- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെനാൽറ്റി കിക്കിന്റെ സമയത്ത് ഡാനിഷ് ഗോൾകീപ്പർ കാസ്പർ സ്മൈക്കളിന്റെ മുഖത്ത് ലേസർ പ്രയോഗം; ദേശീയ ഗാനത്തിനിടെ കൂവൽ; കാണികളുടെ 'കൈവിട്ട കളിയിൽ' ഇംഗ്ലണ്ടിന് 27 ലക്ഷം രൂപ പിഴ ചുമത്തി യുവേഫ
വെംബ്ലി: ഡെന്മാർക്കിനെതിരായ യൂറോ കപ്പ് സെമി ഫൈനലിൽ അടക്കം ഇംഗ്ലീഷ് കാണികളുടെ 'കൈവിട്ട കളികളിൽ' ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷന് 30,000 യൂറോ (ഏകദേശം 26,81,550 രൂപ) പിഴ ചുമത്തി യുവേഫ.
ഡെന്മാർക്കിനെതിരായ സെമിഫൈനലിൽ നിർണായക പെനാൽറ്റി കിക്കിന്റെ സമയത്ത് ഡാനിഷ് ഗോൾകീപ്പർ കാസ്പർ സ്മൈക്കളിന്റെ മുഖത്ത് കാണികളിൽ നിന്നൊരാൾ ലേസർ രശ്മികൾ പതിപ്പിച്ചിരുന്നു. മത്സരത്തിന്റെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി എടുക്കാൻ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം.
പെനാൽറ്റി നേരിടാൻ സ്മൈക്കൾ തയ്യാറെടുക്കുന്നതിനിടെയാണ് താരത്തിന്റെ മുഖത്ത് പച്ച നിറത്തിലുള്ള ലേസർ രശ്മികൾ പതിഞ്ഞത്. താരത്തിന്റെ ശ്രദ്ധ തിരിക്കാൻ ഇംഗ്ലിഷ് ആരാധകരിലാരോ ഒപ്പിച്ച പണിയാണിതെന്ന് വ്യക്തം.
മത്സരത്തിൽ അധിക സമയത്ത് നേടിയ ഗോളിൽ ഡെന്മാർക്കിനെ വീഴ്‌ത്തി ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ഫൈനലിൽ കടന്നിരുന്നു.
മാത്രമല്ല ഡെന്മാർക്കിന്റെയും ജർമനിയുടെയും ദേശീയ ഗാനത്തിനിടെ വെംബ്ലിയിലെ കാണികൾ കൂവി വിളിക്കുകയും ചെയ്തിരുന്നു. സെമി ഫൈനൽ മത്സരം തുടങ്ങുന്നതിനു മുൻപ് ഡെന്മാർക്കിന്റെ ദേശീയഗാനത്തിനിടെയാണ് ഇംഗ്ലീഷ് കാണികൾ കൂവി വിളിച്ചത്.
ജർമനിക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനു മുമ്പ് അവരുടെ ദേശീയഗാനത്തിനിടെ ഇംഗ്ലീഷ് കാണികൾ ആക്രോശിച്ചിരുന്നു. സംഭവങ്ങൾക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരേ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സ്റ്റേഡിയത്തിനകത്ത് ആരാധകർ കരിമരുന്നു പ്രയോഗം നടത്തിയതിലും യുവേഫ അന്വേഷണം നടത്തിയിരുന്നു.
സ്പോർട്സ് ഡെസ്ക്