തിരുവനന്തപുരം: കോൺഗ്രസിലെ ചേരിപ്പോരിനും നേതാക്കളുടെ കൊമ്പുകോർക്കലിനും യുഡിഎഫ് യോഗത്തിൽ കടുത്ത വിമർശനം. മുസ്ലിം ലീഗ്, ജെഡിയു, ആർഎസ്‌പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികൾ കടുത്ത വിമർശനവുമായി രംഗത്തെത്തി.

സമരരംഗത്ത് ഒന്നിച്ച് ഇറങ്ങണമെങ്കിൽ യോജിപ്പു വേണമെന്നു മുസ്ലിം ലീഗു നേതാവു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ മുന്നോട്ടു പോകാനാകില്ല. പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

കോൺഗ്രസിലെ അനൈക്യം മുന്നണിയെ ശിഥിലമാക്കുമെന്നാണു ജെഡിയു വ്യക്തമാക്കിയത്. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള വിഴുപ്പലക്കൽ നടുറോഡിലെ കയ്യാങ്കളിയായ സാഹചര്യത്തിലാണ് വിമർശനവുമായി ഘടകകക്ഷികൾ രംഗത്തെത്തിയത്.

അതിനിടെ, ഉമ്മൻ ചാണ്ടിക്ക് അന്ത്യശാസനവുമായി ഹൈക്കമാൻഡും രംഗത്തെത്തി. കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പങ്കെടുക്കുന്നതു തനിക്കു സൗകര്യമുള്ളപ്പോൾ മാത്രമെന്ന ഉമ്മൻ ചാണ്ടിയുടെ നിലപാടിനെതിരായാണു വിമർശനം. പങ്കെടുക്കാൻ സൗകര്യമുള്ള തീയതി എത്രയും വേഗം അറിയിക്കാൻ ഉമ്മൻ ചാണ്ടിക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകി.

പാർട്ടിയിലും മുന്നണിയിലും അസ്വാരസ്യങ്ങൾ പടരുന്നതിനിടെ 14നു കെപിസിസി രാഷ്ട്രീയകാര്യ സമിതി വിളിക്കുകയും ചെയ്തു. ഇന്ദിരാഭവനിൽ നടക്കുന്ന യോഗത്തിൽ ഉമ്മൻ ചാണ്ടി എത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ മാസം പതിനഞ്ചാം തീയതിക്കകം ഉമ്മൻ ചാണ്ടിക്ക് സൗകര്യമുള്ള തീയതി അറിയിച്ചാൽ അന്ന് രാഷ്ട്രീയകാര്യ സമിതി ചേരാമെന്നു ഹൈക്കമാൻഡും വി എം സുധീരനും നിലപാട് എടുത്തിരുന്നു. അതിനപ്പുറം സമയം നീട്ടിനൽകാനാകില്ലെന്നു ഉമ്മൻ ചാണ്ടിയെ പാർട്ടി നേതൃത്വം അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു 14നു സമിതി ചേരാൻ തീരുമാനിച്ചത്.

ഉമ്മൻ ചാണ്ടി ഇടഞ്ഞു നിന്നതോടെയാണു പരസ്യമായി തീയതി പ്രഖ്യാപിച്ചു രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർക്കാൻ ഹൈക്കമാൻഡു സുധീരനു നിർദ്ദേശം നൽകിയത്. വി എം സുധീരൻ നിരന്തരം ആവശ്യപ്പെട്ടിട്ടും ഉമ്മൻ ചാണ്ടി സൗകര്യമുള്ള തീയതി അറിയിക്കാത്തതിനെ തുടർന്നാണ് ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായത്. ഉമ്മൻ ചാണ്ടിയുടെ നിസഹരണം കാരണമാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത് വൈകുന്നതെന്നു സുധീരൻ ഹൈക്കമാൻഡിനെ അറിയിച്ചതായാണു സൂചന. അനാരോഗ്യം ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി ഒഴിഞ്ഞുമാറുമ്പോഴും പല പരിപാടികളിലും ഉമ്മൻ ചാണ്ടി പങ്കെടുക്കുന്നതു ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ഡിസിസി പ്രസിഡന്റ്മാരുടെ നിയമനത്തിലെ അഭിപ്രായവ്യത്യാസവും സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിയോജിപ്പുമാണു ഉമ്മൻ ചാണ്ടിയുടെ നിസ്സഹകരണത്തിനു പിന്നിൽ. ഈ പ്രശ്‌നങ്ങൾ രൂക്ഷമായിരിക്കെയാണു പരസ്യമായി തമ്മിലടിച്ചു കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതും. ഇത്തരത്തിൽ നിരവധി പ്രശ്‌നങ്ങൾ പുകയുന്നതിനിടെയാണു ഘടകകക്ഷികളും എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.