- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്ണത്തിൽ കുറവെങ്കിലും ഇന്ത്യയിലേക്ക് കൂടുതൽ പറന്നെത്തുന്നത് യുകെ മലയാളികൾ; കൊച്ചിയിലേക്ക് എയർഇന്ത്യ നേരിട്ട് പറന്നപ്പോൾ ലാഭത്തിൽ മൂന്നാം സ്ഥാനം; കേരളം സമ്മർദം ചെലുത്തിയാൽ കോവിഡിന് ശേഷവും എയർ ഇന്ത്യക്ക് നേരിട്ടുള്ള സർവീസ് തുടരാനാകും; യുകെ മലയാളികളുടെ സ്വപ്നങ്ങൾക്ക് ദൂരം കുറയുമോ?
ലണ്ടൻ: യുകെയിലെ 15 ലക്ഷം ഇന്ത്യക്കാരിൽ വെറും പത്തു ശതമാനം മാത്രമാണ് മലയാളികളുടെ വിഹിതം, അതായതു ഏകദേശം ഒന്നര ലക്ഷത്തോളം. ഈ കണക്കിലേക്കു കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എത്തികൊണ്ടിരിക്കുന്ന ഏതാനും ആയിരങ്ങളും കൂടി ചേർത്താലും ഇന്ത്യക്കാർക്കിടയിലെ ന്യൂനപക്ഷം തന്നെയാണ് മലയാളികൾ.
പഞ്ചാബികളുമായി സാമ്പത്തികമായും സാമൂഹികമായും മലയാളികൾക്ക് യുകെയിൽ ഒപ്പത്തിനൊപ്പം എത്താൻ ഇനിയും കാലങ്ങൾ കാത്തിരിക്കേണ്ടി വരും. പക്ഷെ യുകെയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ കണക്കെടുത്താൽ സകല ഇന്ത്യൻ സമൂഹത്തെയും പിന്നിലാക്കുകയാണ് മലയാളികൾ. ഇതിന്റെ ഏറ്റവും പ്രായോഗിക ഉദാഹരണമായി മാറുകയാണ് എയർ ഇന്ത്യ ബബിൾ സ്‌കീമിലൂടെ ആരംഭിച്ച സർവീസുകൾ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച സർവീസ് ഇപ്പോൾ ആഴ്ചയിൽ മൂന്നു വീതം ആക്കിയിട്ടും യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലേക്കുള്ള ഏറ്റവും ലാഭകരമായ റൂട്ടായി ലണ്ടൻ - കൊച്ചി വിലയിരുത്തപ്പെടുകയാണ്.
കേന്ദ്ര തലസ്ഥാനമായ ഡൽഹിയും വാണിജ്യ തലസ്ഥാനമായ മുംബൈയും മാത്രമാണ് കൊച്ചിക്കു മുന്നിൽ നില്കുന്നത്. മറ്റു ആറു കേന്ദ്രങ്ങളിലേക്ക് കൂടി എയർ ഇന്ത്യ പേരിനു സർവീസ് നടത്തുന്നുണ്ടെങ്കിലും അവയിൽ ഒക്കെ യാത്രക്കാർ കുറവാണു എന്ന സൂചനയാണ് സർവീസുകളുടെ എണ്ണം കൂട്ടാതിരിക്കുന്നതിലൂടെ തെളിയുന്നത്. എക്കാലവും ഉത്തരേന്ത്യൻ ലോബിയുടെ പിടിയിൽ നിന്നൂട്ടുള്ള എയർ ഇന്ത്യയിൽ നിന്നും ഇതാദ്യമായാണ് സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടാണെങ്കിലും പ്രവാസി മലയാളി സമൂഹത്തിൽ തന്നെ വീരോചിതം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ദീർഘ ദൂര സർവീസ് ആരംഭിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്തു എത്തുന്നതും ലണ്ടനിൽ നിന്നുള്ള ഡ്രീം ലൈനർ വിമാനങ്ങൾ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.
