തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെയുള്ള യുഡിഎഫിന്റെ പ്രതിഷേധക്കോട്ടയിൽ അണിനിരന്ന് നേതാക്കളും അണികളും. വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്തു നിന്നും തുടങ്ങിയ പ്രതിഷേധക്കോട്ട കൊല്ലം കലക്ടറേറ്റ് വരെയായിരുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുതൽ കൊല്ലം കലക്ടറേറ്റ് വരെ 70 കിലോമീറ്റർ ദൂരം യുഡിഎഫ് തീർക്കുന്ന മനുഷ്യക്കോട്ടയിൽ 40,000ലേറെ പേർ അണിനിരന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ ഭാഗമായി ബാനറുകളിൽ ശേഖരിച്ച 1.08 കോടി ഒപ്പുകളാണു പ്രതിഷേധക്കോട്ടയിൽ പ്രദർശിപ്പിക്കുന്നത്.

തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്കു ദേശീയപാതയുടെ ഇടതുവശത്താണു ബാനറുകൾ പ്രദർശിപ്പിച്ചത്. കൊല്ലത്ത് അവസാന കണ്ണിയായത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. തിരുവനന്തപുരത്ത് വെച്ച് പ്രതിഷേധക്കോട്ടയുടെ ഭാഗമായ ചെന്നിത്തല നേതാക്കൾക്ക് മുദ്രാവാക്യങ്ങൽ വിളിച്ചു നല്കി.. വി എം സുധീരനും ദേശീയ നേതാവ് മുകുൾ വാസ്‌നിക് അടക്കമുള്ള നേതാക്കളും ഏറ്റുവിളിക്കാൻ ഒപ്പം നിനന്ും

യുഡിഎഫ് പ്രവർത്തകർ വൈകിട്ട് നാലിനു മുൻപ് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചേർന്നിരുന്നു. നാലരയ്ക്കു ട്രയൽ നടത്തി. അഞ്ചു തൊട്ട് 5.10വരെയാണു ബാനർ പ്രദേശിപ്പിക്കുന്നത്. ഗതാഗത സ്തംഭനം ഒഴിവാക്കണമെന്നു കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരം അച്ചടക്കത്തോടെയാണ് പരിപാടി നന്നകത്. ഒരുകോടി ഒപ്പുകൾ പതിച്ച ബാനർ പ്രദർശനം വീക്ഷിക്കാൻ ഏഷ്യൻ ബുക് ഓഫ് റെക്കോർഡ്സ് സംഘമെത്തുന്നുണ്ട്.

നോട്ട് പിൻവലിക്കൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ്, സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം, കനത്ത ധന പ്രതിസന്ധി, തകർന്ന ക്രമസമാധാന നില, വികസന സ്തംഭനം, പദ്ധതി നടപ്പാക്കുന്നതിലെ പാളിച്ചകൾ, സാമൂഹ്യ പെൻഷനുകളുടെ നിഷേധം എന്നീ വിഷയങ്ങൾ പ്രതിഷേധ ക്കോട്ടയോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനങ്ങളിൽ പ്രചാരണ വിഷയമായി.

തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേയ്ക്കുള്ള നാഷണൽ ഹൈവേയുടെ ഇടതു വശത്താണ് ബാനറുകൾ പ്രദർശിപ്പിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎംഹസ്സൻ, യുഡിഎഫ് കണവീനർ പിപി തങ്കച്ചൻ, എം കെ മുനീർ, കെ മുരളീധരൻ, ശശി തരൂർ എംപി., എഎ അസീസ്, അനൂപ് ജേക്കബ്, സിപി.ജോൺ, ഷാനിമോൾ ഉസ്മാൻ, കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ജി ദേവരാജൻ, വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ തുടങ്ങിയ യുഡിഎഫ് നേതാക്കൾ നേതൃത്വം നൽകി.

കൊല്ലം കലക്ട്രേറ്റ് നടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എൻകെ പ്രേമചന്ദ്രൻ എംപി, ഷിബു ബേബി ജോൺ, പിസി ചാക്കോ, ജോണി നെല്ലൂർ, തെന്നല ബാലകൃഷ്ണ പിള്ള, സിവി.പത്മരാജൻ, വി രാംമോഹൻ, ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. തിരുവനന്തപുരം ജില്ലയിലെ പാളയം, കഴക്കൂട്ടം, മംഗലപുരം, ആറ്റിങ്ങൽ, കല്ലമ്പലം എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, പള്ളിമുക്ക്, ചിന്നക്കട, കൊല്ലം കലക്ട്രേറ്റ് എന്നിവിടങ്ങളിലുമായി പതിനൊന്നിടത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.

എംഎൽഎമാർ, യുഡിഎഫ് സംസ്ഥാന ഭാരവാഹികൾ, കെപിസിസി ഭാരവാഹികൾ, യുഡിഎഫ് പോഷക സംഘടനകളുടെ പ്രസിഡന്റുമാർ തുടങ്ങിയ 70 പ്രമുഖ വ്യക്തികൾ ഓരോ കേന്ദ്രങ്ങളിലും അണിനിരന്നു.