- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ ജോസ് വിഭാഗം ജനഹിതത്തെ പരിഹസിക്കുന്നു: യു ഡി എഫ്
പാലാ: പാലായിലെ യു ഡി എഫ് വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി വിലയിരുത്തി. ജനവിധിയെപോലും പരിഹസിക്കുകയാണ് ജോസ് വിഭാഗം. ജനവിധി അംഗീകരിക്കാൻ കൂട്ടാക്കാത്തതാണ് വോട്ടുകച്ചവട ആരോപണത്തിന് പിന്നിൽ. പാലായിലെ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് എതിരായിരുന്നു ജനവികാരം. ജനാധിപത്യത്തിൽ ജനവികാരം ഉൾക്കൊള്ളുകയാണ് മാന്യതയെന്നും കമ്മിറ്റി പറഞ്ഞു.
ഏറ്റുമാനൂരിൽ 27,540തിൽ നിന്നും 13,746 ഉം പൂഞ്ഞാറിൽ 19966 ൽ നിന്നും 2965 ഉം ചങ്ങനാശ്ശേരിയിൽ 21,455 ൽ നിന്നും 14, 491 ആയി ബിജെപി വോട്ടു വിഹിതത്തിൽ കുറവ് വന്നിട്ടുണ്ട്. അത് വോട്ടുകച്ചവടത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണം. മറ്റു മണ്ഡലങ്ങളിൽ വോട്ടുകച്ചവടം നടത്തിയിട്ട് പാർട്ടി അധ്യക്ഷന്റെ മണ്ഡലത്തിൽ വോട്ടുകച്ചവടം നടത്തിയിട്ടില്ലെന്നു പറഞ്ഞാൽ വിശ്വാസയോഗ്യമല്ല. ബിജെപി ഭരിക്കുന്ന മുത്തോലിയിൽ മാത്രമാണ് ജോസ് കെ മാണിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്. ജോസ് വിഭാഗം മത്സരിച്ചു വിജയിച്ച മണ്ഡലങ്ങളിൽ ബിജെപി ക്കു വോട്ടു കുറഞ്ഞതും മുത്തോലിയിൽ മാത്രം ജോസ് കെ മാണി ഭൂരിപക്ഷം നേടിയതും ചേർത്തുവായിച്ചാൽ ചിത്രം വ്യക്തമാകും.
പാലായുടെ വികസനം തടസ്സപ്പെടുത്തുന്നത് ആരാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. എം പി സ്ഥാനങ്ങൾ വലിച്ചെറിഞ്ഞു സ്വന്തം താത്പര്യ സംരക്ഷണത്തിനായി രംഗത്തിറങ്ങിയത് പാലാക്കാരിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനെ വിജയിപ്പിച്ച പാലാക്കാർക്കു യു ഡി എഫ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ജനവികാരം ഉൾകൊണ്ട് യു ഡി എഫ് പ്രവർത്തിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.
പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. മുൻ എം പി ജോയി എബ്രാഹം, യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോസ്‌മോൻ മുണ്ടയ്ക്കൽ, ജോർജ് പുളിങ്കാട്, അനസ് കണ്ടത്തിൽ, ആർ പ്രേംജി, ജോയി സ്‌കറിയ, അഡ്വ ബിജു പുന്നത്താനം, മൈക്കിൾ പുല്ലുമാക്കൽ, കുര്യാക്കോസ് പടവൻ, സി ടി രാജൻ, ആർ സജീവ്, ജോസ് പാറേക്കാട്ട്, രാജൻ കൊല്ലംപറമ്പിൽ, എ കെ ചന്ദ്രമോഹൻ, തോമസ് ഉഴുന്നാലിൽ, ബിജോയി എബ്രാഹം, തോമസ് ആർ വി ജോസ്, ജോഷി പുതുമന, എം പി കൃഷ്ണൻനായർ, മോളി പീറ്റർ, മത്തച്ചൻ പുതിയിടത്തുചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജനവികാരം എതിരായതിനെ പ്രതിരോധിക്കാനാണ് ആരോപണം: മാണി സി കാപ്പൻ
പാലാ: ജനവികാരം എതിരായതിനെ പ്രതിരോധിക്കാനാണ് വോട്ടുകച്ചവടമെന്ന ആരോപണവുമായി തോറ്റ സ്ഥാനാർത്ഥി രംഗത്തു വന്നതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇത് പാലാക്കാർ തള്ളിക്കളയും. എൽ ഡി എഫ് സ്ഥാനാർത്ഥിയാണ് വോട്ടുകച്ചവടം നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാമപുരത്തും കടനാട്ടിലും പണം നൽകി വോട്ടുപിടിക്കാൻ ശ്രമിച്ചവർ തന്നെയാണ് പരാജയത്തിലെ ജാജ്യത മറയ്ക്കാൻ വ്യാജ ആരോപണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
പാലായിൽ ജനവികാരം എൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് എതിരായിരുന്നു. ജയിച്ച സീറ്റ് തോറ്റ കക്ഷിക്ക് നൽകിയത് അനീതിയാണെന്ന് പാലാക്കാർ കരുതുന്നു. എം പി സ്ഥാനങ്ങൾ രാജിവച്ചതിനെ വിമർശിക്കുന്നത് വ്യക്തിഹത്യ ആണെന്നാണ് ആരോപണം. വസ്തുനിഷ്ഠമായ വിമർശനം ജനാധിപത്യത്തിൽ അനിവാര്യമാണ്. ഇക്കാര്യം ഇനിയും ആവർത്തിക്കും. പണാധിപത്യത്തിന്മേൽ ജനാധിപത്യത്തിന്റെ വിജയം കൂടിയാണ് പാലായിൽ സംഭവിച്ചത്. പാലാക്കാർ പ്രബുദ്ധരാണ്. എല്ലാ വിഭാഗം ആളുകളും പിന്തുണ നൽകി. 16 മാസക്കാലത്തെ പ്രവർത്തനത്തിലൂടെ ജന വിശ്വാസം ആർജ്ജിക്കാൻ കഴിഞ്ഞു. പാലായുടെ വികസനത്തിനായി പ്രവർത്തിക്കാൻ ജനങ്ങൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. അത് ഭംഗിയായി നിർവ്വഹിക്കുമെന്നും കാപ്പൻ വ്യക്തമാക്കി.