- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെനാൽറ്റിയിലൂടെ ചെക്ക് ടീമിനെ മുന്നിലെത്തിച്ച് പാട്രിക് ഷിക്ക്; ഫ്രീ കിക്കിലൂടെ പന്ത് വലയിലെത്തിച്ച് പെരിസിച്ചിന്റെ മറുപടി; ക്രൊയേഷ്യ - ചെക്ക് റിപ്പബ്ലിക്ക് മത്സരം സമനിലയിൽ
ഗ്ലാസ്ഗോ: യൂറോ കപ്പ് ഗ്രൂപ്പ ഡിയിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് ചെക്ക് റിപ്പബ്ലിക്ക്. ഗ്ലാസ്ഗോയിൽ നടന്ന മത്സരത്തിൽ ഇരുവരും ഓരോ ഗോൾ വീതം നേടി. പാട്രിക് ഷിക്കിന്റെ പെനാൽറ്റി ഗോളിലൂടെ ചെക്ക് ആദ്യം മുന്നിലെത്തി. ഇവാൻ പെരിസിച്ചാണ് ക്രോയേഷ്യക്ക് സമനില സമ്മാനിച്ചത്.
37-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പാട്രിക് ഷിക്കാണ് ചെക്ക് ടീമിനെ മുന്നിലെത്തിച്ചത്. ടൂർണമെന്റിൽ ഷിക്കിന്റെ മൂന്നാം ഗോളായിരുന്നു ഇത്. 33-ാം മിനിറ്റിൽ ക്രൊയേഷ്യൻ ബോക്സിൽ വെച്ച് ഡെയാൻ ലോവ്രെൻ ചെക്ക് താരം പാട്രിക് ഷിക്കിന്റെ മുഖത്തിടിച്ചതിനായിരുന്നു പെനാൽറ്റി.
വാർ പരിശോധിച്ചാണ് റഫറി പെനാൽറ്റി വിധിച്ചത്. ഇതിനെതിരേ ക്രൊയേഷ്യൻ താരങ്ങൾ റഫറിയോട് പ്രതിഷേധിക്കുകയും ചെയ്തു. ലോവ്രെന് മഞ്ഞക്കാർഡും കിട്ടി.
ഗ്രൂപ്പിൽ ക്രൊയേഷ്യയുടെ ഏക പോയിന്റാണിത്. ആദ്യ മത്സരത്തിൽ അവർ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. നാല് പോയിന്റുള്ള ചെക്കാണ് ഗ്രൂപ്പിൽ മുന്നിൽ. ആദ്യ മത്സരത്തിൽ അവർ സ്കോട്ലൻഡിനെ തോൽപ്പിച്ചിരുന്നു.
ലോകകപ്പ് റണ്ണേഴ്സപ്പായ ക്രോയേഷ്യയെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് തുടക്കം മുതൽ ചെക്ക് താരങ്ങൾ പുറത്തെടുത്തത്. ആദ്യ അവസരം ഒരുക്കിയതും അവരായിരുന്നു. രണ്ടാം മിനിറ്റിൽ യാക്കൂബ് ജാങ്കോയുടെ ക്രോസിൽ വ്ളാഡിമർ കൗഫൽ ഷോട്ടിന് ശ്രമിച്ചു. എന്നാൽ പ്രതിരോധതാരം ദൊമാഗോ വിദ പ്രതിരോധം തീർത്തു. 18-ാം മിനിറ്റിൽ ഒരിക്കൽ കൂടി ചെക്ക് താരങ്ങൾ ക്രോയേഷ്യൻ ഗോൾമുഖം ആക്രമിക്കാനെത്തി.
ഇടതു വിംഗിലൂടെ പന്തുമായി വന്ന ജാങ്കോയുടെ ഒരു ക്രോസ് ഫാർ പോസ്റ്റിലേക്ക് നൽകി. പാസ് സ്വീകരിച്ച കൗഫാൽ ഷിക്കിന് നൽകിയെങ്കിലും ഷോട്ടുതിർക്കാനുള്ള സമയം പിഴച്ചു. ക്രോയേഷ്യൻ ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവിച്ചിന് അനായായം കയ്യിലൊതുക്കാനായി ആ ഷോട്ട്. പെനാൽറ്റി വലയിലെത്തിച്ചതിന് പിന്നാലെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ റെബിച്ചിന് പകരം ബ്രൂണോ പെറ്റ്കോവിച്ചിനെയും ജോസിപ് ബ്രെക്കാളോയ്ക്ക് പകരം ലൂക്ക ഇവാനുസെക്കിനെയും കളത്തിലിറക്കിയ ക്രൊയേഷ്യ 47-ാം മിനിറ്റിൽ തന്നെ ഗോൾ മടക്കി. ആന്ദ്രേ ക്രാമറിച്ച് പെട്ടെന്നെടുത്ത ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ക്രാമറിച്ചിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ഇവാൻ പെരിസിച്ച് പന്ത് വലയിലെത്തിച്ചു. ഇടതു വിംഗിലൂടെ പന്തുമായി വന്ന് ബോക്സിൽ കയറിയ പെരിസിച്ച് വലങ്കാലുകൊണ്ട് നിറയൊഴിച്ചു. സ്കോർ 1-1.
മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും രണ്ടാമതൊരു ഗോൾ നേടാൻ ക്രൊയേഷ്യയ്ക്ക് സാധിച്ചില്ല. 39-ാം മിനിറ്റിൽ ലഭിച്ച മികച്ച അവസരം ക്രൊയേഷ്യൻ താരം റെബിച്ചിന് മുതലാക്കാനായില്ല. രണ്ടാം പകുതിയിലും ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതിരുന്നതോടെ ചെക്ക് ടീമിനെതിരേ ലൂക്ക മോഡ്രിച്ചും സംഘവും സമനില വഴങ്ങി.
സമനിലയോടെ ക്രൊയേഷ്യയുടെ പ്രീക്വാർട്ടർ സാധ്യതകൾ സങ്കീർണമായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്കോട്ലൻഡിനെ പരാജയപ്പെടുത്തിയാൽ മാത്രമേ മോഡ്രിച്ചിനും സംഘത്തിനും എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുള്ളൂ.
സ്പോർട്സ് ഡെസ്ക്