- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജ വീഡിയോ ഉണ്ടാക്കിയതിൽ യു.ഡി.എഫിന് പങ്കില്ല; അപ് ലോഡ് ചെയ്തവരെ കണ്ടെത്തിയാൽ വാദി പ്രതിയാകും; നീചമായ സൈബർ ആക്രമണം സിപിഎം ശൈലി; സിപിഎമ്മുകാർക്ക് മാത്രല്ല തങ്ങൾക്കും കുടുംബമുണ്ട്; വൈകാരിക വിഷയത്തിന് മനഃപൂർവ്വം സൃഷ്ടിച്ചതെന്ന് വി.ഡി.സതീശൻ
കൊച്ചി: എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വ്യാജ വീഡിയോ ഉണ്ടാക്കിയതിൽ യു.ഡി.എഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വീഡിയോ പ്രചരിപ്പിച്ചതിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. വീഡിയോ പ്രചരിപ്പിച്ചതിന് ഇന്നലെ ചവറയിൽ നിന്നും അറസ്റ്റ് ചെയ്തത് സിപിഎമ്മുകാരനെയാണ്. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, വീഡിയോ ഉണ്ടാക്കി അപ് ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അപ്പോൾ വാദി പ്രതിയാകും. തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ വൈകാരികമായ വിഷയം ഉണ്ടാക്കാൻ മനഃപൂർവ്വം സൃഷ്ടിച്ചതാണിത്.
ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് നല്ലതാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും കുടുംബത്തേയും നീചമായി ആക്രമിച്ചത് സിപിഎം സൈബർ ഗുണ്ടകളാണ്. എന്തെങ്കിലും നടപടിയെടുത്തോ? വനിതാ മാധ്യമ പ്രവർത്തകരെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതും സിപിഎം സൈബർ സംഘങ്ങളാണ്. സാംസ്കാരിക പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചതും സിപിഎമ്മുകാരാണ്. പ്രതിപക്ഷ നേതാവായ എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ജാമ്യത്തിൽ വിട്ടത്. എന്ത് നീതിയാണിത്? സമൂഹമാധ്യമങ്ങളിൽ യു.ഡി.എഫ് നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും കെ റെയിലിന് എതിരെ സംസാരിച്ച റഫീഖ് അഹമ്മദും കാരശേരിയും ഉൾപ്പെടെയുള്ള സാംസ്കാരിക പ്രവർത്തകരെയും അധിക്ഷേപിച്ച സൈബർ സംഘങ്ങൾ സിപിഎമ്മിന് സ്വന്തമായുണ്ട്. അവർക്കാണ് ഈ പണി നന്നായി അറിയാവുന്നത്. അതുകൊണ്ട് ഈ പണിയുമായി ഇങ്ങോട്ട് വരേണ്ട.
സിപിഎം നേതാക്കൾക്കും സ്ഥാനാർത്ഥിക്കും മാത്രമല്ല കുടുംബമുള്ളത്. ഉമ്മൻ ചാണ്ടിക്കും കുടുംബമുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും കുടുംബമുണ്ട്. ഞങ്ങളുടെ കുടുംബങ്ങളെ അപമാനിച്ചപ്പോൾ രക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ടവരാണ് സിപിഎം. വീണാ ജോർജിനെ എതിരെ എഴുതിയപ്പോഴും മുഖ്യമന്ത്രിക്കെതിരെ എഴുതിയപ്പോഴും പ്രതികളെ റിമാൻഡ് ചെയ്തല്ലോ. പ്രതിപക്ഷ നേതാവ് പരാതി കൊടുത്തപ്പോൾ കേസെടുക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത്. ഇത് ഇരട്ടത്താപ്പാണ്. ഇപ്പോൾ പവിത്രത ചമഞ്ഞ് വരികയാണ്. ഇപ്പോൾ വൈകാരികമാക്കി എന്തെങ്കിലും കിട്ടുമോയെന്ന് നോക്കുകയാണ്.
