- Home
- /
- Opinion
- /
- ENVIRONMENT
കേരളാ ഡിബേറ്റ് ഫോം, യു.എസ്.എ നിരീക്ഷണ സർവേയിൽ കേരളാ ഇലക്ഷനിൽ യു.ഡി.എഫിന് മുൻതൂക്കം
- Share
- Tweet
- Telegram
- LinkedIniiiii
ഹൂസ്റ്റൺ: കേരളാ അസംബ്ലി ഇലക്ഷനുശേഷം കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ.യും പൊതുജനങ്ങളുടെ ഇടയിൽ ഒരു സർവ്വെ നടത്തുകയായിരുന്നു. ഏപ്രിൽ 23-ാം തീയതി വൈകുന്നേരം വെർച്വൽ പ്ലാറ്റുഫോമിലൂടെ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങൾ കൂടെ കൂട്ടിച്ചേർത്ത് അന്തിമ സർവ്വെ ഫലം പ്രഖ്യാപിക്കുകയായിരുന്നു. കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ അതനുസരിച്ച് യു.ഡി.എഫ് - 73, എൽ.ഡി.എഫ് - 65, എൻ.ഡി.എ - 1, ട്വിന്റി ട്വന്റി - 1, എന്നിങ്ങനെയാണ് അസംബ്ലി സീറ്റ് വിജയനില കണ്ടെത്തിയത്. ഏതൊരു അഭിപ്രായ സർവ്വെ വോട്ടെടുപ്പ് എന്ന രീതിയിൽ മാത്രം ഈ പ്രഖ്യാപനത്തെയും കണ്ടാൽ മതി എന്ന് ഡിബേറ്റ് ഫോറം വാളണ്ടിയേഴ്സ് അഭിപ്രായപ്പെടുകയുണ്ടായി.
വെർച്വൽ (സൂം) അവലോകന നിരീക്ഷണ യോഗത്തിൽ വൈവിധ്യമേറിയ രാഷ്ട്രീയ ആശയ സംഘടനകളുടെ ഒരു സൗഹൃദ വേദിയായി മാറി. ഇലക്ഷൻ വരുന്നു എന്ന ബോധ്യമായതോടെ ഭരണകക്ഷിയായ എൽ.ഡി.എഫ് സർക്കാരിന്റെ ഖജനാവിൽ നിന്ന് പണമെടുത്ത് പാർട്ടിക്കും സർക്കാരിനും അനുകൂലമായ ഏതാണ്ട് സകല മീഡിയായേയും പാട്ടിലാക്കി സർക്കാരിന്റെ നേട്ടങ്ങളെയും നയങ്ങളെയും ഊതിവീർപ്പിച്ച് പബ്ലിസിറ്റി-പബ്ലിക് റിലേഷൻ-പരസ്യങ്ങളുടെ പെരുമഴയിലൂടെ പൊതുജനത്തെ കൈയിലെടുക്കുകയായിരുന്നു. പ്രതിപക്ഷം കണ്ടെത്തിയതും ആരോപിച്ചതുമായ സർക്കാരിന്റെ അഴിമതി, അക്രമം, ഖജനാവു ധൂർത്തടിക്കൽ, സ്വജനപക്ഷപാതം, അനധികൃത നിയമനങ്ങൾ ഒന്നും പൊതുജനങ്ങൾ കാര്യമായി ഗൗനിച്ചതായി കണ്ടില്ലാ. സർക്കാരിന്റെ ഭക്ഷ്യകിറ്റും, മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും വൈകുന്നേരങ്ങളിലുള്ള പ്രസ്മീറ്റ് വാർത്താവായനകളിലും ജനം വിശ്വസിക്കുകയും ആശ്വാസം കണ്ടെത്തുകയും ചെയ്തു. പ്രളയ ഫണ്ടു തട്ടിപ്പ്, പൊലീസിന്റെ അഴിഞ്ഞാട്ടം എല്ലാം ജനം കാര്യമായെടുത്തില്ല.