നിലവിൽ ഡൽഹിയിലേക്ക് ഏഴു സർവീസും മുംബൈയിലേക്ക് നാലു സർവീസുകളുമാണ് കൊച്ചിയേക്കാൾ അധികമായി എയർ ഇന്ത്യ പറക്കുന്നത്. എന്നാൽ ഈ രണ്ടു റൂട്ടിലും പറന്നെത്തുന്നത് ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായുള്ള യാത്രക്കാർ കൂടിയാണ്. നിലവിലെ എയർ ബബിൾ സർവീസുകൾ മാർച്ച് 31 വരെയായിരിക്കും എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. അതോടെ ഇന്ത്യ അന്താരാഷ്ട്ര വിമാന വിലക്ക് പിൻവലിക്കും എന്നാണ് കരുതപ്പെടുന്നത്. ആ ഘട്ടത്തിൽ ലണ്ടൻ - കൊച്ചി വിമാനവും പിൻവലിക്കപ്പെടും എന്നാണ് എയർ ഇന്ത്യയിൽ നിന്നും ലഭിക്കുന്ന സൂചന.
ഇനിയെന്ത്? യുകെ മലയാളികൾ വീണ്ടും നിരാശപ്പെടേണ്ടി വരുമോ?
ഈ ചോദ്യം തല്ക്കാലം ആരും ഉയർത്തുന്നില്ല എന്നതാണ് ഏറ്റവും കൗതുകം .അഥവാ യുകെ മലയാളി സമൂഹം അത്തരത്തിൽ ചിന്തിച്ചു വരുമ്പോഴേക്കും എയർ ഇന്ത്യ സർവീസ് അടച്ചു പൂട്ടി വീണ്ടും ലാഭകരമല്ലാത്ത ഉത്തരേന്ത്യൻ റൂട്ടുകളിലേക്കു തന്നെ പറന്നു തുടങ്ങിയിട്ടുണ്ടാകും. കാരണം അത്തരം റൂട്ടുകളിൽ പിടിച്ചു പറി നടത്താൻ അന്നാടുകളിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കു പ്രത്യേക താലപര്യമുണ്ട്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ബർമിൻഹാമിൽ നിന്നുള്ള അമൃത്സർ വിമാനം. ലണ്ടൻ - കൊച്ചി എന്ന പൊന്മുട്ടയിടുന്ന താറാവിനെ ഓർമ്മിപ്പിക്കുന്ന റൂട്ട് ഭാവിയിൽ സ്വകാര്യ കമ്പനികൾ കൊത്തിയെടുക്കാനുള്ള സാധ്യതയും ചെറുതല്ല. കാരണം എയർ ഇന്ത്യയുടെ ലാഭകരമായ റൂട്ടിനെ കുറിച്ച് അവരും പഠനം തുടങ്ങിക്കഴിഞ്ഞു. എന്നാൽ സർക്കാർ എയർലൈനർ ആയ എയർ ഇന്ത്യ ഈ റൂട്ടിൽ പറക്കുന്നതാണ് യുകെ മലയാളികൾക്ക് എന്തുകൊണ്ടും സൗകര്യപ്രദം.
പക്ഷെ ഇതിനായി കോവിഡാനന്തര കാലത്തു ആര് സംസാരിക്കും ?
പ്രസക്തമായ ചോദ്യം ഇതാണ്. യുകെ മലയാളികൾക്ക് വേണ്ടി സമ്മർദ ശക്തിയാകാൻ ഭരണ പ്രതിപക്ഷ ഭേദം മറന്നു രാഷ്ട്രീയക്കാർ ഒന്നിക്കുമോ? ലോക്‌സഭയിലെയും രാജ്യസഭയിലെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജയിച്ചു എത്തിയ നാലുപേരും അടക്കം 33 എംപിമാർ ഇക്കാര്യത്തിൽ യുകെ മലയാളികൾക്കൊപ്പം നിൽക്കുമോ? എന്തിനു പ്രവാസി മലയാളികൾക്ക് വേണ്ടി മാത്രം സൃഷ്ടിച്ച ലോക് കേരള സഭയുടെ യുകെ പ്രതിനിധികൾ ഇത്തരം കാര്യങ്ങൾ വല്ലതും അറിയുന്നുണ്ടോ, ചിന്തിക്കുന്നുണ്ടോ? അതോ ഈ സർവീസ് നിർത്തിയ ശേഷം ഘോരഘോര പ്രസ്താവന ഇറക്കുവാൻ കാത്തിരിക്കുകയാണോ സകലരും? ലണ്ടൻ - കൊച്ചി റൂട്ട് സ്ഥിരപ്പെടുത്താൻ സമ്മർദം ചെലുത്താനാകുന്ന ഏറ്റവും പറ്റിയ സമയം കൂടിയാണിത്. സർവീസ് തുടരാതിരിക്കാൻ എയർ ഇന്ത്യക്കു പ്രത്യേക കാരണമൊന്നും പറയാനുണ്ടാവില്ല എന്നും ഉറപ്പാണ്.
