തിരുവനന്തപുരം: പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നടൻ ജഗദീഷ് മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. മത്സരിക്കാൻ താൻ സന്നദ്ധനാണെന്ന വിവരം അദ്ദേഹം കെപിസിസിയെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം അദ്ദേഹം തന്നെ പരസ്യമായി പറയുകയുമുണ്ടായി. ഇതോടെ താരയുദ്ധത്തിന് സാക്ഷിയാകുകയാണ് പത്തനാപുരം മണ്ഡലം. ഇവിടെ മത്സരം പൊടിപാറുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ് താനും. ഗണേശ് ഇടതു മുന്നണി സ്ഥാനാർത്ഥിയായും ജഗദീഷ് കോൺഗ്രസ് സ്ഥാനാർത്ഥിയായും രംഗത്തെത്തുമെന്ന പരസ്യ പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും മേൽക്കൈ നേടാനുള്ള ശ്രമങ്ങൽ ഊർജ്ജിതമായി തന്നെ നടക്കുകയാണ് ഇപ്പോൾ.

സോഷ്യൽ മീഡിയ വഴിയാണ് പ്രചരണം തുടങ്ങിക്കഴിഞ്ഞത്. യുഡിഎഫ് സർക്കാർ നേരിടേണ്ടി വന്നത് നിരവധി അഴിമതികൾ ആണെന്നത് എല്ലാവർക്കും അറിയാം. ഭരണവിരുദ്ധ വികാരങ്ങളെ വികസനങ്ങളുടെ പേരിൽ മറികടക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫിന് ഉള്ളത്. എന്തായാലും ജഗദീഷ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോട് അദ്ദേഹം ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കെടുത്തുള്ള പ്രചരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കൈരളി - പീപ്പിൾ ചാനലിലെ ഒരു ചർച്ചയിൽ അദ്ദേഹം യുഡിഎഫിൽ അഴിമതിയുണ്ടെന്ന് പറയുന്ന വീഡിയോ എടുത്താണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുന്നത്.

ചാനൽ ചർക്കക്കിടെ യുഡിഎഫിനേക്കാൾ അഴിമതി കുറവുള്ളത് എൽഡിഎഫിലാണെന്ന് നടൻ തുറന്നു പറയുന്നുണ്ട്. കോൺഗ്രസിനെ പിന്തുണച്ചു കൊണ്ട് തന്നെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജഗദീഷ് പറഞ്ഞത് ഇങ്ങനെയാണ്: '' തുറന്നു പറയുന്നു ഞാൻ, ആർക്ക് ഇഷ്ടപ്പെട്ടാലും ആർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും.. താരതമ്യേന യുഡിഎഫിനേക്കാളും എൽഡിഎഫിലാണ് അഴിമതി കുറവ്. ഞാൻ തുറന്നു പറയുന്നു.. എനിക്ക് ആരെയും ഭയമില്ല.. എനിക്ക് വ്യക്തിപരമായി പല പാർട്ടിക്കാരുമായു ബന്ധമുണ്ട്. സിപിഎമ്മിലും ബിജെപിയിലും കോൺഗ്രസിലും എനിക്ക് സുഹൃത്തുക്കളുണ്ട്. ഏതെങ്കിലും ഇഷ്ട്യൂവിന്റെ കുറിച്ച് എന്നോട് ചോദിക്ക്. മന്മോഹൻ സിംഗിന്റെ കാര്യത്തിൽ.. എ രാജയുടെ നേതൃത്വത്തിൽ ഡിഎംകെ കാണിച്ച അഴിമതിയുടെ ചീത്തപ്പേര് പേറേണ്ടി വന്നത്..''

ചാനൽ ചർച്ചയിൽ ജഗദീഷ് പറയുന്ന കാര്യം എടുത്തു കൊണ്ടാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രചരണം. സിപിഐ(എം) സൈബർ കമ്മ്യൂണിൽ ഈ വീഡിയോ ഷെയർ ചെയതിട്ടുണ്ട്. അഴിമതി കൂടുതലുള്ള മുന്നണിയുടെ ഭാഗമായി ജഗദീഷ് എങ്ങനെ നിൽക്കുമെന്നും സ്ഥാനാർത്ഥിയാകുമെന്നതാണ് ചോദ്യം. ഇത്തരത്തിൽ ജഗദീഷിനെതിരായ പ്രചരണം ശക്തമാകുന്ന വേളയിൽ തന്നെ മുമ്പ് ഗണേശ് കുമാർ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും മറുവിഭാഗം പ്രചരിക്കുന്നുണ്ട്.

 
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ രൂക്ഷ വിമർശനവുമായി സിനിമ...

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ രൂക്ഷ വിമർശനവുമായി സിനിമാ നടൻ ജഗദീഷ് ...!!! വെറുതെ അല്ല കോൺഗ്രസ്സുകാർ ഇയാൾക്ക് സീറ്റ് കൊടുത്തത്

Posted by CPIM Cyber Commune on Tuesday, March 8, 2016

അതിനിടെ ഒരിക്കൽ ജോൺ ബ്രിട്ടാസിന്റെ ജെബി ജംഗ്ഷനിൽ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ജഗദീഷ് വ്യക്തമാക്കിയിരുന്നു. ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് തനിക്ക് താൽപ്പര്യമെന്നും ഒരുകാലത്തും നിയമസഭയിൽ മത്സരിക്കാൻ ഇല്ലെന്നുമാണ് ജഗദീഷ് ഈ അഭിമുഖത്തിൽ പറഞ്ഞത്. ഇത് റെക്കോർഡ് ചെയ്തു വച്ചോളൂവെന്നും അഭിമുഖത്തിൽ നടൻ പറയുന്നുണ്ട്. ഇന്ത്യൻ പാർലമെന്റിൽ എത്തിയാൽ തനിക്കി ചിലതൊക്കെ ചെയ്യാൻ കഴിയുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിന്റെ ചുവടു പിടിച്ച് ഹിന്ദിയിൽ കവിത ചൊല്ലുകയും ചെയ്തു ജഗദീഷ്. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. (25.50 മിനിറ്റിൽ ജഗദീഷ് പറയുന്നത് കാണാം).