അതിനിടയിലാണ് മറ്റേത് മുന്നണിയേക്കാളും പാർട്ടിയേക്കാളും മുന്നിലായി അവർ സീറ്റു വിഭജനം നടത്തിയത്. പലവട്ടം മത്സരിച്ചവരേയും പല വമ്പ•ാരേയും ഒഴിവാക്കി സ്ത്രീകൾക്കും യുവജനങ്ങൾക്കും മറ്റു മുന്നണികളേക്കാൾ കൂടുതൽ പ്രാതിനിധ്യം കൊടുത്ത് സീറ്റു വിഭജനം പൂർത്തിയാക്കിയത് അവർക്കൊരു നേട്ടമായി. അടുപ്പക്കാർക്കും, സ്വന്തക്കാർക്കും കുറച്ചു സീറ്റുകൾ നൽകിയതിന്റെ പൊട്ടലുംചീറ്റലും അവർ ഏകാധിപത്യപരമായി അടിച്ചൊതുക്കി. അങ്ങനെ ആകെ ഭരണകക്ഷിയായ എൽ.ഡി.എഫിന് ഒരു ഭരണതുടർച്ചയെന്നു തന്നെയെന്ന് മീഡിയാകൾ വിധി എഴുതിയെന്ന് അവലോകനയോഗത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
യു.ഡി.എഫിലെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലുള്ള സീറ്റു പങ്കുവയ്ക്കൽ യു.ഡി.എഫിനു ക്ഷീണമായി. എങ്കിലും മറ്റ് ഏതു ഇലക്ഷനേക്കാളും യുവജനങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സ്ഥാനാർത്ഥികൾ യു.ഡി.എഫിന് ആത്മവിശ്വാസം പകർന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും യു.ഡി.എഫിന്റെ പ്രചരണ രംഗമാകെ ഉഴുതു മറിച്ചു. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് കണ്ടെത്തി ഉന്നയിച്ച സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മ, വികസന മുരടിപ്പ്, തീവെട്ടിക്കൊള്ള, സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്, ആഴക്കടൽ കരാർ എല്ലാം യു.ഡി.എഫിന്റെ ആവനാഴിയിലെ അസ്ത്രങ്ങളായി എൽ.ഡി.എഫിന്റെ കോട്ടകൾ തകർത്തു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ വളരെ പെട്ടെന്നാണ് യു.ഡി.എഫിന് അനുകൂലമായി കാറ്റു വീശാൻ തുടങ്ങിയത്. എങ്കിലും ട്വന്റി ട്വന്റിയുടെ സാന്നിദ്ധ്യം പ്രത്യേകം എറണാകുളം ജില്ലയിൽ യു.ഡി.എഫിന് ക്ഷീണമായിരിക്കുമെന്നും സംവാദ പ്രക്രീയയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യോഗാവസാനമാണ് കേരളാ ഡിബേറ്റ് ഫോറം സർവ്വേ ഫലം വ്യക്തമാക്കിയത്.
ഇതിനിടയിൽ ബിജെപിയുടെ എൻ.ഡി.എയും പ്രചാരണതന്ത്രത്തിൽ ഒരു വന്മുന്നേറ്റമാണ് നടത്തിയത്. പൊതുവെ ഒരു വർഗ്ഗീയ കക്ഷിയായ ബിജെപിയുടെ വോട്ടു നിലവാരം വർദ്ധിപ്പിക്കുമെങ്കിലും അധികം സീറ്റുകൾ നേടാൻ, ഭരിക്കാൻ ഒരു സാധ്യതയും കാണുന്നില്ലെന്നാണ് പലരും പറഞ്ഞത്.
രാഹുൽ ഗാന്ധിയും, പ്രിയങ്കാഗാന്ധിയും ഒന്നും ആരുമല്ല. അവർ വെറും ബഫൂണുകളാണ്. അവരെ കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കണം, കേരളത്തിൽ ഒരു മുന്നണിയും ഭരിക്കേണ്ടാ. കേരളത്തിനു വേണ്ടത് ഒരു പ്രസിഡന്റ് ഭരണമോ, പട്ടാള ഭരണമോ ആണ്. രണ്ട് മുന്നണികളും മാറി മാറി ഭരിച്ചു, കേരളത്തെ മുടിച്ച് കുട്ടിച്ചോറാക്കി എന്ന് ഒന്നു രണ്ടു നിഷ്പക്ഷവാദികൾ മീറ്റിംഗിൽ പറയുകയുണ്ടായി.
വെർച്വൽ യോഗത്തിന്റെ മോഡറേറ്ററായി എ.സി. ജോർജ് പ്രവർത്തിച്ചു. എഴുത്തുകാരും, മാധ്യമ പ്രവർത്തകരും, സാംസ്‌കാരിക സംഘടനാ പ്രവർത്തകരുമായ പി.പി ചെറിയാൻ, അലക്സ് എസ്തപ്പാൻ, ജീമോൻ റാന്നി, മാത്യു ഇല്ലിക്കൽ, സജി കരിമ്പന്നൂർ, ജോർജ് നെടുവേലി, സണ്ണി വള്ളിക്കളം. സജി പള്ളിപ്പുറം, കുഞ്ഞമ്മ മാത്യു, മേഴ്സി ജോസഫ്, റവറൻ പി.വി. ചെറിയാൻ, മാത്യു ഏബ്രഹാം, അന്നമ്മ ജോൺ, ഏബ്രഹാം ഡെൻവർ, സനൽ ഗോപി, എൻ.കെ.മത്തായി, ചെറിയാൻ ഡാനിയേൽ തുടങ്ങിയവർ തങ്ങളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി കൊണ്ടു സംസാരിച്ചു.
https://www.youtube.com/watch?v=mQKIH5jd1Gc