തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചർച്ചകൾ തുടരുകയാണ്. സൗമ്യമായി തീരുമാനമുണ്ടാകും. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണെന്നും സുധാകരൻ വ്യക്തമാക്കി.

തൃക്കാക്കരയിലെ വോട്ടർമാർ കഴിഞ്ഞകുറേ കാലമായി എവിടെയാണ് നിൽക്കുന്നതെന്ന് രാഷ്ട്രീയത്തിലുള്ള എല്ലാ ആളുകൾക്കുമറിയാം. അവിടെ അതിന് പോറലേൽക്കാവുന്ന ഒരു കാര്യവും യുഡിഎഫിന്റെയോ കോൺഗ്രസിന്റെയോ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എല്ലാ ജനവിഭാഗങ്ങളുടേയും വികാരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് യുഡിഎഫ് മുന്നോട്ടുപോകും.

തൃക്കാക്കരയിൽ വിജയിച്ച് 100 സീറ്റ് നേടുകയാണ് എൽഡിഎഫ് ലക്ഷ്യമെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അങ്ങനെ ആഗ്രഹിക്കാൻ അവർക്ക് അവകാശമുണ്ടെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. അത് അവരുടെ അവകാശവാദമാണ്. അവർ ഉന്നയിച്ചോട്ടെ. ജനമല്ലേ വിലയിരുത്തേണ്ടത്. വോട്ട് ജനങ്ങളുടെ കയ്യിലല്ലേ, അവരല്ലേ തീരുമാനിക്കേണ്ടതെന്ന് കെ സുധാകരൻ ചോദിച്ചു.

ആം ആദ്മി പാർട്ടിയും ട്വന്റി-20 പാർട്ടിയും സഖ്യമായി മത്സരിക്കുന്നത് അവരുടെ ബിസിനസ് ആണെന്ന് കെ സുധാകരൻ പറഞ്ഞു. വി ഡോൺട് മൈൻഡ് ഇറ്റ്. അതിനെ പരിഗണിക്കുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. കെജരിവാളും പിണറായി വിജയനും അടുത്ത സുഹൃത്തുക്കളാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ആവട്ടെയെന്നായിരുന്നു മറുപടി.

പിണറായി വിജയനും നരേന്ദ്ര മോദിയും അടുത്ത സുഹൃത്തുക്കളല്ലേ. എത്ര നല്ല ബന്ധത്തിലാണ് അവർ പോകുന്നത്. അല്ലെങ്കിൽ ഈ കേസെല്ലാം ഇങ്ങനെ മുങ്ങിപ്പോകുമോ?. ആരോടും ലോഹ്യം കാട്ടാൻ അദ്ദേഹത്തിന് സാധിക്കും. അത് പിണറായി വിജയന്റെ വൈഭവമെന്നും കെ സുധാകരൻ പറഞ്ഞു.