- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യവിമാനം ഡിസംബർ 31നു പറന്നിറങ്ങും; കൊച്ചി മെട്രോ അടുത്ത വർഷം ട്രാക്കിൽ കയറും: യുഡിഎഫ് സർക്കാർ നാല് വർഷം പൂർത്തിയാക്കുമ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എഴുതുന്നു..
ഏറ്റവും പ്രയാസമേറിയ സന്ദർഭങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ജീവൻപോലും തുലാസിൽ നിൽക്കുന്ന നിമിഷങ്ങൾ. അപ്പോഴൊക്കെ നാം സഹായത്തിനുവേണ്ടി ചുറ്റും നോക്കും. അഞ്ചാം വയസിലേക്കു കടക്കുന്ന ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കാണാവുന്നത്, ഇത്തരം സന്ദർഭങ്ങളിലൊക്കെ സർക്കാർ താങ്ങും തണലുമായി അവിടെ ഉണ്ടായിരുന്നു എന്നതാണ്. ജനങ്
ഏറ്റവും പ്രയാസമേറിയ സന്ദർഭങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ജീവൻപോലും തുലാസിൽ നിൽക്കുന്ന നിമിഷങ്ങൾ. അപ്പോഴൊക്കെ നാം സഹായത്തിനുവേണ്ടി ചുറ്റും നോക്കും. അഞ്ചാം വയസിലേക്കു കടക്കുന്ന ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കാണാവുന്നത്, ഇത്തരം സന്ദർഭങ്ങളിലൊക്കെ സർക്കാർ താങ്ങും തണലുമായി അവിടെ ഉണ്ടായിരുന്നു എന്നതാണ്. ജനങ്ങൾ എപ്പോഴൊക്കെ ഒരു സർക്കാരിന്റെ സാമീപ്യം ആഗ്രഹിച്ചുവോ, അപ്പോഴൊക്കെ അവിടെ എത്താൻ സാധിച്ചു. വിദേശത്ത് യുദ്ധത്തിനിടയിലും ആഭ്യന്തര പ്രശ്‌നങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും അകപ്പെട്ട മലയാളികളുടെ ജീവനുപോലും വെല്ലുവിളി ഉയർന്ന സന്ദർഭങ്ങളിൽ സർക്കാരെത്തി. ഇറാക്ക്, ലിബിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധം ഉണ്ടായപ്പോഴും സൗദി അറേബ്യയിൽ നിതാഖാത്ത് ഏർപ്പെടുത്തിയപ്പോഴും നേപ്പാളിൽ ഭൂമി കുലുക്കം ഉണ്ടായപ്പോഴും ഈ സർക്കാരിന്റെ സഹായഹസ്തം നീണ്ടു.
പാവങ്ങളിലേക്ക്
ഒരു തുറന്ന പ്രദേശത്തു നില്ക്കുന്ന ഒറ്റയാൻ മരംപോലെയാണ് സമൂഹത്തിലെ പാവപ്പെട്ടവരുടെ ജീവിതം. കാറ്റോ, മഴയോ, മിന്നലോ ഉണ്ടായാൽ മരംനിലംപൊത്തും. എന്നാൽ ഈ വിഭാഗത്തോടൊപ്പം സർക്കാർ ഉണ്ട്. ജനസമ്പർക്ക പരിപാടി, കാരുണ്യ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയ നിരവധി പരിപാടികളിലൂടെ പാവപ്പെട്ടവരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ കൂടെ നിന്നു. മെയ് 15 വരെ 86,876 പേർക്ക് 701 കോടി രൂപയുടെ കാരുണ്യ ഫണ്ടും മെയ് രണ്ടു വരെ 452 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും വിതരണം ചെയ്തു. നേരത്ത നടന്ന രണ്ടു ജനസമ്പർക്ക പരിപാടികളിൽ 76 കോടി രൂപ നല്കി. ഈ മൂന്നിനങ്ങളിൽ മാത്രം 1229 കോടി രൂപ പാവപ്പെട്ടവരിലെത്തി. മൂന്നാമത്തെ ജനസമ്പർക്ക പരിപാടി എട്ടു ജില്ലകളിൽ പൂർത്തിയായി. ഒരു രൂപ അരിക്ക് ഒരു വർഷം 700 കോടി രൂപ സബ്‌സിഡി നല്കുന്നു. ഒരു രൂപയ്ക്ക് അരി നല്കുമെന്നു പറഞ്ഞ് യുഡിഎഫ് അധികാരത്തിലേറി നൂറു ദിവസത്തിനുള്ളിൽ അതു നടപ്പാക്കി. ഇടതുസർക്കാർ രണ്ടു രൂപയ്ക്ക് അരി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയിട്ട് നാലു വർഷം കഴിഞ്ഞ് നടപ്പാക്കി. ലോട്ടറി മാഫിയ മുമ്പ് കടത്തിക്കൊണ്ടു പോയ കോടികളാണ് ഇപ്പോൾ പാവപ്പെട്ടവരിലേക്ക് എത്തിയത്. നമ്മുടെ സമ്പത്തിന്റെ ഒരംശം അവർക്കു നല്കുന്നതിൽ എന്താണു തെറ്റ്?
