ലണ്ടൻ: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളാ പ്രദേശ് കോൺഗ്രസ്സ് (കെപിസിസി) കമ്മറ്റിയുടെ പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് (ഒഐസിസി, യുകെ) നേതൃത്വത്തിൽ യുഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും ഒന്നിച്ചുകൂട്ടി നടത്തിയ പ്രഥമ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൺഷൻ ചരിത്ര താളുകളിൽ ഇടം നേടി. 17-ാം തീയതി ഞായറാഴ്ച ലണ്ടനിലെ ഈസ്റ്റ്ഹാമിലെ ഉദയാ റെസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ നടന്ന യുഡിഎഫ് കൺവെൺഷൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ടെലിഫോണിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു. കഴിഞ്ഞ അഞ്ചുവർഷക്കാലം യുഡിഎഫ് ഗവൺമെന്റ് നടത്തിയ ജനോപകാരപ്രദമായ എല്ലാ വികസനത്തിന്റെയും ഉത്തരമായിരിക്കും കേരളത്തിലെ നല്ലവരായ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിലൂടെ യുഡിഎഫ് സർക്കാരിനെ പിൻതുണച്ച് തുടർഭരണം നടത്താൻ അനുവദിക്കുമെന്നും അറിയിച്ചു. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇനിയും വരേണ്ടത് കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണെന്നും പ്രവാസികൾ കേരളത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുകെയിലുള്ള എല്ലാ പ്രവാസി മലയാളികളും കേരളത്തിലുള്ള അവരവരുടെ എല്ലാ ബന്ധുക്കളേയും സുഹൃത്തുക്കളേയും ടെലിഫോണിലൂടെ വിളിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിക്കണമെന്നും അറിയിച്ചു. അതുപോലെ യുകെയിൽ നടന്ന പ്രഥമ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൺഷന് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേർന്നു. ഈ കൺവെൺഷനിൽ പങ്കെടുത്ത എല്ലാവരേയും അഭിനന്ദിക്കുകയും ചെയ്തു.

ഒഐസിസി യുകെ ഗ്ലോബൽ കമ്മറ്റിയംഗവും ജോയിന്റ് കൺവീനറുമായ ലക്‌സൺ ഫ്രാൻസിസ് കല്ലുമാടിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഒഐസിസി യുകെ നാഷണൽ കമ്മറ്റിയംഗം ഗിരിജൻ മാധവൻ സ്വാഗതപ്രസംഗം നടത്തി. ഈ കൺവെൺഷനിൽ യുഡിഎഫ് ഘടക കക്ഷികളായ യുകെ കെഎംസിസി ഭാരവാഹികൾ, ആർഎസ്‌പി ഭാരവാഹികൾ, പ്രവാസി കേരളാ കോൺഗ്രസ് ഭാരവാഹികൾ, കേരളാ കോൺഗ്രസ് ജേക്കബ്ബ് വിഭാഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യുകെയിലെ ചരിത്രത്തിൽ ആദ്യമായിട്ടാണ് യുഡിഎഫിന്റെ എല്ലാ ഘടക കക്ഷികളും ഒരു യോഗത്തിൽ പങ്കെടുത്തത് എന്നതു തന്നെ ഈ യോഗത്തിന്റ ഏറ്റവും വലിയ വിജയവും. ഇക്കാരണത്താൽ ഇത് ചരിത്ര പ്രാധാന്യം നേടുകയും ചെയ്തു.

ഈശ്വര പ്രാർത്ഥനയോടു കൂടി തുടങ്ങിയ കൺവെൺഷനിൽ കൊല്ലം പരവൂരിൽ നടന്ന വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്കും അവരുടെ കുടുംബാംങ്ങൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. കെഎംസിസി ്രടഷററും കേരളത്തിലെ അദ്ധ്യാപകനുമായ കരീം മാഷ് നടത്തിയ ആശംസാപ്രസംഗം ഈ യോഗത്തിൽ പങ്കെടുത്ത എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. യുഡിഎഫ് ഗവൺമെന്റിന് തുടർ ഭരണം ആവശ്യമാണെന്ന് മാഷ് ആവർത്തിച്ചു പറഞ്ഞു. അതുപോലെ ഈ തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടനിലെ ആദ്യകാല മലയാളികളിൽ ഒരുവനും ബിസിനസ്സ് കാരണം ആർഎസ്‌പി യുകെയുടെ മുതിർന്ന നേതാവുമായ മോഹൻ ചേട്ടൻ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. ഒഐസിസി യുകെ നാഷണൽ കമ്മിറ്റിയംഗവും അദ്ധ്യാപകനുമായ ഡോ. ജോഷി തെക്കേക്കുറ്റം, റീജൻ നേതാവും അരൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി അഡ്വ. സിആർ ജയപ്രകാശിന്റെ മകൻ ധനിക് പ്രകാശ് ആശംസകൾ നേർന്നു. അച്ഛനുവേണ്ടി യുകെയിലുള്ള എല്ലാ പ്രവാസി കുടുംബങ്ങളോടും വോട്ട് അഭ്യർത്ഥിച്ചു.

