ന്യൂഡൽഹി: നിയന്ത്രണ ഏജൻസികളുടെ അനുമതിയില്ലാതെ കൽപിത സർവകലാശാലകൾ 2018-19 മുതൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ പാടില്ലെന്നു സുപ്രീം കോടതി. നാലു കൽപിത സർവകലാശാലകൾ 2005 മുതൽ നൽകിയ എൻജിനീയറിങ് ബിരുദങ്ങൾ കോടതി റദ്ദാക്കി. ഇവയുടെ കോഴ്സുകൾക്കു നയവിരുദ്ധമായി അനുമതി നൽകിയ യുജിസി ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണത്തിനു കോടതി നിർദേശിച്ചു.

വിദ്യാഭ്യാസ നിലവാരത്തിന്റെ വിശ്വാസ്യതയെയും മികവിനെയും മെറിറ്റിനെയും ബാധിക്കുന്നതാണു കൽപിത സർവകലാശാലകളുടെ നടപടിയെന്നും വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണമാണു വ്യക്തമായിരിക്കുന്നതെന്നും കോടതി പറഞ്ഞു. അലഹാബാദ് അഗ്രിക്കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്, വിനായക മിഷൻസ് റിസർച് ഫൗണ്ടേഷൻ (തമിഴ്‌നാട്), ജെആർഎൻ രാജസ്ഥാൻ വിദ്യാപീഠ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എജ്യുക്കേഷൻ (രാജസ്ഥാൻ) എന്നിവ നൽകിയ ബിരുദങ്ങളാണ് കോടതി റദ്ദാക്കിയതും സസ്പെൻഡ് ചെയ്തതും.

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എഐസിടിഇ) അനുമതിയില്ലാതെയാണ് ഇവ കോഴ്സുകൾ നടത്തിയത്. കൽപിത സർവകലാശാലകൾ നൽകിയ ബിരുദങ്ങളുമായി ബന്ധപ്പെട്ട് ഒഡീഷ, പഞ്ചാബ്ഹരിയാന ഹൈക്കോടതികൾ നൽകിയ വിധികൾക്കെതിരെയുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ വിധി.