തിരുവനന്തപുരം: കേരളാ കോൺഗ്രസ് എമ്മുമായി തദ്ദേശസ്ഥാപനങ്ങളിൽ സഹകരണം തുടരുമെന്ന് യുഡിഎഫ്. രാഷ്ട്രീയ കൂട്ടുകെട്ടുകൾ ആലോചിക്കേണ്ട സമയത്ത് ആലോചിക്കും. നിലവിൽ തെരഞ്ഞെടുപ്പുകൾ ഇല്ലാത്തതിനാൽ ചർച്ചയുടെ ആവശ്യമില്ലെന്നും യു.ഡി.എഫ് യോഗം വ്യക്തമാക്കി. മാണിയുമായും മകൻ ജോസ് കെ. മാണിയുമായും ഒരു ബന്ധവും തുടരേണ്ടെന്ന കോട്ടയം ഡിസിസിയുടെ പ്രമേയം നേരത്തേ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം അംഗീകരിച്ചിരുന്നു. കോൺഗ്രസ് കടുത്ത നിലപാട് സ്വീകരിച്ചതിനു പിന്നാലെ ചേർന്ന യുഡിഎഫ് യോഗത്തിലാണ് നിലപാട് മാണിക്കെതിരായ നിലപാടിൽ മയം ഉണ്ടായിരിക്കുന്നത്. മാണിയെ യുഡിഎഫിൽ എടുക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ.കുര്യൻ ആവശ്യപ്പെട്ടിരുന്നു.

മാണിയുടെ മുന്നണി പ്രവേശനം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിനുശേഷം പ്രതികരിച്ചു. മാണി ആവശ്യപ്പെട്ടാലും മുന്നണിയിൽ ചർച്ച ചെയ്‌തേ തീരുമാനം എടുക്കൂ. കൂട്ടുകെട്ട് ആലോചിക്കേണ്ട സമയത്ത് ആലോചിക്കാം. ഭാവി പറയാൻ താൻ പാഴൂർ പടിപ്പുരയിലെ ആളല്ല. തദ്ദേശസ്ഥാപനങ്ങളിലെ സഹകരണം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. മാണിയോടുള്ള ബന്ധം അവസാനിപ്പിക്കുമോയെന്ന ചോദ്യത്തിന് മൗനമായിരുന്നു ചെന്നിത്തലയുടെ മറുപടി.

മാണിയുടെ കാര്യത്തിൽ തിടുക്കത്തിലൊരു അഭിപ്രായം വേണ്ടെന്ന നിലപാടാണ് യുഡിഎഫ് യോഗത്തിൽ ഉയർന്നത്. കേരള കോൺഗ്രസ് എമ്മിലെ രാഷ്ട്രീയ സാഹചര്യം മാറുന്നതുവരെ കാത്തിരിക്കണമെന്ന നിർദ്ദേശമാണ് യോഗത്തിൽ ്അംഗീകരിക്കപ്പെട്ടത്. അഭിപ്രായപ്രകടനങ്ങൾ നിർണായകഘട്ടത്തിൽ മതിയെന്നും തീരുമാനമായി.

കരാർ ലംഘിച്ച് സി.പി.എം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കേരള കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. ഇതു കൊടിയ വഞ്ചനയാണെന്നാണു കോൺഗ്രസ് നിലപാട്. ഇതേത്തുടർന്നു കോട്ടയം ഡിസിസി, മാണിക്കും കേരള കോൺഗ്രസിനുമെതിരെ പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗീകരിക്കുകയും ചെയ്തിരുന്നു.

യുഡിഎഫ് ബന്ധം ഉപേക്ഷിച്ചു പോയെങ്കിലും തദ്ദേശ ഭരണസ്ഥാപനങ്ങളിൽ യുഡിഎഫുമായി സഹകരിക്കുമെന്ന നിലപാടിലായിരുന്നു കെ.എം. മാണി. കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചപ്പോൾ കേരളാ കോൺഗ്രസുമായി കരാറുണ്ടാക്കി സഹകരണം ഉറപ്പവരുത്തിയിരുന്നു. ഈ ധാരണയാണ് സി.പി.എം പിന്തുണയോടെ മാണി വിഭാഗം പൊളിച്ചത്.