യുകെയിൽ നടന്ന പ്രഥമ യുഡിഎഫ് കൺവെൺഷന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആശംസകൾ നേർന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് ആശംസകൾ നേർന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എൻ സുബ്രഹ്മണ്യൻ, അജയ് മോഹൻ, കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റ് സികെ മേനോൻ, ജനറൽ സെക്രട്ടറിമാരായ ജോപ്പച്ചൻ തെക്കേക്കൂറ്റ് (നോൺ കേരളേറ്റ് വെൽഫെയർ ബോർഡ് ഡയറക്ടർ), ജനറൽ സെക്രട്ടറി ഷെറീഫ് കുഞ്ഞ് എന്നിവരും അരൂർ സ്ഥാനാർത്ഥി അഡ്വ. സിആർ ജയപ്രകാശ്, ധർമ്മടം സ്ഥാനാർത്ഥി മാമ്പറം ദിവാകരൻ, ഉദുമാ സ്ഥാനാർത്ഥി കെ സുധീരൻ, എൻകെ പ്രേമചന്ദ്രൻ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരും ആശംസകൾ അറിയിച്ചു.

വൈകിട്ട് നാലു മണിക്ക് തുടങ്ങിയ കൺവെൺഷൻ 8 മണിക്കാണ് അവസാനിച്ചത്. യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളും അവരവരുടെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കുവേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിലുള്ള എല്ലാവരേയും ടെലിഫോണിലൂടെയും സോഷ്യൽമീഡിയ വഴിയും സ്ഥാനാർത്ഥികൾക്കുവേണ്ടി ഇലക്ഷൻ ക്യാമ്പെയിൻ നടത്തുമെന്നും അറിയിച്ചു. ഒഐസിസി യുകെ ലണ്ടൻ റീജൻ പ്രസിഡന്റ് ടോണി ചെറിയാൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് യോഗം അവസാനിപ്പിച്ചു. യോഗത്തിനുശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചാണ് സന്തോഷത്തോടുകൂടി എല്ലാവരും മടങ്ങിയത്. സജിത് സെബാസ്റ്റ്യൻ, നാസർ (കെഎംയു ജോയിന്റ് സെക്രട്ടറി), സുബൈർ കാവൈ(കെഎംയു വൈസ് പ്രസിഡന്റ്), അഹമ്മദ് അരീക്കോട് (കെഎംയു മെമ്പർ), അബൂബക്കർ (കെഎംയു), ശശി ചേറായി, അനിൽ വർഗ്ഗീസ്, ബിജു ബ്ലാസിഡ്, ഷാജി ജോസഫ്, ഇർവിൻ പീറ്റർ, മാർട്ടിൻ, റോയി തോമസ്, സാം, ബിജു ഗോപിനാഥ്, ആന്റണി മാത്യു, ഷാജൻ ജോസഫ്, സുനിൽ രവീന്ദ്രൻ, തോമസ് കക്കാശ്ശേരി എന്നീ നേതാക്കളും ഈ യോഗത്തിൽ പങ്കെടുത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു. കേരളത്തിലുള്ള എല്ലാ മണ്ഡലങ്ങളിലും പ്രവർത്തിക്കാൻ ഈ യോഗത്തിൽ തീരുമാനമായി. അതുപോലെ തന്നെ യുകെയിലുള്ള മുഴുവൻ യുഡിഎഫ് അനുഭാവികളേയും പ്രവർത്തകരേയും കൂട്ടി വലിയൊരു യോഗം ഭാവിയിൽ നടത്താനും ഈ യോഗം തീരുമാനിച്ചു.

ഈ യോഗത്തിൽ എടുത്ത എല്ലാ തീരുമാനങ്ങളും കേരളത്തിലെ യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്നും അറിയിച്ചു. ഇങ്ങനെയൊരു യോഗം വിളിച്ചുകൂട്ടിയ ലെക്‌സൺ കല്ലുമാടിക്കലിന് ഈ യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളും അഭിനന്ദനം അറിയിച്ചു. വളരെ ചുരുങ്ങിയ സമയംകൊണ്ട് സംഘടിപ്പിച്ച യോഗം ഒരു വലിയ വിജയമാണെന്നും യോഗം വിലയിരുത്തി. വരുന്ന ദിവസങ്ങളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ ബർമ്മിങ്ഹാം, മാഞ്ചസ്റ്റർ, ലിവർപൂൾ, കാർഡിഫ്, ലസ്റ്റർ, നോർത്തേൺ അയർലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൺഷൻ നടത്തുമെന്നും ഈ യോഗത്തിന് നേതൃത്വം കൊടുത്ത ലെക്‌സൺ അറിയിച്ചു.