- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോ സൗഹൃദ മത്സരങ്ങൾ: ജർമനിക്കും നെതർലൻഡ്സിനും തിരിച്ചടി; ജയത്തോടെ ഫ്രാൻസും ഇംഗ്ലണ്ടും
ലണ്ടൻ: യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ജർമനിക്കും നെതർലൻഡ്സിനും തിരിച്ചടി. ഡെന്മാർക്കിനോട് ജർമനി സമനില വഴങ്ങി. ഇരുടീമുകളും ഓരോ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ നെതർലൻഡ്സിനെ സ്കോട്ലൻഡ് സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. നെതർലൻഡ്സിനായി മെംഫിസ് ഡിപെ ഇരട്ട ഗോൾ നേടി.
വെയിൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ഫ്രാൻസ് തകർത്തുവിട്ടു. കിലിയൻ എംബപ്പെ, അന്റോയിൻ ഗ്രീസ്മാൻ, ഉസ്മാൻ ഡെംബലെ എന്നിവരാണ് ഗോൾ നേടിയത്. 25-ാം മിനുറ്റിൽ നെക്കോ വില്യംസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് വെയിൽസിന് തിരിച്ചടിയായി.
മറ്റൊരു മത്സരത്തിൽ ഓസ്ട്രിയക്കെതിരെ ഇംഗ്ലണ്ട് ജയം കണ്ടെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് ഓസ്ട്രിയയെ തോൽപ്പിച്ചത്. ബുക്കായോ സാക്കയാണ് 56-ാം മിനുറ്റിൽ ഗോൾ നേടിയത്.
ഈ മാസം പതിനൊന്നിനാണ് യൂറോ കപ്പിന്റെ കിക്കോഫ്. യൂറോ കപ്പിന്റെ പതിനാറാം പതിപ്പിൽ ഏറ്റുമുട്ടുന്നത് 24 ടീമുകൾ. റോമിലാണ് ഉദ്ഘാടനം. 11 നഗരങ്ങളിൽ 30 ദിവസത്തിനിടെ 51 പോരാട്ടങ്ങൾ അരങ്ങേറും. ലണ്ടനിലെ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ. ഫ്രാൻസും ജർമനിയും പോർച്ചുഗലും ഹങ്കറിയും ഉൾപ്പെടുന്ന മരണഗ്രൂപ്പിലാണ് ആരാധകരുടെ ചങ്കിടിപ്പ്.
ഇതുകൊണ്ടുതന്നെ ഗ്രൂപ്പ് ഘട്ടത്തിൽ ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ മത്സരങ്ങളാവും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലാണ് യൂറോ കപ്പിൽ നിലവിലെ ചാമ്പ്യന്മാർ.
സ്പോർട്സ് ഡെസ്ക്