ലണ്ടൻ: ബ്രിട്ടനിലെ ഗ്ലോസ്റ്ററിനു സമീപം ചെൽസ്റ്റർഹാമിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്. മരിച്ച ബിൻസിന്റെ ഭാര്യയ്ക്കും രണ്ടുവയസ്സുള്ള കുഞ്ഞിനും അർച്ചനയുടെ ഭർത്താവ് നിർമൽ രമേശിനും അപകടത്തിൽ പരുക്കേറ്റു.

ബിൻസിന്റെ ഭാര്യ അനഘയും കുട്ടിയും ഓക്‌സ്‌ഫെഡ് എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ് പരുക്കേറ്റ് ചികിത്സയിലുള്ള നിർമൽ രമേശ്. ചെൽസ്റ്റർഹാമിലെ പെഗ്ഗിൾസ്വർത്തിൽ എ-436 റോഡിൽ ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് റോഡിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു.

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ബിൻസ് രാജൻ ഭാര്യ അനഘയും കുട്ടിയുമൊത്ത് യുകെയിലെത്തിയത്. ലൂട്ടൻ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായിരുന്നു അനഘ. കൂട്ടുകാരായ ബിൻസും നിർമലും കുടുംബസമേതം ഓക്‌സ്‌ഫെഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം. യുകെ മലയാളികളുടെ സംഘടനാ നേതാക്കൾ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും മറ്റുമായി ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്.

അപകട സ്ഥലത്ത് തന്നെ ബിൻസ് രാജൻ മരണമടഞ്ഞു. ഭാര്യ അനഘയും കുട്ടിയും ഓക്‌സ്‌ഫോർഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കൂടെയുണ്ടായിരുന്ന അർച്ചനയെ ബ്രിസ്റ്റോൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർച്ചന കൊല്ലം സ്വദേശിയാണ്. ഭർത്താവ് നിർമ്മൽ രമേഷ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്.

മൂന്നാമത്തെ മരണം ആരുടേതാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ലോറിയുമായുള്ള കൂട്ടയിടിയാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത് എന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ ഗ്ലോസ്റ്റർഷെയർ കോൺസ്റ്റാബുലറി പുറത്തു വിട്ടിട്ടില്ല. അപകടത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു വിവിധ ആംബുലൻസ് യൂണിറ്റുകളും എയർ ആംബുലൻസും ഹസാർഡ് ഏരിയ റെസ്‌പോൺസ് ടീമും അടക്കമുള്ളവർ എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ലൂട്ടൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ഇവരുടെ ഡിപെൻഡ് വിസയിൽ എത്തിയ ഭർത്താക്കന്മാരുമാണ് അപകടത്തിൽ ഉൾപ്പെട്ടത്. യൂണിവേഴ്സിറ്റി പഠനത്തിന് ഒപ്പം ലൂട്ടനിലെ മലയാളി നേഴ്സിങ് കെയർ ഏജസിയിൽ ഇവർ ജോലിയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ ഇൻടേക്കിലാണ് ഇവർ യുകെയിൽ എത്തുന്നത്. ഒക്ടോബറിലാണ് ഇവർ യൂണിവേഴ്സിറ്റി ക്ലാസുകളിൽ എത്തി തുടങ്ങിയതെന്ന് സഹപാഠികൾ വ്യക്തമാക്കുന്നു.

അപകടം ഇന്നലെ ഉച്ചക്ക് പതിനൊന്നേ കാലോടെ സംഭവിച്ചതെയാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തെ തുടർന്ന് അടച്ച റോഡ് എട്ടു മണിക്കൂർ കഴിഞ്ഞിട്ടും തുറന്നിട്ടില്ലെന്നു പ്രാദേശിക മാധ്യമം ഗ്ലോസ്റ്റർഷെയർ ലൈവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണം നാട്ടിൽ ബന്ധുക്കളെ അറിയിച്ചതായാണ് സഹപാഠികളും സുഹൃത്തുക്കളും ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കിയത്. രണ്ടാമത്തെ മരണവും സ്ഥിരീകരിച്ചതോടെ ലൂട്ടൻ മലയാളികൾ രണ്ടു സംഘമായി ഓക്‌സ്‌ഫോർഡ്, ബ്രിസ്റ്റോൾ ആശുപത്രികളിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.