- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാന നിമിഷം തിരികെ വരാൻ സാധ്യത തിരഞ്ഞ് ശ്രേയംസ് കുമാറിന്റെ എൽജെഡി; കാപ്പനു രണ്ട് സീറ്റ് നൽകുന്നതിൽ എതിർപ്പ്; വിഷ്ണുവിന് പറ്റിയ സീറ്റ് കിട്ടാതെ വലഞ്ഞ് ഉമ്മൻ ചാണ്ടി; ലീഗിനും അല്ലറ ചില്ലറ വിഷയങ്ങൾ; അവസാന നിമിഷത്തെ പൊട്ടലും ചീറ്റലും യുഡിഎഫിൽ തുടരുന്നു
കൊല്ലം: ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് എംവി ശ്രേയംസ് കുമാറിന്റെ എൽജെഡിക്കാണ്. കഴിഞ്ഞ തവണ മത്സരിച്ച ഏഴ് സീറ്റിലും അവർ തോറ്റു. പക്ഷേ അപ്പോഴും മലബാറിൽ ആ പാർട്ടിക്ക് ശക്തിയും കരുത്തുമുണ്ട്. ഏഴ് സീറ്റിൽ അഞ്ചെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് എൽജെഡി യുഡിഎഫിൽ എത്തിയത്. എന്നാൽ കിട്ടിയത് മൂന്ന് സീറ്റ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്ത് കടുത്ത നിരാശയിലാണ് എൽജെഡി. ഇവർ യുഡിഎഫിൽ തിരികെ വരാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫിലെ സീറ്റ് വിഭജനം പ്രതിസന്ധിയിലുമാണ്.
മൂന്ന് സീറ്റിൽ ഒതുങ്ങേണ്ടി വന്നതിൽ പരസ്യമായി പ്രതിഷേധിച്ച എൽജെഡി തുടർതീരുമാനങ്ങളെടുക്കാൻ നാളെ കോഴിക്കോട്ട് യോഗം ചേരും. സംസ്ഥാന കമ്മിറ്റിയും വൈകിട്ട് പാർലമെന്ററി ബോർഡും വിളിച്ചു. ജനതാദൾ എസിന് 4 സീറ്റ് കൊടുത്തത് എൽജെഡിയുടെ പ്രതിഷേധം ഇരട്ടിപ്പിച്ചിട്ടുണ്ട്. എന്നാൽ, നേരത്തെ രാജ്യസഭാ സീറ്റു കൊടുത്ത എൽജെഡിക്ക് നിയമസഭയിലേക്കു തങ്ങളുടെ 3 സിറ്റിങ് സീറ്റുകളാണ് നൽകിയിരിക്കുന്നതെന്നു സിപിഎം ചൂണ്ടിക്കാട്ടുന്നു. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലൊന്നിൽ പോലും എൽജെഡിക്ക് സീറ്റില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ 7 സീറ്റ് കിട്ടിയ പാർട്ടിക്കാണ് ഇപ്പോൾ 3 കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നത്. സിപിഎം കാട്ടിയത് അനീതിയാണെന്നും ചിറ്റൂരിൽ മാത്രം സ്വാധീനമുള്ള ജനതാദൾ എസിന് 4 സീറ്റ് കൊടുത്തതെന്നും എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി.ഹാരീസ് കുറ്റപ്പെടുത്തി. ഈ രാഷ്ട്രീയ സാഹചര്യത്തെ പ്രതീക്ഷയോടെ യുഡിഎഫ് നോക്കി കാണുന്നുണ്ട്. എൽജെഡി യുഡിഎഫിലെത്തിയാൽ അവരെ സ്വീകരിക്കാൻ തന്നെയാകും കോൺഗ്രസ് തീരുമാനം. എന്നാൽ വടകര പോലുള്ളിടത്ത് അതും പ്രശ്‌നമായി മാറും.
മാണി സി കാപ്പൻ യുഡിഎഫിൽ ചോദിക്കുന്നത് മൂന്ന് സീറ്റാണ്. എന്നാൽ പാല മാത്രമേ നൽകാൻ സാധ്യതയുള്ളൂ. ഇതും പ്രശ്‌നമായി മാറും. കോഴിക്കോട് എലത്തൂർ സീറ്റ് ഘടകകക്ഷികൾക്കു നൽകാതെ കോൺഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 8 മണ്ഡലം പ്രസിഡന്റുമാർ ഒപ്പിട്ട കത്ത് കെപിസിസിക്ക് അയച്ചു. മാണി സി.കാപ്പന്റെ എൻസികെയ്ക്കു എലത്തൂർ നൽകുമെന്ന് അതുകൊണ്ടു തന്നെ ഉറപ്പിക്കാൻ കഴിയുന്നില്ല. മുസ്ലിം ലീഗിലും ചില പ്രശ്‌നമുണ്ട്. കോൺഗ്രസിൽ പല പ്രമുഖർക്കും ജയസാധ്യതയുള്ള സീറ്റ് കണ്ടെത്തുന്നതും വെല്ലുവിളി. പിസി വിഷ്ണുനാഥിന് കൊല്ലം സീറ്റ് ഉറപ്പിക്കാൻ കഴിയുന്നുമില്ല. ഇതെല്ലാം കോൺഗ്രസിലും പ്രശ്‌നമാകുന്നു.
കൊടുവള്ളിയിൽ എം.കെ.മുനീർ സ്ഥാനാർത്ഥിയാവുന്നതിനെതിരെ ലീഗ് പ്രാദേശിക നേതൃത്വത്തിൽ അഭിപ്രായഭിന്നതയുണ്ട്. മണ്ഡലത്തിലെ സ്ഥാനാർത്ഥി മത്സരിച്ചാലേ ജയിക്കൂ എന്ന് മണ്ഡലം ഭാരവാഹികൾ മുനീറും കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ തവണ കൊടുവള്ളിയിൽ ലീഗ് വിട്ട കാരാട്ട് റസാഖ് ഇടതു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചതാണ്. അതിനിടെ, മുനീർ കോഴിക്കോട് സൗത്ത് മണ്ഡലം വിട്ടുപോവരുതെന്ന് ആവശ്യപ്പെട്ട് ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. കൊല്ലം മണ്ഡലത്തിൽ എഐസിസി അഖിലേന്ത്യാ സെക്രട്ടറി പി.സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വിഷ്ണുനാഥ് ഇവിടെ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെയാണിത്.
ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കേരള കോൺഗ്രസിൽ (ജോസഫ്) പ്രതിഷേധം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനു സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കൾ നേതൃത്വത്തെ സമീപിച്ചു.
മറുനാടന് മലയാളി ബ്യൂറോ