- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.ഡി.എഫ് പ്രചാരണം ബഹ്റൈനിലും സജീവം: കൺവൻഷൻ നടത്തി
മനാമ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണം പ്രവാസലോകത്തും സജീവമാക്കി യു.ഡി.എഫ്. യു.ഡി.എഫ് പ്രവാസി കൂട്ടായ്കളുടെ നേതൃത്വത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൊള്ളരുതായ്മകൾ തുറന്നുകാട്ടി യു.ഡി.എഫ് പ്രവാസലോകത്തും പ്രചാരണം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ബഹ്റൈൻ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ ബഹ്റൈൻ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷനിൽ നിരവധി പേർ പങ്കാളികളായി. സൂമിലൂടെ ചേർന്ന സംഗമം യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളുടെ അന്തസത്ത കളഞ്ഞുകുടിച്ച ഇടതുമുന്നണി സർക്കാരിനെതിരേ പ്രദേശിക വികസനം മുൻനിർത്തിയാണ് യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന് പഞ്ചായത്തുരാജ് ആക്ടിലൂടെ കൊണ്ടുവന്ന ത്രിതല പഞ്ചായത്ത് സംവിധാനത്തെ തകർക്കുന്ന നടപടിയാണ് കഴിഞ്ഞ നാലരവർഷമായി ഇടതുസർക്കാർ സ്വീകരിച്ചത്. യഥാക്രമം ഫണ്ട് നൽകാതെ ഇടതുസർക്കാർ തദ്ദേശ ഭരണസംവിധാനത്തെ തകർക്കാൻ ശ്രമിക്കുകയായിരുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
വികസനത്തിന്റെ മറവിൽ അഴിമതിയും കൊള്ളത്തരവും നടത്തുന്ന എൽ.ഡി.എഫിന് വികസനത്തിന് വോട്ടു ചോദിക്കാൻ അർഹതയില്ല.
അഴിമതിക്കെതിരേയും അക്രമത്തിനെതിരേയുമാണ് യു.ഡി.എഫ് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നത്. ഇതിന് ലോകത്തെല്ലാ മലയാളികളുടെയും പിന്തുണയുണ്ടാകണമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ സ്വാഗതം പറഞ്ഞ സംഗമത്തിൽ ഒ.ഐ.സി.സി ബഹ്റൈൻ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. കെ.എം ഷാജി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വലിയ സ്ഥാനമുണ്ടെന്നും കോവിഡ് പ്രതിസന്ധി കാലത്ത് പ്രവാസികളെ രണ്ടാം പൗരന്മാരാക്കി വേർതിരിവ് കാണിച്ച സംസ്ഥാന സർക്കാരിന്റെ നടപടികൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലാണ് രാജ്യത്തിന്റെ ശക്തിയെന്ന് തിരിച്ചറിഞ്ഞാണ് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയത്തിലൂന്നി ത്രിതല പഞ്ചായത്ത് സംവിധാനം രൂപീകരിച്ചത്.
ഇതിന്റെ ഫലമായാണ് ലോകം മുഴുവൻ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ നമ്മുടെ രാജ്യം പിടിച്ചുനിന്നത്. എന്നാൽ ഈ ഇടതുസർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും വെട്ടിക്കുറച്ച് ഈ സംവിധാനത്തെ തകർക്കാൻ ശ്രമിക്കുകയാണ്. അതിനാൽ തന്നെ ഈ ശ്രമങ്ങളെ എതിർത്ത് നമ്മുടെ ഗ്രാമങ്ങളെയും പഞ്ചായത്തുകളെയും ശാക്തീകരിക്കാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് നാം ലക്ഷ്യംവയ്ക്കുന്നതെന്നും ഇതിന് പ്രവാസി സമൂഹത്തിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ യു.ഡി.എഫ് പ്രകടന പത്രിക അവലോകനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പറം, കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് ജന. സെക്രട്ടറി ഒ.കെ കാസിം, പ്രവാസി കോൺഗ്രസ് പ്രതിനിധി ജോൺസൺ കുര്യൻ, കെ.എം.സി.സി ബഹ്റൈൻ സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി കെ.പി മുസ്തഫ നന്ദി പറഞ്ഞു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി പി.വി മൻസൂർ സൂം നിയന്ത്രിച്ചു.