ആദ്യം ഉമ തോമസ് ബിജെപി വോട്ട് ചോദിച്ചെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചു. അത് ഏറ്റുപിടിച്ച മുഖ്യമന്ത്രിയോട് സഹതാപം മാത്രമെയുള്ളൂ. ഇത്തരത്തിൽ ഓരോ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ബിജെപിയുമായി ധാരണയുണ്ടക്കുന്നത് സിപിഎമ്മാണ്. പി.സി ജോർജിനെ രക്ഷിക്കാൻ ശ്രമിച്ച സർക്കാർ, കോടതി ഇടപെട്ട് അറസ്റ്റ് ചെയ്തപ്പോൾ അതിന്റെ ക്രെഡിറ്റ് എടുക്കാൻ നോക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെതിരെ കേസെടുത്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണ് ചെയ്യാത്തത്. വർഗീയ സംഘർഷം നടക്കുന്ന ആലപ്പുഴയിൽ പ്രകടനം നടത്താൻ പോപ്പുലർ ഫ്രണ്ടിന് അനുവാദം നൽകിയത് സർക്കാരാണ്. കുളം കലക്കി മീൻപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതിന് കേരളം വലിയ വില കൊടുക്കേണ്ടിവരും. ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയതയുമായി സന്ധി ചെയ്യുന്നയാളാണ് മുഖ്യമന്ത്രി. വർഗീയ വാദികളുടെ തിണ്ണനിരങ്ങാൻ യു.ഡി.എഫ് പോകില്ലെന്നു പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആലപ്പുഴ സംഭവത്തിൽ പ്രതികരിക്കാൻ തയാറായത്.
പ്രതിപക്ഷ നേതാവിനും യു.ഡി.എഫ് നേതാക്കൾക്കും എതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾ തയാറായില്ലല്ലോ. എ.കെ ആന്റണിയെ പോലെ പരിണിതപ്രജ്ഞനായ നേതാവ് പത്രസമ്മേളനം നടത്തിയപ്പോൾ കുട്ടികളോട് ചോദ്യം ചോദിക്കുന്നത് പോലെയാണല്ലോ ചോദിച്ചത്. ഇങ്ങനെ പിണറാടയിയോട് ചോദിക്കാൻ നിങ്ങളുടെ മുട്ട് വിറയ്ക്കും. പിണറായിക്ക് മുന്നിൽ ഭയന്നാണ് പല മാധ്യമപ്രവർത്തകരും നിൽക്കുന്നത്. യു.ഡി.എഫ് നേതാക്കളോട് എന്തുമാകാം.
അതിജീവിതയുടെ പരാതി യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ല. ഭരണകക്ഷിയിൽപ്പെട്ട നേതാക്കൾ ഇടനിലക്കാരായി നിന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നത്. പരാതി നൽകിയതിന് കോടിയേരി ബാലകൃഷ്ണനും എം.എം മണിയും ആന്റണി രാജുവും ഉൾപ്പെടെയുള്ളവർ അതിജീവിതയെ വളഞ്ഞിട്ട് ആക്രമിച്ചു. പരാതി യു.ഡി.എഫിന്റെ ശ്രമഫലമായാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. അതിജീവിത പരാതി നൽകിയതിന് ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നീട്ടാനും മുഖ്യമന്ത്രി കാണാനും തയാറായത്. ഇടനിലക്കാരനായത് ആരാണെന്ന് എല്ലാവർക്കും അറിയാം. അതിജീവിതയോട് മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറയുകയും കോടിയേരി ഉൾപ്പെടെയുള്ളവരെ വിട്ട് വളഞ്ഞിട്ട് ആക്രമിച്ചു. വാളയാർ അമ്മ ചെന്നപ്പോഴും ഒപ്പമുണ്ടെന്ന് പറഞ്ഞു. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ആരെ രക്ഷിക്കാനാണ് പൂഴ്ത്തിവച്ചിരിക്കുന്നത്. സിപിഎമ്മിന് വേണ്ടപ്പെട്ടവർ ആ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