മാഞ്ചസ്റ്റർ: യുവേഫ ചാംപ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ സെമി ഫൈനലിൽ റയൽ മഡ്രിഡിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. ഏഴ് ഗോൾ പിറന്ന മത്സരത്തിൽ സിറ്റി മൂന്നിനെതിരെ നാല് ഗോളിനാണ് റയലിനെ തോൽപിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പന്മാർക്ക് എതിരെ തുടക്കം മുതൽ സമ്മർദ്ദം ഉയർത്താൻ സിറ്റിക്കായി.

കെവിൻ ഡിബ്രൂയ്നെ (2), ഗബ്രിയേൽ ജെസ്യൂസ് (11), ഫിൽ ഫോഡൻ (53), ബെർണാർഡോ സിൽവ (74) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. റയലിനായി കരിം ബെൻസേമ ഇരട്ടഗോൾ നേടി. 33, 82 (പെനൽറ്റി) മിനിറ്റുകളിലാണ് ബെൻസേമയുടെ ഗോളുകൾ. വിനീസ്യൂസ് ജൂനിയറിന്റെ (55) വകയാണ് മൂന്നാം ഗോൾ.

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ കെവിൻ ഡിബ്രൂയ്‌നെ സിറ്റിയെ മുന്നിലെത്തിച്ചു. റിയാദ് മെഹ്‌റെസിന്റെ തകർപ്പൻ ക്രോസിന് തലകൊണ്ടു ഗോളിലേക്കു വഴികാട്ടുകയായിരുന്നു ഡിബ്രൂയ്‌നെ. 11ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസിലൂടെ സിറ്റി ലീഡ് ഉയർത്തി. കെവിൻ ഡിബ്രൂയ്‌നെയുടെ അസിസ്റ്റ്. 20. മൂന്നാം ഗോൾ നേടാൻ ലഭിച്ച മികച്ച ഒരവസരം മെഹ്റസ് പാഴാക്കിയതിനുപിന്നാലെ സിറ്റി ഗോൾ വഴങ്ങി. റയലിനായി 33ാം മിനിറ്റിൽ വല കുലുക്കിയത് സൂപ്പർതാരം കരീം ബെൻസേമ.

ഒന്നാം പകുതിയുടെ ആവർത്തനം തന്നെയായിരുന്നു രണ്ടാം പകുതി. 53ാം മിനിറ്റിൽ ഫിൽ ഫോഡൻ ക്ലോസ് റേഞ്ചറിൽനിന്ന് ഹെഡറിലൂടെ തിബോ കുർട്ടോയെ കീഴടക്കി സിറ്റിയുടെ ലീഡ് 31 ആക്കി ഉയർത്തി. രണ്ടു മിനിറ്റിനുള്ളിൽ വിനീസ്യൂസ് ജൂനിയറിലൂടെ വീണ്ടും റയൽ തിരിച്ചടിച്ചു. തകർപ്പൻ സോളോ റണ്ണിനൊടുവിൽ സിറ്റി പ്രതിരോധം ഛിന്നഭിന്നമാക്കി വിനിസ്യൂസ് ലക്ഷ്യം കണ്ടു. 74ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ തകർപ്പൻ ഗോളിൽ സിറ്റി വീണ്ടും രണ്ടു ഗോളിന്റെ ലീഡെടുത്തു.

ഇതിനിടെ സ്വന്തം ബോക്‌സിനുള്ളിൽ പന്ത് രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിൽ 88ാം മിനിറ്റിൽ ലപോർട്ടയുടെ ഹാൻഡ്‌ബോൾ. റയലിന് അനുകൂലമായി പെനൽറ്റി. സിറ്റിയുടെ ലീഡ് ഒന്നായി കുറച്ച് കരിം ബെൻസേമയുടെ പനേങ്ക കിക്ക് സിറ്റിയുടെ വലയിൽ. പിന്നീട് സമനില ഗോളിനായി റയൽ പൊരുതിയെങ്കിലും സിറ്റിയുടെ കൂട്ടായ മികവിന് മുന്നിൽ അത് ഫലംകണ്ടില്ല. നിരവധി സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ സിറ്റി ഒടുവിൽ ഒരു ഗോളിന് ജയിച്ചു കയറി. അടുത്ത മാസം അഞ്ചിന് റയലിന്റെ ഹോം ഗ്രൗണ്ടിലാണ് രണ്ടാംപാദ സെമി.

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ ലിവർപൂൾ വിയ്യാറയലിനെ നേരിടും. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിലാണ് ഇന്നത്തെ മത്സരം.

ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് പിന്നിൽ നിൽക്കുന്ന ലിവർപൂളിനെ ഇത്തവണ ചാംപ്യൻസ് ലീഗ് കിരീടം പതിവിലേറെ മോഹിപ്പിക്കുന്നുണ്ട്. ടീമിന്റെ നിലവിലെ ഉജ്വലഫോം കോച്ച് യുർഗൻ ക്ലോപ്പിന് സന്തോഷം നൽകുന്ന കാര്യം.ഡിസംബർ 28നു ശേഷം ഒരു മത്സരംപോലും ലിവർപൂൾ തോറ്റിട്ടില്ല. രണ്ടാം പാദം വിയ്യാറയലിന്റെ മൈതാനമായ എൽ മഡ്രിഗലിൽ മെയ്‌ 3ന് നടക്കും

പ്രീ ക്വാർട്ടറിൽ യുവന്റസ്, ക്വാർട്ടറിൽ ബയൺ മ്യൂണിക്ക്! വമ്പന്മാരെ വീഴ്‌ത്തിയാണ് വിയാറയൽ വരുന്നത്. കോച്ച് ഉനായ് എമറി യൂറോപ്യൻ പോരാട്ടങ്ങളിൽ 'ഉസ്താദാണ്'. സെവിയ്യയെ തുടരെ 3 യൂറോപ്പ ലീഗ് കിരീടങ്ങളിലേക്കു നയിച്ച പരിശീലകനാണ് ഈ സ്‌പെയിനുകാരൻ. കഴിഞ്ഞ വർഷം വിയ്യാറയലിനെയും കിരീടത്തിലെത്തിച്ചു.