മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാറിനെതിരെ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. സർക്കാർ തനിയെ നിലം പതിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് അധികാര മാറ്റത്തിന് ബിജെപി ശ്രമിക്കുന്നില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് വാർത്താ ഏജൻ എ.എൻ.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയുടെ പശ്ചാത്തലത്തിൽ ബിഹാർ തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, അത് ഞങ്ങളുടെ ആത്മവിശ്വാസം ഉയർത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയിൽ അധികാരമാറ്റത്തിൽ ഞങ്ങൾ കണ്ണുവെച്ചിട്ടില്ല. ഈ മഹാരാഷ്ട്ര സർക്കാർ ഒരു ദിവസം താനെ തകർന്നോളും -ഫഡ്നാവിസ് പറഞ്ഞു.

ഇത്തരത്തിലുള്ള സർക്കാറിന് കൂടുതൽ കാലം തുടരാനാവില്ല. ഈ സർക്കാർ വീഴുന്ന സമയത്ത് ഞങ്ങൾ ബദൽ സർക്കാറാകും. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിനല്ല മുൻഗണന നൽകുന്നത്. മഹാരാഷ്ട്രയിലെ കർഷകർ ആശങ്കാകുലരാണ്. അവർക്ക് ധനസഹായം ലഭിച്ചിട്ടില്ല. പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ ഞങ്ങൾ കർഷകർക്കൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.