തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയിൽ എൽഡിഎഫുമായി സംയുക്ത സമരമെന്ന നിർദ്ദേശം യുഡിഎഫിനെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചു. ഇടുതുപക്ഷവുമായി ഒരുമിച്ച് ത്തിനില്ലെന്ന കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ യുഡിഎഫ് യോഗത്തിൽ മുസ്!ലിം ലീഗ് പൊട്ടിത്തെറിച്ചു. നിങ്ങൾ ഓരോ സമയത്ത് ഓരോന്നു പറയുന്നതിന്റെ വാലിൽ തൂങ്ങാൻ ഞങ്ങൾ നിൽക്കണോ എന്നു പി.കെ. കുഞ്ഞാലിക്കുട്ടി ആഞ്ഞടിച്ചു. സിപിഎമ്മിന്റെ വാലിൽ തൂങ്ങി സമരം ചെയ്യാൻ കോൺഗ്രസിനെ കിട്ടില്ലെന്ന് എം.എം.ഹസനും തിരിച്ചടിച്ചു.

കെപിസിസി അധ്യക്ഷൻ വി എം സുധീരൻ സമരത്തിന് എതിരാണ്. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇക്കാര്യത്തിൽ ലീഗ് നിലപാടിനൊപ്പവും. കോൺഗ്രസിൽ ഏകാഭിപ്രായം ഇല്ലാത്തതാണ് ലീഗിനെ ചൊടി്പ്പിക്കുന്നത്. എന്നാൽ ഇടതുപക്ഷവുമായി കൈകോർക്കുന്നത് കോൺഗ്രസിന് രാഷ്ട്രീയ നഷ്ടമാകുമെന്ന് സുധീരൻ കരുതുന്നു. അതൊകൊണ്ട് തന്നെ യുഡിഎഫ് യോഗത്തിൽ സിപിഎമ്മുമായി ചേർന്നുള്ള സമരം ആത്മഹത്യാപരമാണെന്നു സുധീരനും ഹസനും അഭിപ്രായപ്പെട്ടപ്പോൾ, ആ രാഷ്ട്രീയ വേർതിരിവിനുള്ള സമയമല്ല ഇതെന്നു കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. കുഞ്ഞാലിക്കുട്ടിയും ഹസനും ഒന്നിലേറെ തവണ വാക്ക് കൊണ്ട് ഏറ്റുമുട്ടി. യോഗത്തിന് ശേഷവും ഭിന്നത മറനീക്കി പുറത്തുവന്നു. എന്നാൽ അതിനപ്പുറമുള്ള തർക്കമാണ് യുഡിഎഫിനുള്ളിൽ നടന്നത്.

കഴിഞ്ഞ യുഡിഎഫ് യോഗതീരുമാനങ്ങളും തുടർനടപടികളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആമുഖമായി വിവരിച്ചു. യോജിച്ച സമരത്തിനുള്ള തീരുമാനം കഴിഞ്ഞ യോഗത്തിലുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയെ കണ്ടപ്പോൾ സർക്കാർ അതിനു സന്നദ്ധമാണെന്ന സൂചന നൽകി. അത് ആലോചിക്കാമെന്നു പ്രതികരിച്ചു. ഇനി കൂട്ടായി ആലോചിക്കാമെന്നു രമേശ് പറഞ്ഞതോടെ ഹസൻ എതിർപ്പ് പ്രകടമാക്കി. രാപകൽ സമരം എൽഡിഎഫ് പ്രഖ്യാപിച്ചുകഴിഞ്ഞിട്ട് യുഡിഎഫ് അക്കൂട്ടത്തിൽ പോയിരിക്കണമോ? പ്രശ്‌നത്തിൽ ഒന്നിക്കുന്നതും ഒരുമിച്ചു സമരവും രണ്ടാണെന്ന് ഹസൻ വിശദീകരിച്ചു

ഇതോടെ ''ഞങ്ങളുടെ തീരുമാനത്തിനു കടലാസിന്റെ പോലും വിലയില്ലേ'' എന്ന ചോദ്യവുമായി ഇതോടെ കുഞ്ഞാലിക്കുട്ടി എഴുന്നേറ്റു. ജനങ്ങളെ ആകെ ബാധിച്ച പ്രശ്‌നമാണ്. എല്ലായിടത്തും ബിജെപിക്കെതിരെ ഏവരും ഒന്നിക്കുന്നു. ഒന്നിച്ചുനീങ്ങാനാണു ലീഗ് തീരുമാനം. ഞങ്ങളും ഒരു പാർട്ടിയാണ്. ഞങ്ങൾക്കും തീരുമാനങ്ങളെടുക്കേണ്ടിവരും. പിന്നോട്ടു പോകുന്ന പ്രശ്‌നമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അതു പരസ്യമാക്കി വഷളാക്കണോയെന്നും അദ്ദേഹം ചോദിച്ചു. സുധീരൻ വിയോജിപ്പു പറഞ്ഞപ്പോൾ കെ.പി.എ. മജീദും പരസ്യമായി പ്രതികരിച്ചല്ലോ എന്നു ഹസൻ ചോദിച്ചു. അതിനുള്ള സാഹചര്യം ഉണ്ടാക്കിയതാണെന്നു മജീദും തിരിച്ചടിച്ചു.

മോദിക്കെതിരെ ശക്തമായ നിലപാട് യുഡിഎഫ് എടുക്കണം എന്നതിൽ തർക്കമില്ലെന്നു സുധീരൻ പറഞ്ഞു. പക്ഷേ ബിജെപിയുടെ അതേ ശൈലി പുലർത്തുന്ന സിപിഎമ്മിനൊപ്പം ചേർന്നുള്ള സമരത്തിനു പ്രസക്തിയില്ല. ബിജെപിയെ തുറന്നുകാണിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് തീരുമാനിക്കുക, ശേഷം കോൺഗ്രസിലുള്ളവർ തന്നെ അതേക്കുറിച്ചു വെവ്വേറെ അഭിപ്രായം പറയുക. ഇങ്ങനെയാണോ വേണ്ടതെന്നു കുഞ്ഞാലിക്കുട്ടി വീണ്ടും ക്ഷുഭിതനായി. ആർഎസ്‌പി, ജോണി നെല്ലൂർ, സി.പി. ജോൺ എന്നിവരും കൂട്ടായ സമരത്തിനായി വാദിച്ചു.

സംയുക്തസമരം എന്ന പ്രഖ്യാപനം സാധ്യമല്ല എന്നു സുധീരൻ വ്യക്തമാക്കി. സർവകക്ഷി സംഘം ഡൽഹിയിൽ പോയി വന്നശേഷം ആവശ്യമെങ്കിൽ യോജിച്ച സമരം എന്നു രമേശ് നിർദേശിച്ചു. അതു പൂർണമായും തള്ളിയില്ലെങ്കിലും 'യോജിച്ച സമരം' എന്ന വാക്ക് വേണ്ടെന്ന നിലപാടിൽ സുധീരൻ ഉറച്ചു നിന്നു. പൊതുവികാരം കൂടി കണക്കിലെടുക്കണം എന്നായി രമേശ്. 'കേരളം ഒറ്റക്കെട്ടായി നീങ്ങും' എന്നു പറയാൻ ഒടുവിൽ ധാരണയായി. അടുത്ത യുഡിഎഫ് യോഗത്തിനു മുൻപു കോൺഗ്രസ് പ്രത്യേക യോഗം ചേർന്നു പാർട്ടിയുടെ അഭിപ്രായം തീരുമാനിക്കുമെന്നും സുധീരൻ പറഞ്ഞു.