- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോൽവിയറിയാതെയുള്ള സ്ലൊവാക്യൻ മുന്നേറ്റത്തിന് വിരാമമിട്ട് സ്വീഡൻ; പെനാൽറ്റി വലയിലെത്തിച്ച് നിർണായക ജയം; ഗ്രൂപ്പിൽ ഒന്നാമത്; പ്രീ-ക്വാർട്ടർ പ്രതീക്ഷ
സെയ്ന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ സ്ലൊവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡൻ. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എമിൽ ഫോർസ്ബർഗാണ് സ്വീഡനായി സ്കോർ ചെയ്തത്. ജയത്തോടെ പ്രീ-ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ അവർക്കായി.
77-ാം മിനിറ്റിലായിരുന്നു മത്സരത്തിൽ പിറന്ന ഏക ഗോൾ. 75-ാം മിനിറ്റിൽ സ്വീഡിഷ് താരം റോബിൻ ക്വയ്സണെ സ്ലൊവാക്യൻ ഗോളി മാർട്ടിൻ ഡുബ്രാവ്ക ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി.
75-ാം മിനിറ്റിലെ പ്രവൃത്തി ഒഴിച്ച് നിർത്തിയാൽ മികച്ച പ്രകടനവുമായി സ്ലൊവാക്യൻ ഗോളി മാർട്ടിൻ ഡുബ്രാവ്കയും കളംനിറഞ്ഞു. 59-ാം മിനിറ്റിൽ അഗസറ്റിസണിന്റെ ഹെഡർ ഡുബ്രാവ്ക രക്ഷപ്പെടുത്തി. 71-ാം മിനിറ്റിൽ ഇസാക്കിന്റെ ഷോട്ടും രക്ഷപ്പെടുത്തി ഡുബ്രാവ്ക കൈയടി നേടി.
മത്സരത്തിലുടനീളം മികച്ച ഒത്തിണക്കത്തോടെ കളിച്ച സ്വീഡൻ നിര മികച്ച മുന്നേറ്റങ്ങളും സൃഷ്ടിച്ചു. പക്ഷേ പലപ്പോഴും ഫിനിഷിങ്ങിൽ അവർക്ക് പിഴച്ചു. അലക്സാണ്ടർ ഇസാക്കാണ് സ്വീഡൻ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തത്. പലപ്പോഴും ഇസാക്കിന്റെ മുന്നേറ്റങ്ങൾ സ്ലൊവാക്യൻ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു.
മറുവശത്ത് ഡുഡയും ഹാംഷിക്കും ചേർന്ന സ്ലൊവാക്യൻ മുന്നേറ്റങ്ങൾ പലതും സ്വീഡൻ നിര കൃത്യമായി പ്രതിരോധിച്ചു. ആദ്യ മത്സരത്തിൽ പോളണ്ടിനെ തോൽപ്പിച്ചെത്തിയ സ്ലോവാക്യക്ക് ആ മികവ് സ്വീഡനെതിരെ പുറത്തെടുക്കാനായില്ല. സ്പെയ്നുമായുള്ള സ്വീഡന്റെ ആദ്യ മത്സരം സമനിലയിലായിരന്നു.
അഞ്ചാം മിനിറ്റിൽ സ്ലോവാക്യയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. മരേക് ഹംസിക്കിന്റെ കോർണറിൽ ജൂറാജ് കുക്ക തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 13-ാ മിനിറ്റിൽ സ്വീഡന്റെ ആദ്യ ഗോൾ ശ്രമം. വലത് വിംഗിൽ നിന്ന് സെബാസ്റ്റ്യൻ ലാർസന്റെ ക്രോസിൽ മിഖായേൽ ലസ്റ്റിഗിന്റെ ഹെഡ്ഡർ പുറത്തേക്ക്. മറുവശത്ത് 20 വാര അകലെ നിന്ന് ഹംസിക് തൊടുത്ത ഷോട്ട് സ്വീഡന്റെ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. എന്തായാലും ആദ്യ പകുതിയിൽ കൂടുതൽ ആക്രമണങ്ങളൊന്നും ഇരുടീമിലേയും ഭാഗത്തുനിന്നുണ്ടായില്ല.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 58-ാം മിനറ്റിൽ കുക്കയുടെ ഹെഡ്ഡർ സ്വീഡിഷ് ഗോൾ കീപ്പർ റോബിൻ ഓൾസൺ രക്ഷപ്പെടുത്തി. മത്സരം കൂടുതൽ കടുക്കുന്നതാണ് പിന്നീട് കണ്ടത്. ഇതിന്റെ ഫലമായി 77-ാം മിനിറ്റിൽ സ്വീഡൻ ഗോൾ നേടി. പെനാൽറ്റിയിലൂടൊണ് ഫോർസ്ബർഗ് സ്വീഡന് ലീഡ് സമ്മാനിച്ചത്.
രണ്ടാം പകുതിയിലാണ് മത്സരം മികച്ച നിമിഷങ്ങൾക്ക് സാക്ഷിയായത്. മുന്നേറ്റങ്ങളിൽ മികച്ചുനിന്നത് സ്വീഡനായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സ്ലൊവാക്യ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
റോബർട്ട് ലെവൻഡോസ്കിയുടെ പോളണ്ടിനെ തോൽപ്പിച്ചെത്തിയ സ്ലൊവാക്യ ഇന്ന് ജയം നേടിയിരുന്നെങ്കിൽ പ്രീക്വാർട്ടറിൽ എത്തിയേനെ. തോൽവിയറിയാത്ത തുടർച്ചയായ ആറാം മത്സരമായിരുന്നു പോളണ്ടിനെതിരെ സ്ലൊവാക്യയുടേത്. അവസാന ഗ്രൂപ്പ് മത്സരത്തിലെ സ്പെയിൻ ആണ് സ്ലൊവാക്യയുടെ എതിരാളികൾ.
ജയത്തോടെ സ്വീഡന് ഗ്രൂപ്പ് ഇയിൽ ഒന്നാമതെത്തി. രണ്ട് മത്സരങ്ങളിൽ നാല് പോയിന്റാണ് സ്വീഡൻ. സ്ലോവാക്യ മൂന്ന് പോയിന്റുമായി രണ്ടാമതാണ്. സ്പെയ്ൻ, പോളണ്ട് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
സ്പോർട്സ് ഡെസ്ക്