പദ്ധതികൾ നടക്കും
ക്ഷേമപ്രവർത്തനങ്ങളോട് കിടപിടിക്കുന്നു വികസനപ്രവർത്തനങ്ങളും. നമ്മുടെ നാടിനെക്കുറിച്ച് പൊതുവെ പറഞ്ഞു കേൾക്കാറുള്ള ഒരു ആക്ഷേപം കേരളത്തിൽ ഒരു കാര്യവും നടക്കില്ല എന്നാണ്. ഇടുക്കി അണക്കെട്ടിനും (1973) നെടുമ്പാശേരി വിമാനത്താവളത്തിനും (1999) ശേഷം കേരളത്തിൽ വൻകിട പദ്ധതികൾ ഉണ്ടായിട്ടില്ല. എന്നാൽ ഈ സർക്കാർ കുരുക്കുകൾ ഓരോന്നോരോന്ന് അഴിച്ചുമാറ്റി, പ്രതിസന്ധികളെ ഒന്നൊന്നായി മറികടന്ന് ഏറെ നാളായി കാത്തിരിക്കുന്ന സ്വപ്നപദ്ധതികളെല്ലാം കരയ്ക്കടുപ്പിച്ചു. കൊച്ചി മെട്രോ 2016 ജൂണിലും സ്മാർട്ട് സിറ്റി ഒന്നാം ഘട്ടം ഈ വരുന്ന ജൂണിലും നടപ്പാകും. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യവിമാനം ഈ ഡിസംബർ 31നു പറന്നിറങ്ങും. വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ കഴിയുന്ന ഘട്ടമെത്തിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടിനുശേഷം തിരുവനന്തപുരം ബൈപാസിലെ കരമന- കളയിക്കാവിള റോഡിന്റെ വീതി കൂട്ടുന്നു. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപാസുകൾ, കഴക്കൂട്ടം- മുക്കോല ബൈപാസ് എന്നിവയും പതിറ്റാണ്ടുകൾക്കുശേഷം നടപ്പാകുന്നു. കേരളത്തിൽ ഒന്നും നടക്കില്ലെന്ന് ഇനിയാരും പറയില്ല.[BLURB#1-H]
യുവശാക്തീകരണം
യുവാക്കളെ നാടിന്റെ വികസനപ്രക്രിയയിൽ പങ്കാളികളാക്കി എന്നതാണ് എനിക്ക് തൃപ്തി നല്കിയ മറ്റൊരു കാര്യം. വിദ്യാർത്ഥി സംരംഭകത്വ നയത്തിനും തുടർന്ന് സ്റ്റാർട്ടപ്പ് പദ്ധതികൾക്കും രൂപം കൊടുത്തു. സ്റ്റാർട്ടപ്പിലേക്ക് മൂവായിരത്തോളം ആശയങ്ങളുമായി കുട്ടികൾ രംഗത്തുവന്നു. ഇവരിൽ 900 പേർ സംരംഭങ്ങൾ ആരംഭിച്ചു. ഈ നൂതനപദ്ധതി ദേശീയതലത്തിൽവരെ ശ്രദ്ധിക്കപ്പെട്ടു. യുവസംരംഭകർക്ക് 20 ലക്ഷം രൂപ പലിശരഹിത വായ്പ നല്കുന്ന പദ്ധതിയും വൻവിജയമായി. സർക്കാർ ജോലിക്കും വിദേശജോലിക്കും അപ്പുറത്ത് പുതിയൊരു ആകാശമുണ്ടെന്ന് യുവാക്കൾ കണ്ടെത്തി. കർഷകർ ഏറെക്കാലമായി കാത്തിരുന്ന നീര ഉല്പന്നം വിപണിയിൽ ഇറങ്ങിയത് വലിയൊരു കാൽവയ്പാണ്. നീരയിലൂടെ ഒരു തെങ്ങിൽ നിന്ന് 900 രൂപ മുതൽ 3000 രൂപവരെ പ്രതിമാസം ആദായം വർധിക്കും. മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാം 2005ൽ കേരള നിയമസഭയിൽ അവതരിപ്പിച്ച വിഷൻ 2010ലെ ഒരു പദ്ധതിയായിരുന്നു ഇത്. നീര ചെത്തുന്നതിന് 112 വർഷം പഴക്കമുള്ള അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്തി. കാർഷിക മേഖലയിൽ കഴിഞ്ഞ ഏഴു വർഷത്തിൽ ആദ്യമായി 2012-13ൽ 5.62% വളർച്ച കൈവരിക്കാൻ കഴിഞ്ഞു. അതേസമയം, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളിൽ രാജ്യത്ത് കേരളം റിക്കാർഡിട്ടു. വ്യവസായ മേഖലയിൽ ഇത്തരം സംരംഭങ്ങൾക്കാണ് കേരളത്തിൽ സാധ്യത കൂടുതൽ എന്നു കണ്ടെത്തി പ്രാധാന്യം കൊടുത്തപ്പോഴാണ് ഈ നേട്ടം കൈവരിക്കാനായത്.
