചു.ബാൽ താക്കറേയുടെ കാലം മുതൽക്കെയുള്ള പാക് വിരോധം ഉദ്ധവ് താക്കറേയ്ക്ക് കീഴിലും സേന തുടരുമെന്ന് റൗട്ട് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഔദ്യോഗിക പരിപാടിയിൽനിന്ന് ഉദ്ധവ് താക്കറേ വിട്ടുനിന്നപ്പോൾത്തന്നെ ബിജെപിയും സേനയുമായി അകലുകയാണെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് മഹാരാഷ്ട്രയിൽ സഖ്യകക്ഷി ഭരണത്തിലേറുന്നത്.