കൽപറ്റ: കൽപറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. യുഡിഎഫ് ചെയർമാനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണമാറ്റം ഉണ്ടായത്. 13 നെതിരെ 15 വോട്ടുകൾക്കായി അവിശ്വാസം പാസായത്. യുഡിഎഫ് വിട്ട ജെഡിയു ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചതോടെയാണ് ചെയർമാൻ ഉമൈബ മൊയ്തീൻകുട്ടിക്കെതിരായ അവിശ്വാസ പ്രമേയം പാസായത്. രണ്ട് അംഗങ്ങളാണ് ജെഡിയുവിനുള്ളത്.

28 അംഗ നഗരസഭയിൽ നിലവിൽ യുഡിഎഫ് പക്ഷത്ത് കോൺഗ്രസിന് എട്ട് അംഗങ്ങളും ലീഗിന് അഞ്ച് അംഗങ്ങളുമാണുള്ളത്. എൽഡിഎഫിൽ സിപിഎമ്മിന് 10 ഉം സിപിഐക്ക് രണ്ടും. ജെഡിയുവിന്റെ രണ്ട് പേരും കോൺഗ്രസ് വിമതനായി ജയിച്ച ആർ രാധാകൃഷ്ണനും പ്രമേയത്തെ പിന്തുണച്ചു.

ജനതാദൾ പിന്തുണയോടെ യു.ഡി.എഫ് ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയായിരുന്നു കൽപറ്റ. യു.ഡി.എഫിന് 15ഉം എൽ.ഡി.എഫിന് 12ഉം അംഗങ്ങളായിരുന്നു കൽപറ്റ നഗരസഭയിലുണ്ടായിരുന്നത്. ദളിന്റെ മുന്നണി മാറ്റത്തോടെയാണ് യു.ഡി.എഫിനെതിരെ അവിശ്വാസ പ്രമേയത്തിന് എൽ.ഡി.എഫ് നോട്ടീസ് നൽകിയത്.

യു.ഡി.എഫ് വിട്ട ജനതാദളിന്റെ രണ്ട് അംഗങ്ങൾ ഇടതുപക്ഷത്തോടൊപ്പം ചേർന്നതോടെ എൽ.ഡി.എഫിന് 14 അംഗങ്ങളുടെ പിൻബലമായി. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ 15 അംഗങ്ങളുടെ പിന്തുണ ആവശ്യമായ സാഹചര്യത്തിൽ കോൺഗ്രസ് വിമതനായി ജയിച്ച രാധാകൃഷ്ണന് വൈസ് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്ത് ഇടതുമുന്നണി തങ്ങൾക്കൊപ്പം നിർത്തുകയായിരുന്നു.