- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിവേഗ വ്യാപന വൈറസ് ഭീതിയിൽ ബ്രിട്ടൻ ഒറ്റപ്പെടുന്നു; ഇന്നത്തെ അവസാന വിമാനം പിടിക്കാൻ മലയാളികൾക്കിടയിൽ കൂട്ടയിടി; വാക്‌സിൻ ആദ്യമെടുത്ത രാജ്യമെന്ന പെരുമ പുതിയ വൈറസ് പേടിയിൽ നഷ്ടമായെന്ന് വിലയിരുത്തൽ; അടുത്തകാലത്തൊന്നും യുകെ സാധാരണ നിലയിലേക്ക് മടങ്ങില്ല
ലണ്ടൻ : രണ്ടാം കോവിഡ് വ്യാപനത്തിൽ രൂപമാറ്റം സംഭവിച്ച വൈറസിനെ കുറിച്ച് ബ്രിട്ടൻ ഗൗരവമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുകയാണ് . എന്നാൽ പൊടുന്നനെ യൂറോപ്യൻ രാജ്യങ്ങളും പിന്നാലെ ഇന്ത്യയും അതിനോട് പ്രതികരിച്ച അസാധാരണ വേഗത അത്ഭുതപെടുത്തുന്നതും അമ്പരപ്പിക്കുന്നതുമായി .
ഇക്കഴിഞ്ഞ സെപ്റ്റംബർ മുതൽ പടരുന്ന രണ്ടാം വ്യാപനത്തിൽ മ്യൂട്ടേഷൻ സംഭവിച്ച വൈറസാണ് രോഗം അതിവേഗത്തിൽ പടർത്തുന്നത് എന്നാണ് ബ്രിട്ടനിലെ ശാസ്ത്ര സംഘത്തിന്റെ നിഗമനം . ഈ വൈറസ് കൂടുതൽ ബാധിച്ചത് കുട്ടികളിൽ ആണെന്നും വെളിപ്പെടുത്തൽ വന്നു കഴിഞ്ഞു . രോഗ വ്യാപനം വേഗത്തിലായാതിനാൽ പലയിടത്തും ആശുപത്രികളുടെ സൗകര്യങ്ങളിൽ 70 ശതമാനം വരെ ലണ്ടൻ ബറോയിൽ ഉപയോഗപ്പെടുത്തിയതാണ് കൂടുതൽ കടുത്ത നിയന്ത്രങ്ങളിലേക്കു നീങ്ങാൻ ബ്രിട്ടനെ പ്രേരിപ്പിച്ചത് .
എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ബ്രിട്ടനിൽ നിന്നും ഈ വൈറസ് യാത്രക്കാർ വഴി ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനകം എത്തിക്കഴിഞ്ഞരിക്കും എന്നിരിക്കെ പൊടുന്നനെ ഉണ്ടായ യാത്ര നിരോധനം വഴി ഉദ്ദേശിച്ച ഫലം ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു . എന്നാൽ ആദ്യ വാക്‌സിൻ വിതരണം നടന്ന രാജ്യം എന്ന ഇമേജിൽ നിന്നും യാത്ര നിരോധനം വഴി ബ്രിട്ടന് അന്താരാഷ്ട്ര തലത്തിൽ ഇന്നലെ ഉണ്ടായ സംഭവ വികാസങ്ങൾ ഏൽപ്പിക്കുന്ന പ്രഹരം ഏറെ വലുതായിരിക്കും .
യൂറോപ്പ് കടക്കാൻ പതിനായിരക്കണക്കിന് ചരക്കു വാഹനങ്ങൾ ഡോവറിലും കെന്റിലെ ട്രക്ക് പാർക്കിങ് ബേകളിലും ഊഴം കാത്തു കിടക്കുമ്പോൾ വരും ദിവസന്ങ്ങളിൽ മുന്നറിയിപ്പ് ഇല്ലാതെ എത്തിയ ഈ നിരോധനം വഴി യുകെയിലെ ജനജീവിതത്തെ ഏതൊക്കെ വിധത്തിലാകും ബാധിക്കുക എന്ന് പറയാനാകില്ല .
