കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വൻവിജയം ഉറപ്പിച്ചതിന് പിന്നാലെ മുൻ കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ കെവി തോമസിന്റെ പോസ്റ്ററുകൾ കത്തിച്ച് യുഡിഎഫ് പ്രവർത്തകർ. കൗണ്ടിങ്ങ് സെന്ററിന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകർ തോമസിന്റെ ചിത്രമുള്ള പോസ്റ്ററുകൾ കത്തിച്ചത്. തിരുതമീനുമായി കോൺഗ്രസ് പ്രവർത്തകർ കെവി തോമസിന്റെ വീടിന് മുന്നിൽ പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.

യു.ഡി.എഫിന് ജയ് വിളിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ യു.ഡി.എഫ്. മുന്നേറ്റം ആഘോഷിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് നടന്ന സിപിഎം. പാർട്ടി കോൺഗ്രസിൽ പാർട്ടി വിലക്കിയിട്ടും സെമിനാറിൽ പങ്കെടുത്തത് മുതൽ കെ.വി. തോമസ് പാർട്ടിയെ പിന്നിൽ നിന്ന് കുത്തുകയാണെന്ന വികാരമാണ് പ്രവർത്തകർക്ക്.

തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ രംഗത്ത് വരികയും ഇടത്പക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുകയും ചെയ്തതോടെ എല്ലാം നൽകിയ പാർട്ടിയെ കെ.വി. തോമസ് ചതിച്ചുവെന്ന വികാരമായിരുന്നു പ്രവർത്തകർക്ക്. കെ.വി. തോമസിന്റെ വരവ് ഇടത് മുന്നണിക്ക് ഒരു ഗുണവും തൃക്കാക്കരിയിൽ സമ്മാനിച്ചില്ലെന്നത് കൂടി തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമ്പോൾ അത് ആഘോഷമാക്കുകയാണ് പ്രവർത്തകർ.

അതേസമയം, ഉമ തോമസിന്റെ ലീഡ് പതിനായിരത്തിനപ്പുറേത്തക്ക് പോയത് സിപിഎം പരിശോധിക്കട്ടെയെന്ന് കെവി തോമസ് പറഞ്ഞു. ഫീൽഡിൽ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലിൽ വ്യക്തമാണ്. കേരളം പലപ്പോഴും വികസനമുദ്രാവാക്യം വേണ്ടവിധം ഉൾക്കൊണ്ടിട്ടില്ലെന്നും തോമസ് പറഞ്ഞു. ഇപ്പോഴും സോണിയ ഗാന്ധി ഉൾപ്പടെ കോൺഗ്രസ് നേതാക്കളുമായി ഉറ്റബന്ധമാണ് തുടരുന്നത്.ജയം ഉറപ്പിച്ച ഉമാ തോമസിനെ അഭിനന്ദിക്കുന്നതായും അന്നും ഇന്നും വ്യക്തിബന്ധമുണ്ടെന്നും തോമസ് പറഞ്ഞു.

പിടി തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്.