- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ഫസ്റ്റ് കോൺടാക്ട് ആയാലും ജൂലായ് 19 മുതൽ രണ്ട് വാക്സിനും എടുത്തവർക്ക് ക്വാറന്റൈൻ ഇല്ല; കോവിഡ് സർട്ടിഫിക്കറ്റും പാസ്സ്പോർട്ടും വേണ്ടെന്ന് വയ്ക്കുന്നു; ബ്രിട്ടണിൽ എല്ലാവർക്കും നിയന്ത്രണങ്ങൾ ഇല്ലാതെ സാധാരണപോലെ ജീവിക്കാം

ബ്രിട്ടൻ അതിവേഗ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്ന സൂചനകൾ നൽകിക്കൊണ്ട് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. കോവിഡ് രോഗിയുടെ ആദ്യ സമ്പർക്കത്തിൽ പെടുന്ന വ്യക്തിയാണെങ്കിൽ പോലും, വാക്സിന്റെ രണ്ടു ഡോസുകളും എടുത്തിട്ടുണ്ടെങ്കിൽ ക്വാറന്റൈന് വിധേയമാകേണ്ടി വരില്ല എന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. ജൂലായ് 19 മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക. അതിനു പകരമായി, ഇക്കൂട്ടർ പത്തുദിവസത്തേക്ക് ദിവസേന ലാറ്ററൽ ഫ്ളോ ടെസ്റ്റിന് വിധേയരാകണം.
ഈ പരിശോധനയിൽ നെഗറ്റീവ് ആയാൽ, വീടിനു വെളിയിൽ ഇറങ്ങാനുള്ള അനുമതി നൽകും. ജൂലായ് 19 ന് സമ്പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കഴിഞ്ഞാൽ കോവിഡ് സർട്ടിഫിക്കേഷനുംകോവിഡ് പാസ്സ്പോർട്ടുമൊക്കെ വേണ്ടെന്നു വയ്ക്കാൻ മന്ത്രിമാർ ആലോചിക്കുന്നതിനിടയിലാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജൂലായ് 19 ന് ശേഷം സംഗീത പരിപാടികൾക്കും കായിക പരിപാടികൾക്കുമൊക്കെ പങ്കെടുക്കാൻ കോവിഡ് പാസ്സ്പോർട്ടിന്റെ ആവശ്യം വരില്ല. ബാറുകളിലും പബ്ബുകളിലും ഇത് നിർബന്ധമാക്കണമെന്ന ആവശ്യം നേരത്തേ കടുത്ത പ്രതിഷേധത്തെ തുടർന്ന് നിരാകരിച്ചിരുന്നു.
വൻജനക്കൂട്ടം ഉണ്ടാകുന്ന വലിയ പരിപാടികൾക്ക് സർക്കാർ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കില്ലെങ്കിലും, പരിപാടിയുടെ സംഘാടകർക്ക് ആവശ്യമെങ്കിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് സർട്ടിഫിക്കേഷൻ ആവശ്യപ്പെടാം. ഇത് പൂർണ്ണമായും സംഘാടകരുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. പ്രീമിയർ ലീഗിൽ കാണികൾക്ക് അത്തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയേക്കും. വാക്സിൻ പദ്ധതി വിജയകരമായതിനാൽ, ജൂലായ് 19 ന് തന്നെ ലോക്ക്ഡൗൺ പൂർണ്ണമായും എടുത്തുകളയുമെന്ന് ഏതാണ് ഉറപ്പായ സാഹചര്യത്തിലാണ് ഈ പുതിയ വാർത്ത വരുന്നത്.
അതേസമയം ആശങ്കകൾ ബാക്കിയാക്കി മറുവശത്ത് രോഗവ്യാപനം വർദ്ധിച്ചുകൊണ്ടേ ഇരിക്കുകയാണ് കഴിഞ്ഞ ആഴ്‌ച്ചയിലേതുമായി താരതമ്യം ചെയ്യുമ്പോൾ 70 ശതമാനത്തിന്റെ വർദ്ധനയാണ് ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. 20,479 പേർക്കാണ് ഇന്നലെ ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, രോഗവ്യാപന തോത് നിലവിലുള്ളതിന്റെ ഇരട്ടിയായി വർദ്ധിച്ചാലു ജൂലായ് 19 ന് തന്നെ ലോക്ക്ഡൗൺ പിൻവലിക്കാൻ സർക്കാർ ഉറപ്പിച്ചിരിക്കുകയാണെന്നാണ് ചില സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞയാഴ്‌ച്ച 10 ശതമാനം വർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതുപോലെ മരണനിരക്കും കേവലം 2 ശതമാനം മാത്രമാണ് വർദ്ധിച്ചിട്ടുള്ളത്. അതായത്, ഫ്ളൂ പോലെ, ചികിത്സിച്ചു ഭേദമാക്കാവുന്ന മറ്റൊരു രോഗമായി കോവിഡ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള കാലം കോവിഡുമൊത്ത് ജീവിക്കേണ്ടതായി വരും എന്ന യാഥാർത്ഥ്യവും കൂടിയാകുമ്പോൾ നിയന്ത്രണങ്ങൾ ഇനിയും നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ.