ഡിജിറ്റൽ കേരള
കംപ്യൂട്ടർ അടിച്ചുപൊളിച്ചതിനു പിന്നാലെയാണ് രാജ്യത്തെ ആദ്യത്തെ ഐടി പാർക്ക് എന്നറിയപ്പെടുന്ന ടെക്‌നോപാർക്ക് സ്ഥാപിച്ചത്. ഒരു സ്മാട്ട് സിറ്റി സ്ഥാപിക്കാൻ ഒരു പതിറ്റാണ്ടിന്റെ യുദ്ധംതന്നെ വേണ്ടിവന്നു. ടെക്‌നോപാർക്ക് സ്ഥാപിച്ച് 25 വർഷം കഴിഞ്ഞപ്പോഴാണ് കേരളം ഐടിയിൽ ഉയർത്തെഴുന്നേല്ക്കുന്നത്. ടിസിഎസിന്റെ ഗ്ലോബൽ ട്രെയിനിങ് സെന്ററിന്റെ പണി 3,600 കോടി രൂപ ചെലവിൽ ആരംഭിച്ചു. ഇൻഫോസിസിന്റെ രണ്ടാം കാമ്പസ്, ഒറാക്കിൾ, ടോറസ്, സൺടെക്, ട്രിപ്പിൾ ഐടിഎംകെ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ടെക്‌നോപാർക്കിൽ എത്തിയിരിക്കുന്നു. കോഗ്നിസന്റ്, യുഎസ് ടെക്‌നോളജീസ്, ട്രാൻസ് ഏഷ്യ തുടങ്ങിയ പ്രമുഖ കമ്പനികളുമായി ഇൻഫോപാർക്കിന്റെ രണ്ടാംഘട്ടവും ആരംഭിച്ചു. കോഴിക്കോട് സൈബർ പാർക്ക് ഉൾപ്പെടെ വെറേയും സ്ഥാപങ്ങൾ. ജൂണിൽ സ്മാർട്ട് സിറ്റിയുടെ ഒന്നാംഘട്ടം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളും ഇ ഡിസ്ട്രിക്ട് ആയി. റവന്യൂ വകുപ്പിൽ മാത്രം 24 ഇനം സർട്ടിഫിക്കറ്റുകളാണ് ഓൺലൈനിൽ ലഭിക്കുന്നത്. മെയ് 11 വരെ ലഭിച്ച 1.29 അപേക്ഷകളിൽ 1.14 കോടി സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ നല്കി. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു ജിഗാ ബൈറ്റ് കണക്ടിവിറ്റി ഉടനേ ലഭിക്കും. അക്ഷയകേന്ദ്രങ്ങൾ മുതൽ ഭരണസിരാകേന്ദ്രം വരെ കടലാസുരഹിത ഓഫീസുകളായി മാറുന്നു.[BLURB#2-VR]
35 വർഷത്തിനു ശേഷമാണ് കേരളത്തിൽ പുതിയ നാലു മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നത്. രാജ്യത്ത് ഇതാദ്യമായി പട്ടികജാതി വിഭാഗത്തിന് പാലക്കാട്ട് മെഡിക്കൽ കോളജ് ആരംഭിച്ചു. ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തമുള്ള പുതിയ മെഡിക്കൽ കോളജിന് തറക്കല്ലിട്ടു. എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് എന്നതാണ് ലക്ഷ്യം. കൂടാതെ 711 ഇനം മരുന്നുകൾ സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നു. കാരുണ്യ ഫാർമസികൾ വ്യാപകമായി തുറന്നു. സൗജന്യ കാൻസർ ചികിത്സാ പദ്ധതി, പാവപ്പെട്ട മുഴുവൻ കാൻസർ രോഗികൾക്കും മാസം 1000 രൂപ പെൻഷൻ, സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. പാവപ്പെട്ടവരുടെ ചികിത്സ സൗജന്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സാമൂഹിക ശാക്തീകരണം
