ലണ്ടൻ: ക്ലബ്ബ് ഫുട്‌ബോളിലെ 'കടുപ്പമേറിയ' പോരാട്ടങ്ങൾക്ക് ഇന്ന് വീണ്ടും തുടക്കം. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് കിക്കോഫാകും. ആദ്യദിനത്തിൽ എട്ട് മത്സരങ്ങളാണ് ഉള്ളത്. എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് യൂറോപ്യൻ ഫുട്‌ബോളിലെ വമ്പന്മാരായ ബാഴ്സലോണ-ബയേൺ മ്യൂണിക്ക് പോരാട്ടത്തിലേക്കാണ്. ബയേണിനോട് ഒരു വർഷം മുൻപേറ്റ നാണംകെട്ട തോൽവിക്ക് ബാഴ്സലോണ പകരംവീട്ടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ഒന്നും രണ്ടും മൂന്നുമല്ല എട്ട് ഗോളാണ് 2020 ഓഗസ്റ്റ് പതിനാലിന് ബയേൺ മ്യൂണിക്ക് ബാഴ്സലോണയുടെ വലയിൽ നിക്ഷേപിച്ചത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ഈ നാണംകെട്ട തോൽവി ബാഴ്സയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. കോച്ച് ക്വിക്കേ സെതിയന്റെ കസേര തെറിച്ചു. പകരം റൊണാൾഡ് കൂമാനെത്തി.

സൂപ്പർതാരം ലയണൽ മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം ചാമ്പ്യൻസ് ലീഗിൽ ആദ്യപോരാട്ടത്തിനാണ് ബാഴ്‌സ ഇറങ്ങുന്നത്. മെസ്സിക്ക് പുറമേ അന്റോയിൻ ഗ്രീസ്മാനും ടീം വിട്ടു. മികച്ച ഫോമിലുള്ള മെംഫീസ് ഡീപേയിയിലും യുവതാരങ്ങളിലുമാണ് ബാഴ്‌സ പരിശീലകൻ റൊണാൾഡ് കോമാൻ പ്രതീക്ഷ വെക്കുന്നത്.

മറുവശത്ത് ബയേൺ മികച്ച ഫോമിലാണ്. റോബർട്ടോ ലെവൻഡോവ്‌സ്‌കിയുടെ തകർപ്പൻ ഫോമാണ് ടീമിന്റെ ആത്മവിശ്വാസം. പുതിയ പരിശീലകൻ ജൂലിയൻ നാഗൽസ്മാന്റെ കീഴിൽ ടീം താളം കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പിലെ മറ്റൊരുകളിയിൽ ഡൈനാമോകീവും ബെൽഫിക്കയും കളിക്കും.

മാഞ്ചെസ്റ്റർ യുണൈറ്റഡ്, ചെൽസി, യുവന്റസ് തുടങ്ങിയ വൻശക്തികളും ബൂട്ടുകെട്ടുന്നുണ്ട്. ഗ്രൂപ്പ് ഇ യിലെ ആദ്യകളിയിലാണ് ജർമൻ വമ്പന്മാരായ ബയേൺമ്യൂണിക്കും സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയും മുഖാമുഖം വരുന്നത്. രാത്രി 12.30-ന് ബാഴ്‌സയുടെ തട്ടകത്തിലാണ് കളി.

യുണൈറ്റഡ്, ചെൽസി, യുവന്റസ് എഫ്. ഗ്രൂപ്പിലെ ആദ്യകളിയിൽ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡിന് സ്വിസ് ക്ലബ്ബ് യങ് ബോയ്‌സാണ് എതിരാളി. രാത്രി 10.15-നാണ് മത്സരം. സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ വരവോടെ പുത്തനുണർവിലാണ് യുണൈറ്റഡ്. ഇതേ ഗ്രൂപ്പിൽ രാത്രി 12.30-ന് നടക്കുന്ന കളിയിൽ വിയ്യാറയൽ അറ്റ്‌ലാന്റയെ നേരിടും.

ഗ്രൂപ്പ് എച്ചിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്ക് എതിരാളി റഷ്യൻ ക്ലബ്ബ് സെനീത് സെയ്ന്റ് പീറ്റേഴ്‌സ്ബർഗാണ്. ഗ്രൂപ്പിലെ മറ്റൊരുകളിയിൽ യുവന്റസ് മാൽമോയെ നേരിടും. രണ്ട് കളികളും രാത്രി 12.30-നാണ്. മറ്റ് മത്സരങ്ങളിൽ രാത്രി 10.15-ന് സെവിയ റെഡ്ബുൾ സാൽസ്ബർഗിനെയും 12.30-ന് ലീൽ വോൾഫ്‌സ്ബർഗിനെയും നേരിടും.