എന്തുകൊണ്ട് കൊച്ചി റൂട്ടിൽ ആളുകൾ ഇടിച്ചു കയറുന്നു?
ഗോവയിലേക്ക് പോലും ആളുകൾ പോകാൻ മടിക്കുമ്പോൾ എന്താണ് കൊച്ചി റൂട്ടിൽ ആളുകൾ ഇടിച്ചു കയറാൻ താൽപരം കാട്ടുന്നത്? ലക്ഷക്കണക്കിന് പഞ്ചാബികൾ ഉണ്ടായിട്ടും എന്തുകൊണ്ട് അമൃത്സർ വിമാനത്തിൽ തിരക്കില്ല? ഇന്ത്യയിലെ വമ്പൻ നഗരങ്ങളായ ബാംഗ്ലൂരും അഹമ്മദാബാദും കൊൽക്കത്തയും ചെന്നൈയും ഒക്കെ എന്തുകൊണ്ട് പിന്നിൽ നിൽക്കുന്നു? ഇതിനൊക്കെ ഒരൊറ്റ ഉത്തരമേയുള്ളൂ. യുകെ മലയാളികളുടെ നാടിനോടുള്ള സ്‌നേഹം. താരതമെന്യേ പുതിയ കുടിയേറ്റ സമൂഹം ആയതിനാൽ അടിക്കടി നാട്ടിൽ പോകാൻ ഇഷ്ടപ്പെടുന്നവരാണ് ഓരോ യുകെ മലയാളിയും. നാടിനോടുള്ള ബന്ധം അറുത്തു മുറിക്കാൻ ഒന്നാം യുകെ മലയാളി കുടിയേറ്റത്തിനു സമയം ആയിട്ടില്ല എന്നതാണ് വസ്തുത. പഞ്ചാബികളും ഗുജറാത്തികളും തമിഴരും ഒക്കെ ഏറെയുണ്ടെങ്കിലും അവരൊക്കെ രണ്ടും മൂന്നും തലമുറ പിന്നിട്ടവർ ആയതിനാൽ ഇന്ത്യയിലേക്കുള്ള മടക്ക യാത്ര വല്ലപ്പോഴും മാത്രം ആഗ്രഹിക്കുന്നവരാണ് എന്നതാണ് വസ്തുത.
എന്നാൽ ഇപ്പോഴും വീടും സ്വത്തും ഒക്കെ കേരളത്തിൽ തന്നെ സൂക്ഷിക്കുന്നവരാണ് യുകെ മലയാളികളിൽ നല്ല പങ്കും. മരിച്ചാൽ സംസ്‌കാര കർമ്മങ്ങൾ പോലും കേരളത്തിൽ എത്തിച്ചു പൂർത്തിയാക്കണമെന്ന ആഗ്രഹമുള്ള ഈ പുത്തൻ കുടിയേറ്റ സമൂഹത്തിന്റെ നൊസ്റ്റാൾജിയ കൂടിയാണ് ലണ്ടൻ - കൊച്ചി വിമാനത്തിലെ തിരക്ക് സൂചിപ്പിക്കുന്നത്. ഈ വിമാനത്തിൽ കയറിയാൽ കൂടുതൽ വേഗത്തിൽ നാട്ടിൽ എത്താൻ സാധിക്കും എന്ന് മനസിലാക്കി ശ്രീലങ്കക്കാരും കൊച്ചി വഴി പറന്നു തുടങ്ങിയത് മറ്റൊരു ശുഭ കാര്യമാണ്. കേരളത്തോട് ചേർന്ന് കിടക്കുന്ന കോയമ്പത്തൂർ അടക്കമുള്ള അന്യനാട്ടുകാർക്കും കൊച്ചി അകലെയല്ല എന്നതാണ് മറ്റൊരു അനുകൂല ഘടകം. ഇത്തരം അനുകൂല ഘടകങ്ങൾ ഏറെയുള്ളതിനാൽ കോവിഡ് നിയന്ത്രണം മാറിയ ശേഷവും ലണ്ടൻ - കൊച്ചി റൂട്ട് ലാഭകരമായി പറക്കാൻ ഉള്ള സാധ്യതകളാണ് അവശേഷിക്കുന്നത്. പക്ഷെ ഈ വിമാനം തുടർന്ന് പറക്കാൻ നിശ്ചയമായും കേരളം മുന്നിട്ടിറങ്ങുക തന്നെ വേണം.
മറുനാടന് മലയാളി ബ്യൂറോ