- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ പോയി ചരടു വലിച്ചിട്ടും ആരുടേയും പിന്തുണ കിട്ടാതെ ഒറ്റപ്പെട്ട് കെവി തോമസ്; മുൻതൂക്കം മുരളീധരന് തന്നെ; തിരുവഞ്ചൂരിന് വേണ്ടി കച്ചമുറുക്കി ഉമ്മൻ ചാണ്ടി; മൗനം പാലിച്ച് ചെന്നിത്തല; യുഡിഎഫ് കൺവീനറാകാൻ കളത്തിൽ മുരളീധരനൊപ്പം തിരുവഞ്ചൂർ മാത്രം
തിരുവനന്തപുരം: കോൺഗ്രസിൽ കെവി തോമസിന് വീണ്ടും ഒറ്റപ്പെടൽ. യുഡിഎഫ് കൺവീനറാകാനുള്ള തോമസിന്റെ മോഹം നടക്കില്ല. കെ മുരളീധരനാണ് നല്ലതെന്ന ചിന്ത രാഹുൽ ഗാന്ധിക്കുള്ളതാണ് ഇതിന് കാരണം. മുരളീധരൻ സ്ഥാനം ഏറ്റെടുത്തിലെങ്കിൽ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. അങ്ങനെ വന്നാൽ പോലും അതിൽ ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ പറയുന്ന ആൾക്ക് മുൻതൂക്കം കിട്ടും. തിരുവഞ്ചൂർ രാധാകൃഷ്ണനെ യുഡിഎഫ് കൺവീനറാക്കണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ചെന്നിത്തലയ്ക്ക് പ്രത്യേകിച്ച് അഭിപ്രായമില്ല. അതുകൊണ്ടു തന്നെ മുരളീധരനോ തിരുവഞ്ചൂരോ കൺവീനറാകാനാണ് സാധ്യത.
യുഡിഎഫ് കൺവീനറുടെ കാര്യത്തിൽ കാലതാമസമില്ലാതെ തീരുമാനമെടുക്കാൻ കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവറിന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി താരിഖ് ഇന്നലെ രാത്രി കേരളത്തിലെത്തി. മുരളീധരനോടാണ് താൽപ്പര്യമെന്ന സൂചന ഹൈക്കമാണ്ട് നേതാക്കൾക്ക് നൽകി കഴിഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മുരളീധരനോടാണ് താൽപ്പര്യം. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, എ ഐ ഗ്രൂപ്പ് നേതാക്കൾ, എംപിമാർ, എംഎൽഎമാർ, ഘടകകക്ഷി നേതാക്കൾ എന്നിവരുമായി ചർച്ച നടത്തി, കൺവീനറുടെ കാര്യത്തിൽ ഏകാഭിപ്രായമുണ്ടാക്കുകയാണു ലക്ഷ്യം.
കെ.മുരളീധരൻ, കെ.വി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ ഹൈക്കമാൻഡിന്റെ മുന്നിലെത്തിയിട്ടുണ്ട്. ചർച്ച പുരോഗമിക്കുമ്പോൾ കൂടുതൽ പേരുകൾ ഉയർന്നു വന്നേക്കാം. തോമസിന് കേരളത്തിൽ നേതാക്കളുടെ പിന്തുണയില്ല. ഈ സാഹചര്യത്തിൽ ചർച്ചകളിൽ ഏതെല്ലാം പേരുയരുമെന്നതും നിർണ്ണായകമാണ്. ഹൈക്കമാണ്ട് മനസ്സ് തിരിച്ചറിയാവുന്നതിനാൽ കൂടുതൽ പേരും മുരളീധരന്റെ പേരു പറയുമെന്നാണ് പ്രതീക്ഷയും വിലയിരുത്തലും. ഇതിൽ കെവി തോമസ് ആകെ നിരാശനാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇക്കാര്യം കെവി തോമസ് അറിയിച്ചിട്ടുണ്ട്.
ഗ്രൂപ്പ് സമവാക്യങ്ങൾക്കും സമുദായ സമവാക്യങ്ങൾക്കും അപ്പുറം കെ മുരളീധരനെ യുഡിഎഫ് കൺവീനറാക്കാൻ കോൺഗ്രസ് ഹൈക്കമാണ്ടിൽ സമ്മർദ്ദം ശക്തമാണ്. കെ സുധാകരനാണ് കെപിസിസി അധ്യക്ഷൻ. വിഡി സതീശൻ പ്രതിപക്ഷ നേതാവും. അതുകൊണ്ട് തന്നെ മുരളീധരനെ യിഡിഎഫ് കൺവീനറാക്കരുതെന്നാണ് അട്ടിമറിക്കാരുടെ ആവശ്യം. മറ്റൊരു മത വിഭാഗത്തിൽ നിന്നും യുഡിഎഫ് കൺവീനർ എത്തണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ ജനങ്ങളിൽ സ്വാധീനമുണ്ടാക്കാൻ കഴിയുന്നവരെ നേതൃത്വസ്ഥാനത്ത് എത്തിക്കണമെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി തോമസിന് വ്യക്തിപരമായ അടുപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് തോമസ് ഡൽഹിയിൽ എത്തിയത്. നേരത്തെ സോണിയയുടെ നിർദ്ദേശ പ്രകാരമാണ് വിമത നീക്കങ്ങൾ അവസാനിപ്പിച്ച് തോമസ് കോൺഗ്രസുമായി സഹകരിച്ചത്. ഇതിന് പകരമായി തോമസിനെ വർക്കിങ് പ്രസിഡന്റുമാക്കി. എന്നാൽ സുധാകരൻ കെപിസിസി അധ്യക്ഷനായപ്പോൾ ആ പദവി തോമസിന് നഷ്ടമായി.