ലണ്ടൻ പ്രദേശത്തു ഇപ്പോൾ കോവിഡ് ടെസ്റ്റ് നടത്തുന്ന ഏറെക്കുറെ മുഴുവൻ പേർക്കും പോസിറ്റിവായി മാറുന്നു എന്നതാണ് സാഹചര്യം . എന്നാൽ വ്യാപനത്തിന് ശക്തി കാട്ടുന്ന വൈറസ് രോഗികളിൽ കടുത്ത ആക്രമണം നടത്തുന്നില്ല എന്നാണ് പോസിറ്റീവായ മലയാളികൾ പങ്കുവയ്ക്കുന്ന പ്രധാന വിവരം . കോവിഡ് ലക്ഷണമായി കരുതപ്പെട്ടിരുന്ന യാതൊരു സൂചനയും ഈ പോസിറ്റീവ് രോഗികളിൽ ഇല്ല . സ്‌കൂളുകൾ വഴിയാണ് രോഗവ്യാപനം തീവ്രവായതു എന്ന് കരുതപ്പെടുന്നു .
സാമൂഹ്യ അകലം പാലിക്കുന്നതിലും കൈകൾ ശുചിയാകുന്നതിലും മറ്റും കുട്ടികൾ കാട്ടിയ അശ്രദ്ധയും രോഗവ്യാപനത്തിനു ഒരു കാരണമായി മാറിയിരിക്കാം എന്നും പറയപ്പെടുന്നു . എന്നാൽ അനേകം ആളുകളിലേക്ക് ഒരേ സമയം രോഗം എത്തുമ്പോൾ പ്രതിരോധ ശേഷി കുറവയവരിൽ കോവിഡ് പതിവ് പോലെ ശക്തമായ ആക്രമണം നടത്തുന്നതാണ് ഇപ്പോൾ ലണ്ടൻ ബറോയിലെ ആശുപത്രികളിൽ രോഗികൾ തിങ്ങി നിറയാൻ കാരണമായത് .
രോഗം ഇതേ വേഗത്തിൽ പടർന്നാൽ രോഗികളെ കിടത്താൻ സ്ഥലം ഇല്ലാതാകും എന്ന് വന്നതോടെയാണ് സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങിയത് . മാത്രവുമല്ല ക്രിസ്മസ് വാരം എന്ന നിലയിൽ അനേകം ആളുകൾ തമ്മിൽ ഇടപഴകാൻ സാധ്യത ഉള്ളതും പ്രായമായവരെയും രോഗികളെയും സന്ദർശിക്കാൻ സാധ്യത ഉള്ളതും നിയന്ത്രണം കടുപ്പിക്കാൻ മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നു . എങ്ങനെയും ഈ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം നിയത്രിക്കുക എന്നതാണ് ഇപ്പോൾ സർക്കാരിന്റെ പ്രധാന ലക്ഷ്യം .
അതിനിടെ ഇന്ന് പറക്കുന്ന ഈ വർഷത്തെ അവസാന വിമാനം പിടിക്കാൻ ഇന്നലെ പകൽ മുഴുവൻ നൂറുകണക്കിന് യാത്രക്കാരാണ് ശ്രമം നടത്തി നിരാശരായതു . ടിക്കറ്റുകൾ ഏറെക്കുറെ പൂർണമായും വിറ്റുകഴിഞ്ഞ വിമാനത്തിൽ വളരെ ചുരുക്കം പേർക്ക് മാത്രമാണ് നിരോധന വാർത്ത വന്നതിനെ തുടർന്ന് അവസാന വിമാനത്തിൽ യാത്ര ചെയ്യാൻ അവസരം ഉണ്ടായതു .
