- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ ഏഴിൽ നാലു സീറ്റും നേടി യുഡിഎഫ മികവ്; മരണമൂലം മാറ്റി വച്ച തെരഞ്ഞെടുപ്പിലെ ഫലം പല ഭരണവും മാറ്റി മറിക്കും
തിരുവനന്തപുരം: സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്നു വോട്ടെടുപ്പ് മാറ്റിവച്ച തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കു നടന്ന സ്പെഷൽ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം. ഏഴു സീറ്റിൽ നാലിടത്തു യുഡിഎഫും മൂന്നിടത്ത് എൽഡിഎഫും ജയിച്ചു.
കോൺഗ്രസ് വിമതനെ ഒപ്പം കൂട്ടി എൽഡിഎഫ് ഭരണം പിടിച്ച തൃശൂർ കോർപറേഷനിലെ പുല്ലഴി ഡിവിഷനിൽ കോൺഗ്രസിന്റെ കെ.രാമനാഥൻ 993 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.എൽ ഡി എഫ് 25, യുഡിഎഫ് 24,ബിജെപി 6 എന്നിങ്ങനെയാണ് കോർപറേഷൻ സീറ്റ് നില.
കളമശേരി നഗരസഭയിൽ സിപിഎം സ്വതന്ത്രൻ അട്ടിമറി ജയം നേടി.നറുക്കെടുപ്പിലൂടെ യുഡിഎഫിന് അധ്യക്ഷസ്ഥാനം ലഭിച്ച എറണാകുളം കളമശേരി നഗരസഭയിലെ 37ാം വാർഡിൽ സ്പെഷൽ തിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രൻ റഫീക്ക് മരയ്ക്കാർ 64 വോട്ടിന്റെ അട്ടിമറി ജയം നേടി.
കഴിഞ്ഞ 4 തവണയും യുഡിഎഫ് ജയിച്ച വാർഡിൽ കോൺഗ്രസ് വിമതൻ വോട്ട് ഭിന്നിപ്പിച്ചതാണു മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുടെ പരാജയ കാരണം. ഇരു മുന്നണികളും 20 20 എന്ന നിലയിലായിരിക്കെയാണ് നറുക്കെടുപ്പിലൂടെ ഭരണം നിശ്ചയിച്ചത്. യുഡിഎഫ് വിമതൻ പിന്നീട് എൽഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം ചേർന്നിരുന്നതിനാൽ ഇപ്പോൾ യുഡിഎഫ് 21, എൽഡിഎഫ് 20, ബിജെപി 1 എന്നതാണു കക്ഷിനില.
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ യുഡിഎഫിൽ നിന്ന് 6980 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എൽഡിഎഫിന്റെ ബിനോയി കുര്യൻ പിടിച്ചെടുത്തു. കോഴിക്കോട് മാവൂർ പഞ്ചായത്തിലെ താട്ടൂർപൊയിൽ വാർഡിൽ യുഡിഎഫിന്റെ കെ.സി.വാസന്തി വിജയൻ ജയിച്ചു. 18 അംഗ ഭരണസമിതിയിൽ ഇതോടെ യുഡിഎഫിന് ഭൂരിപക്ഷമായി. എൽഡിഎഫും യുഡിഎഫും 8 സീറ്റുകൾ വീതം നേടിയ ഇവിടെ ആർഎംപി പിന്തുണയിലാണു യുഡിഎഫ് ഭരണം നേടിയത്.
കൊല്ലം പന്മന പഞ്ചായത്തിലെ 5, 13 വാർഡുകളിൽ യഥാക്രമം ലീഗിന്റെ എ.എം. നൗഫൽ, കോൺഗ്രസിന്റെ അനിൽകുമാർ എന്നിവർ ജയിച്ചു. പഞ്ചായത്തും യുഡിഎഫ് ഭരണത്തിലാണ്. ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിൽ സിപിഎമ്മിന്റെ രോഹിത് എംപിള്ള ജയിച്ചു.
മറുനാടന് മലയാളി ബ്യൂറോ