ഏറ്റവും കൂടിയ മദ്യപാനനിരക്ക്, ഏറ്റവും കൂടിയ അപകടനിരക്ക്, ഏറ്റവും കൂടിയ ആത്മഹത്യാനിരക്ക്, ഏറ്റവും കൂടിയ കുറ്റകൃത്യനിരക്ക് തുടങ്ങിയവ ദൈവത്തിന്റെ നാടിന് നാണക്കേടായി. മിക്ക വിപത്തുകളുടെയും അടിസ്ഥാനം മദ്യമാണ്. അതുകൊണ്ടാണ് ഈ വിപത്തിന്റെ കൊമ്പിനു തന്നെ പിടിച്ചത്. 730 ബാറുകൾ പൂട്ടുകയും മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്തു. ബാറുകൾ പൂട്ടിയതോടെ കുറ്റകൃത്യനിരക്കിലും ഗാർഹിക പീഡനങ്ങളിലും അപകടനിരക്കിലും ആത്മഹത്യാനിരക്കിലുമൊക്കെ വലിയ കുറവുണ്ടായി. വിദേശമദ്യ ഉപഭോഗം 24 ശതമാനം കുറഞ്ഞു. 2013ൽ 4,258 പേർ വാഹനാപകടങ്ങളിൽ മരിച്ചപ്പോൾ 2014ൽ അത് 4,049 പേരായി കുറഞ്ഞു. പലിശക്കാർക്കെതിരേ നടന്ന ഓപ്പറേഷൻ കുബേര, സ്ഥിരം കുറ്റവാളികൾക്കെതിരേ നടന്ന ഓപ്പറേഷൻ സുരക്ഷ നടപടികളും കുറ്റകൃത്യം കുറച്ചു.
ഐഐടി, സാങ്കേതിക സർവകലാശാല, മലയാളം സർവകലാശാല എന്നിവ ഉന്നതവിദ്യാഭ്യാസ രംഗത്തും കുടുംബശ്രീ, ഷീ ടാക്‌സി, നിർഭയ ഷെൽട്ടർ തുടങ്ങിയവ സ്ത്രീശാക്തീകരണ രംഗത്തും ശ്രദ്ധേയമായി. 82 ലക്ഷം സ്ത്രീകളെ റേഷൻ കാർഡ് ഉടമകളാക്കി. 36,491 പേർക്ക് മൂന്നു സെന്റു വീതം ഭൂമി നൽകി. മൂലമ്പിള്ളി പാക്കേജ്, ആദിവാസി പാക്കേജ്, എൻഡോസൾഫാൻ പാക്കേജ്, കെഎസ്ആർടിസി പാക്കേജ്, അദ്ധ്യാപക പാക്കേജ് എന്നിവയിലൂടെ അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചു. വയനാട് ജില്ലയിൽ മാത്രം ആദിവാസികൾക്ക് 13,662 ഏക്കർ ഭൂമി വിതരണം ചെയ്തു. 84 സമുദായങ്ങൾ ഉൾപ്പെടുന്ന പിന്നാക്ക വിഭാഗങ്ങൾക്കു വേണ്ടി പിന്നാക്ക വികസന വകുപ്പ് രൂപീകരിച്ചു. മുന്നാക്കക്കാരിലെ പിന്നാക്കവിഭാഗങ്ങൾക്കുവേണ്ടി മുന്നാക്ക വികസന കമ്മീഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും നിലവിൽ വന്നു.