ഹൈക്കമാൻഡ് യുഡിഎഫ് കൺവീനറിനെ കണ്ടെത്താൻ കേരളത്തിൽ രഹസ്യ സർവേ നടത്തിയിരുന്നു. ഇതിനനുസരിച്ചാണ് ഇപ്പോഴത്തെ മാറ്റങ്ങളും വന്നിരിക്കുന്നത്. രഹസ്യ സർവേയിലും മുരളീധരന് വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചത്. ഇതിൽ കെവി തോമസ് കടുത്ത അതൃപ്തിയിലാണ്. തന്നെ ഹൈക്കമാൻഡ് അപമാനിച്ചുവെന്ന തോന്നലിലാണ് അദ്ദേഹം. കൺവീനർ സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നത് പിടി തോമസിനെയായിരുന്നു. അദ്ദേഹത്തെ നേരത്തെ വർക്കിങ് പ്രസിഡന്റായി നിയമിച്ചത് മുരളീധരന് വേണ്ടിയായിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പിജെ കുര്യൻ, കെവി തോമസ്, കെസി ജോസഫ്, എന്നിവരെ രാഹുൽ ഗാന്ധിക്ക് ഒട്ടും താൽപ്പര്യമില്ലെന്നും റിപ്പോർട്ടുണ്ട്.
ഗ്രൂപ്പ് കളിയാണ് കോൺഗ്രസിനെ തകർത്തതെന്നാണ് രാഹുലിന്റെ വിലയിരുത്തൽ. മുരളീധരൻ വരുന്നതോടെ പൂർണമായും പുതിയൊരു നേതൃത്വം വരും. മുരളീധരൻ പക്ഷേ കൺവീനർ പദവിയിലേക്ക് വരാൻ താൽപര്യപ്പെടുന്നില്ല. ഒരു പദവിയിലേക്കും തന്നെ പരിഗണിക്കരുതെന്നാണ് ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. നേതൃ സ്ഥാനത്തിരിക്കുന്നവർക്ക് പൂർണ പിന്തുണ നൽകുമെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ ഹൈക്കമാണ്ട് നിർബന്ധം പിടിച്ചാൽ മുരളീധരൻ പദവി ഏറ്റെടുക്കും. യുഡിഎഫ് കൺവീനറുടെ ചർച്ചകളിൽ ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ പാർട്ടിയിലെ മുതിർന്ന എംഎൽഎ എന്ന നിലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് പ്രത്യേക പരിഗണന ഉണ്ടാകാൻ സാധ്യതയുണ്ട്.
സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തനായിരുന്നു കെവി തോമസ്. രണ്ടാം യുപിഎയിൽ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാൻ സോണിയാ ഗാന്ധി കണ്ടെത്തിയ പൊതുവിതരണ മന്ത്രി. കുമ്പളങ്ങിയിലെ തിരുത മീനിന്റെ രുചി ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ എത്തിച്ചതും കെ വി തോമസാണ്. നേരത്തെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയയായിരുന്നപ്പോൾ കെവി തോമസിന് വച്ചടിവച്ചടി കയറ്റമായിരുന്നു. എല്ലാ രാഷ്ട്രീയക്കാരുമായി സൗഹൃദം പാലിക്കുന്ന തോമസ് ഹൈക്കമാണ്ടിലെ വിശ്വാസം കാരണം കേരളത്തിൽ ഗ്രൂപ്പ് കളി മറന്നു. സോണിയയുടെ അടുത്ത് മുൻകൂർ അനുമതി എടുക്കാതെ കടുന്നു ചെല്ലാനും തോമസിന് കഴിയുമായിരുന്നു. എന്നാൽ അധികാരം രാഹുൽ ഗാന്ധിക്ക് കിട്ടയപ്പോൾ എല്ലാം തോമസിന് നഷ്ടമായി.
റോമിലെ ബന്ധവും സോണിയയുമായി അടുപ്പം സ്ഥാപിക്കാൻ കരുത്തായി മാറി. കെവി തോമസിന്റെ അടുത്ത ബന്ധു കന്യാസ്ത്രീയാണ്. ഇവർ റോമിലാണ് പ്രവർത്തിക്കുന്നത്. നേഴ്സായ ഈ ബന്ധുവാണ് സോണിയയുടെ അമ്മയെ പരിചരിച്ചിരുന്നത്. അമ്മയെ കെവി തോമസിന്റെ ബന്ധു നന്നായി പരിചരിക്കുന്നുവെന്ന അഭിപ്രായം സോണിയയ്ക്കുണ്ടായിരുന്നു. ഇതും തോമസിന്റെ വളർച്ചയ്ക്ക് കാരണമായെന്നാണ് സംസ്ഥാന കോൺഗ്രസിലെ വലിയൊരു വിഭാഗം കരുതുന്നത്. എന്നാൽ കോൺഗ്രസിലെ അധികാരം രാഹുലിലേക്ക് എത്തിയപ്പോൾ കഥമാറി. തോമസിന്റെ പ്രസക്തിയും നഷ്ടമാകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