കോഴിക്കോട്: ഒടുവിൽ യൂത്ത് ലീഗിന്റെ സമരം യു.ഡി.എഫ് ഏറ്റെടുത്തു. ബന്ധു നിയമനത്തിന്റെ പേരിൽ മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് ലീഗ് തുടങ്ങി വെച്ച സമരമാണ് യു.ഡി.എഫ്.ശക്തമായി ഏറ്റെടുക്കാൻ തീരുമാനിച്ചത്.അതിന്റെ ആദ്യ ഘട്ടമായി കെ.ടി.ജലീലിനെ ബഹിഷ്‌കരിക്കാനാണ് യു.ഡി.എഫ്.തീരുമാനം.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് തൊടുത്തു വിട്ട അസ്ത്രമാണ് ഒടുവിൽ യു.ഡി.എഫ് നേത്യത്വം ഏറ്റെടുക്കാൻ തീരുമാനിച്ചത്. കെ.ടി.ജലീലിനെതിരെയുള്ള സമരം ഇത്ര ശക്തമായി തുടരേണ്ടതില്ലെന്ന അഭിപ്രായമായിരുന്നു മുസ്ലിം ലീഗിൽ പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കൾക്കുണ്ടായിരുന്നത്. എന്നാൽ തന്റെ സ്വന്തം ആളായ പി.കെ.ഫിറോസ് തുടങ്ങി വെച്ച സമരത്തിന് പിന്തുണ നൽകേണ്ടതും കുഞ്ഞാലിക്കുട്ടിക്ക് അനിവാര്യമായിരുന്നു. അതിന്റെ ആശയക്കുഴപ്പത്തിനിടയിലാണ് യൂത്ത് ലീഗ് തുടങ്ങി വെച്ച സമരം യു.ഡി.എഫ് ശക്തമായി തന്നെ ഏറ്റെടുക്കണമെന്ന നിർദ്ദേശം ലീഗ് മുമ്പോട്ട് വെച്ചത്. കെപിസിസി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളും പൂർണമായി യൂത്ത് ലീഗിന്റെ സമര വീര്യത്തിന് പിന്തുണ നൽകണമെന്ന ആശയക്കാരായിരുന്നു.

കെ.എം.ഷാജിയെ പോലുള്ള യുവതുർക്കികളാകട്ടെ കെ.ടി.ജലീനെതിരെ കിട്ടാവുന്ന എല്ലാ സമര മാർഗങ്ങളും സ്വീകരിക്കണമെന്ന പക്ഷക്കാരായിരുന്നു. തന്റെ നിയമസഭാ സാമാജികത്വത്തിന് കോടതി വിലക്കേർപ്പെടുത്തിയ ഘട്ടത്തിൽ പോലും ജലീലിനെതിരെ പട നയിക്കാൻ കെ.എം.ഷാജി മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ജലീലിനെ പോലെ ലീഗിൽ നിന്നും പുറത്ത് പോയ നേതാക്കളോട് മ്യദു സമീപനം സ്വീകരിക്കുന്നത് ലീഗിന്റെ അടിത്തറ തന്നെ തകർക്കുന്നതിന് തുല്യമെന്ന സമീപനമായിരുന്നു ഇത്തരം നേതാക്കൾ പുലർത്തിയത്.

വി എസ്.അച്ചുതാനന്ദൻ മുഖ്യമന്ത്രിയായ ഘട്ടത്തിൽ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിനെതിരെ യു.ഡി.എഫ്.ബഹിഷ്‌കരണ സമരവുമായി രംഗത്തെത്തിയിരുന്നു. മെർക്കിസ്റ്റൻ ഭൂമി ഇടപാടിൽ ആരോപണ വിധേയമായതിന്റെ പേരിലായിരുന്നു യു.ഡി.എഫിന്റെ ബഹിഷ്‌കരണ സമരം. അഴിമതിയുടെ കരപുരളാത്ത ബിനോയ് വിശ്വത്തിനെതിരെ നടത്തിയ സമരം പോലും സിപിഐ.ക്കും എൽ.ഡി.എഫിനും കനത്ത ക്ഷീണമായിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ യു.ഡി.എഫ്.കെ.ടി.ജലീലിനെ ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം നടത്തുന്നത്. ജലീലിന്റെ ബന്ധു രാജിവെച്ചതോടെ അഴിമതിയും സ്വജനപക്ഷപാതവും വ്യക്തമായതായി യു.ഡി.എഫ് കരുതുന്നു. നിയമസഭയിലും ജലീൽ വിഷയത്തിൽ ശക്തമായ സമരം യു.ഡി.എഫ്.തുടരും.

യു.ഡി.എഫ്.തലത്തിൽ ശക്തമായ സമരം തുടരുമ്പോഴും അടങ്ങിയിരിക്കാൻ യൂത്ത് ലീഗ് ഒരുക്കമല്ല. കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന യുവജന പ്രസ്ഥാനമെന്നത് യൂത്ത് ലീഗായി മാറ്റാൻ പാണക്കാട് മുനവ്വറലി തങ്ങളുടെയും പി.കെ.ഫിറോസിന്റെയും നജീബ് കാന്തപുരത്തിന്റെയും എം.എ.സമദിന്റെയും വി.വി.മുഹമ്മദലിയുടെയും നേത്യത്വത്തിലുള്ള യൂത്ത് ലീഗ് പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ യൂത്ത് ലീഗ് ഇതോടൊപ്പം വ്യത്യസ്ത സമര രീതികൾ ആലോചിക്കുന്നുണ്ട്.പഞ്ചായത്ത് തലത്തിൽ പ്രതിഷേധ സംഗമങ്ങൾ, കുറ്റവിചാരണ, ജനകീയ വിചാരണ, കോലം കത്തിക്കൽ തുടങ്ങിയ വിവിധ സമര പരിപാടികളും ആലോചിക്കുന്നുണ്ട്. യൂത്ത് ലീഗിന്റെ യുവജന യാത്രക്ക് പിന്നാലെ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.