പ്രവാസികളോടൊപ്പം
ഒരു ലക്ഷം കോടി രൂപ പ്രതിവർഷം അയച്ചുതരുന്ന പ്രവാസികളാണ് കേരളത്തിന്റെ നട്ടെല്ല്. കേരളത്തെ പോസിറ്റീവായി സ്വാധീനിക്കാൻ അവർക്കു സാധിക്കുന്നു. പ്രവാസികൾ ശ്രദ്ധിക്കപ്പെടേണ്ട സമൂഹമാണെന്നു ഈ സർക്കാർ തിരിച്ചറിഞ്ഞു. നിരവധി സംഘർഷമേഖലകളിൽ നിന്ന് മലയാളികളെ സുരക്ഷിതമായി തിരിച്ചുകൊണ്ടു വന്നു. വിദേശത്തേക്കുള്ള വ്യാജറിക്രൂട്ട്‌മെന്റ് തടഞ്ഞു. നോർക്ക മന്ത്രിയുടെ കാരുണ്യ- സാന്ത്വന സഹായ പദ്ധതിയിലൂടെ 10 കോടി രൂപ വിതരണം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടവകാശം ലഭിച്ചു കഴിഞ്ഞു.
സാമ്പത്തിക വളർച്ച
സർക്കാർ സ്വീകരിച്ച നിരവധി നടപടികളുടെ പ്രതിഫലനം സാമ്പത്തികരംഗത്ത് ഉണ്ടായി. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനും പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2012 മുതൽ 2015 വരെയുള്ള കാലയളവിൽ കേരളത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ വളർച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാൾ ഉയർന്നതോതിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2010-11 ൽ കേരളത്തിന്റെ വളർച്ചാനിരക്ക് 13.7% (ഇന്ത്യ: 18.66%), 2011-12ൽ കേരളം 16.73% (ഇന്ത്യ: 15.7%) 2012-13ൽ കേരളം 13.46% (ഇന്ത്യ: 11.88%), 2013-14ൽ കേരളം 15.35 (ഇന്ത്യ: 11.54%).
ആരോപണങ്ങൾ
പ്രീതിയോ ഭീതിയോ ഇല്ലാതെ നിയമവാഴ്ച നടപ്പാക്കുമ്പോഴാണ് സർക്കാർ നീതിപൂർവം പ്രവൃത്തിക്കുന്നത്. സർക്കാരിനെതിരേ ആരോപണങ്ങൾ ഉയർന്നപ്പോൾപോലും ഇതിൽ കടുകിടെ വ്യതിചലിച്ചിട്ടില്ല. സോളാർ, ദേശീയഗെയിംസ്, ബാർ എന്നിവയാണ് സർക്കാരിനെതിരേ ഉയർന്ന ആക്ഷേപങ്ങൾ. സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം ഏർപ്പെടുത്തിയപ്പോൾ കമ്മീഷന് പലരേയും നോട്ടീസ് അയച്ച് വിളിച്ചുവരുത്തി തെളിവെടുക്കേണ്ടി വന്നു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ചവർ പോലും അതു മറന്നു. ഗംഭീരമായി നടത്തിയ ദേശീയ ഗെയിംസിൽ ചെളിയെറിഞ്ഞതു മിച്ചം. ബാർ കേസ് ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നു. ആരോപണം ഉയർന്നാൽ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകും. പക്ഷേ, തെളിവുകൾ കൂടി സർക്കാർ ഉണ്ടാക്കണമെന്നു പറയുന്നതിന് ന്യായീകരണമില്ല. അഴിമതി ആരോപണം ഉന്നയിച്ച് സർക്കാരിനെ കെട്ടിയിടാൻ ശ്രമിച്ചാൽ അതു നടക്കത്തുമില്ല.[BLURB#3-H]
ഭാവിയിലേക്ക്
ഈ സർക്കാർ അധികാരമേറ്റപ്പോൾ രണ്ടംഗങ്ങളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അതേക്കുറിച്ച് ആർക്കും മിണ്ടാട്ടമില്ല. ഭൂരിപക്ഷമല്ല, ഇച്ഛാശക്തിയാണ് പ്രധാനം. നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചാൽ കേരളത്തിൽ അത്ഭുതങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. ജനങ്ങൾക്കു വേണ്ടത് വിവാദങ്ങളല്ല, റിസൾട്ടാണ്. അതിന് ഈ സർക്കാരിനു കഴിയുമെന്നു തെളിയിച്ചു. അത് കേരളം വിലയിരുത്തും. ജനങ്ങളുടെ പിന്തുണയോടെ സർക്കാർ കൂടുതൽ വികസനക്ഷേമ പ്രവർത്തനങ്ങളിലേക്ക് മുന്നേറുക തന്നെ ചെയ്യും.