തിരുവനന്തപുരം: ജോസ് കെ മാണിയെ ഇടതു പക്ഷത്ത് എത്തിച്ചത് കോട്ടയത്തെ കോൺഗ്രസുകാരാണ്. ജോസ് കെ മാണിയെ പ്രകോപിപ്പിച്ചു പുറത്താക്കിയത് കൂടുതൽ നേതാക്കൾക്ക് എംഎൽഎയാകാൻ കഴിയുമെന്ന കോൺഗ്രസ് കണക്കു കൂട്ടലാണ്. എന്നാൽ എല്ലാം തെറ്റുന്നു. വിട്ടു വീഴ്ചയില്ലാത്ത സമീപനവുമായി പിജെ ജോസഫ് രംഗത്ത് എത്തുകയാണ്. മുസ്ലിം ലീഗും കൂടുതൽ സീറ്റ് ചോദിക്കുന്നു. ആർ എസ് പിക്കും വേണ്ടും അധിക സീറ്റ്. കേരളാ കോൺഗ്രസ് ജേക്കബ്ബിനും മോഹങ്ങളുണ്ട്. ഇങ്ങനെ വമ്പൻ പ്രതിസന്ധിയിലാണ് കോൺഗ്രസ്.

കേരള കോൺഗ്രസ് ഒരുമിച്ചു നിന്നപ്പോഴുള്ള 15 സീറ്റ് കിട്ടണമെന്ന് സീറ്റ് വിഭജന ചർച്ചയിൽ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. അതിനുള്ള സാധ്യത തള്ളി കോൺഗ്രസ് നിലപാടും എടുത്തു. കൂടുതൽ സീറ്റ് ചോദിച്ചില്ലെങ്കിലും വിജയസാധ്യതയുള്ളതു വേണമെന്ന് ആർഎസ്‌പിയും ആവശ്യപ്പെട്ടു. ഇരു കക്ഷികളുമായും നടന്ന ആദ്യവട്ട ചർച്ചയിൽ തീരുമാനമായില്ല. വീണ്ടും സംസാരിക്കാമെന്ന ധാരണയിൽ പിരിഞ്ഞു. മുസ്ലിം ലീഗ് അഞ്ച് അധിക സീറ്റുകളാണ് ചോദിക്കുന്നത്. ഇതിൽ കുറച്ച് കൊടുക്കേണ്ടി വരും. ജോസ് കെ മാണി പോയതിനാൽ എട്ട് സീറ്റുകൾ പിജെ ജോസഫിന് കൊടുക്കാമെന്നതാണ് കോൺഗ്രസിനുള്ളിലെ പൊതു നിലപാട്.

ഏഴു സീറ്റിൽ കൂടുതൽ ഒന്നു പോലും ജോസഫിന് അർഹതയില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. അതുകൊണ്ട് തന്നെ ജോസഫിന്റെ വിട്ടു വീഴ്ചയ്ക്ക് കോൺഗ്രസിന് വഴങ്ങാനാകില്ല. അതു സംഭവിച്ചാൽ വലിയ പൊട്ടിത്തെറിയുണ്ടാകും. ജോസഫിനും എല്ലാ നേതാക്കൾക്കും സീറ്റ് വേണം. അതിനാൽ ജോസഫും കടുംപിടിത്തത്തിൽ. പിളർന്ന സാഹചര്യത്തിൽ, നേരത്തേ മത്സരിച്ച 15 സീറ്റും ജോസഫ് വിഭാഗത്തിന് എങ്ങനെ നൽകാൻ കഴിയുമെന്നു കോൺഗ്രസ് നേതൃത്വം ചോദിച്ചു. ഒരുമിച്ചു നിൽക്കെത്തന്നെ അതിൽ ജോസഫ് വിഭാഗ നേതാക്കൾ കഴിഞ്ഞ പ്രാവശ്യം മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് സീറ്റുകൾ നൽകാം.

പിന്നീട് ജോസഫ് വിഭാഗത്തിലേക്കു ചേക്കേറിയവർ മത്സരിച്ച ചങ്ങനാശേരി (സി.എഫ്.തോമസ്), ഇരിങ്ങാലക്കുട (തോമസ് ഉണ്ണിയാടൻ), തിരുവല്ല (ജോസഫ് എം.പുതുശ്ശേരി) മണ്ഡലങ്ങളോ പകരം മണ്ഡലങ്ങളോ പരിഗണിക്കാം. അതിൽ കൂടുതൽ സാധ്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ 12 സീറ്റിൽ കുറഞ്ഞ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ജോസഫ്. ഇടുക്കി സീറ്റും മലബാർ മേഖലയിൽ മറ്റൊരു സീറ്റും വേണമെന്നതിൽ അവർ പിന്നോട്ടില്ല.

ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, കയ്പമംഗലം സീറ്റുകളിലാണ് ആർഎസ്‌പി കഴിഞ്ഞ തവണ മത്സരിച്ചത്. ഇരവിപുരത്തിനു പകരം കുണ്ടറയോ കൊല്ലമോ വേണമെന്നും ആറ്റിങ്ങലിനു പകരം വാമനപുരവുമാണ് ആർഎസ്‌പി ചോദിച്ചത്. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയില്ല. കൂടുതൽ ചർച്ചകൾ നടക്കും. വാമനപുരത്ത് നിരവധി കോൺഗ്രസ് നേതാക്കൾ സീറ്റ് പ്രതീക്ഷിച്ച് പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് വാമനപുരത്തിൽ കോൺഗ്രസിന് തീരുമാനം എടുക്കാൻ ആകില്ല. ആർ എസ് പിയെ എങ്ങനേയും അനുനയിപ്പിക്കാമെന്ന് കോൺഗ്രസിന് അറിയാം. എന്നാൽ കേരളാ കോൺഗ്രസ് വലിയൊരു പ്രശ്‌നമായി തുടരുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിജെ ജോസഫും കെ എം മാണിയും ഒരു കേരളാ കോൺഗ്രസിലായിരുന്നു. അന്ന് പിജെ ജോസഫ് വിഭാഗം മത്സരിച്ചത് നാലു സീറ്റിൽ മാത്രമായിരുന്നു. ഈ ജോസഫാണ് ഇപ്പോൾ 15 സീറ്റ് ചോദിക്കുന്നത്. ഇതോടെ കോട്ടയത്തെ മിക്ക സീറ്റിൽ മത്സരിക്കാൻ ആഗ്രഹിച്ച കോൺഗ്രസ് നേതാക്കൾ പ്രതിസന്ധിയിലായി. എന്നാൽ എട്ടു സീറ്റിൽ കൂടതൽ കോൺഗ്രസ് കൊടുക്കില്ല. കേരളാ കോൺഗ്രസിന്റെ അവകാശ വാദം യുഡിഎഫിൽ പ്രതിസന്ധിയാണ്.

എംഎൽഎ മോൻസ് ജോസഫും മുൻ എംപി ഫ്രാൻസിസ് ജോർജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നത് പിജെ ജോസഫിന് തന്നെ തലവേദനയാണ്. സീറ്റ് മോഹിച്ചെത്തിയ പതിനഞ്ചോളം പേർക്കായി സീറ്റ് ഒപ്പിച്ചു കൊടുക്കാനാണ് ജോസഫിന്റെ നെട്ടോട്ടം. തൊടുപുഴയിൽ ജോസഫും കോതമംഗലത്ത് ഫ്രാൻസിസ് ജോർജും കടുത്തുരുത്തിയിൽ മോൻസ് ജോസഫും കുട്ടനാട് ജേക്കബ് എബ്രഹാമും ഇരിങ്ങാലക്കുടയിൽ ഉണ്ണിയാടനും സീറ്റ് ഉറപ്പിക്കാം. ചങ്ങനാശേരി കിട്ടിയാൽ സാജൻ ഫ്രാൻസിസും. അതിന് അപ്പുറത്തേക്ക് ഒരു സീറ്റും കോൺഗ്രസ് നൽകാനിടയില്ല. അങ്ങനെ വന്നാൽ ജോണി നെല്ലൂർ, വിക്ടർ തോമസ്, പ്രിൻസ് ലൂക്കോസ്, ജോസഫ് എം പുതുശ്ശേരി, സജി മഞ്ഞക്കടമ്പൻ എന്നിവർക്കെല്ലാം നിരാശയാകും ഫലം. ഇതാണ് ജോസഫിനെ പ്രതിസന്ധിയിലാക്കുന്നത്.

പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കുവാൻ മോൻസ് ജോസഫ് എംഎൽഎ യുടെ യും മുൻ എം പി കെ ഫ്രാൻസിസ് ജോർജ്ജിന്റെയും നേതൃത്വത്തിൽ അധികാര വടംവലി രൂക്ഷമാണ്. ഈ തർക്കത്തിൽ ജോസഫും തീർത്തും നിരാശനാണെന്നാണ് ലഭിക്കുന്ന സൂചന. മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, വിക്ടർ ടി തോമസ്, വി ജെ ലാലി, വർഗീസ് മാമൻ,ഡി.കെ.ജോൺ , കുഞ്ഞു കോശി പോൾ, റോജസ് സെബാസ്റ്റ്യൻ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മാർ, പ്രിൻസ് ലൂക്കോസ്, രാകേഷ് ഇടപ്പുര എന്നിവർ ഒരു പക്ഷത്ത്.

മറു ചേരിയിൽ ജോയ് അബ്രഹാം,എം പി പോളി, വക്കച്ചൻ മറ്റത്തിൽ, സജി മഞ്ഞക്കടമ്പിൽ, സാജൻ ഫ്രാൻസിസ്, മൈക്കിൾ ജെയിംസ്, അജിത്ത് മുതിരമല, എബ്രഹാം കലമണ്ണിൽ, ഷീല സ്റ്റീഫൻ എന്നീ പ്രമുഖരും. എല്ലാവർക്കും എംഎൽഎയായി മത്സരിക്കാൻ സീറ്റ് വേണമെന്നതാണ് പ്രശ്‌നം. ഇതാണ് യുഡിഎഫിലേയും പ്രതിസന്ധിക്ക് കാരണം.