നിരോധന വാർത്ത വന്ന ശേഷമുള്ള അവസാന വിമാനം ഇന്ന് രാവിലെ 8.20 നാണു ഹീത്രോവിൽ നിന്നും കൊച്ചിയിലെക്ക് പറക്കുന്നത് . സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം വിമാന യാത്ര നിരോധനം പുനഃപരിശോധിക്കുക ഈ മാസം 31 നു ശേഷമായിരിക്കും . ഏറെക്കുറെ യാത്ര നിരോധനം പുതുവർഷത്തിലും തുടരാനുള്ള സാധ്യതയാണ് ഏവിയേഷൻ രംഗത്ത് പ്രവർത്തിക്കുന്നവർ നൽകുന്നത് . ഇതോടെ യുകെ മലയാളികൾക്ക് വീണ്ടും നാടുമായുള്ള നേരിട്ടുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയാണ് .
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള വന്ദേഭാരത് മിഷൻ വഴിയും പിന്നീട് എയർ ബബിൾ വഴിയും നാട്ടിൽ എത്താനുള്ള അവസരം ഉണ്ടായിരുന്നതാണ് ഇപ്പോൾ താൽക്കാലികമായെങ്കിലും പൂർണമായും ഇല്ലാതാകുന്നത് . ഇതോടെ ഈ ദിവസങ്ങളിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിരുന്നവരുടെ കാര്യം പൂർണമായും അനിശ്ചിതത്വത്തിലായി .
ഈ സാഹചര്യത്തിലാണ് ഇന്നത്തെ വിമാനത്തിൽ എങ്ങനെയും ടിക്കറ്റ് ഒപ്പിക്കാൻ അനേകം യാത്രക്കാർ കഠിന പരിശ്രമം നടത്തിയത് . ലണ്ടൻ പൂർണമായും നിരോധന മേഖലയായി മാറിയതോടെ ഈ മാസം അവസാനം വരെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങളും തടസപ്പെടുമെന്നു ഹൈ കമ്മീഷൻ സാമൂഹ്യ മാധ്യമങ്ങൾ വഴി അറിയിപ്പ് നൽകിയിട്ടണ്ട് . പ്രവർത്തനം പുനരാരംഭിക്കുന്ന വിവരം ട്വിറ്റര് , ഫേസ്‌ബുക് സംവിധാനം വഴി അറിയിക്കുമെന്നണ് എംബസി വൃത്തങ്ങൾ വക്തമാക്കുന്നത് .
ആദ്യ കോവിഡ് വ്യാപനത്തെ ആറുമാസത്തിലേറെ സമയമെടുത്ത് വരുതിയിലാക്കിയ ബ്രിട്ടന് രണ്ടാം വ്യാപനത്തെ നേരിടാൻ എത്ര സമയം ആവശ്യമാകും എന്ന ചോദ്യത്തിന് സൂചന നൽകിയുള്ള ഉത്തരം നല്കാൻ പോലും സർക്കാരിന് കഴിയുന്നില്ല . അടുത്ത വർഷത്തെ വിഷു - ഈസ്റ്റർ സമയമായ വസന്ത കാലത്തു പോലും ബ്രിട്ടൻ നിയന്ത്രണ രഹിതമായ രാജ്യമായി മാറും എന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാനാകില്ല .
വാക്‌സിൻ എത്തിയാൽ എല്ലാം ശരിയാകും എന്ന ധാരണ പുലർത്തിയ ലോകജനതക്കു ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് മ്യൂട്ടേഷൻ സംഭവിച്ച വൈറസിനെക്കുറിച്ചുള്ള വാർത്തകൾ . ഇതോടെ സാധാരണ മനുഷ്യജീവിതം പൂർവ സ്ഥിതിയിലാകാൻ 2021 ലും സാധിക്കില്ലേ എന്ന ആശന്ക നിറഞ്ഞ ചോദ്യവും എത്തിക്കഴിഞ്ഞു .
മറുനാടന് മലയാളി ബ്യൂറോ