ലണ്ടൻ: ഇംഗ്ലണ്ടിന്റെയും വെയിൽസിലേയും മിക്ക ഭാഗങ്ങളിലും താപനില 30 ഡിഗ്രിക്ക് മുകളിൽ എത്തിയതോടെ ഇന്നലെ ബ്രിട്ടൻ സാക്ഷ്യം വഹിച്ചത് ഈ വർഷം ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടേറിയ ദിവസമായിരുന്നു. ഈയാഴ്‌ച്ച മുഴുവനും ഇത്തരത്തിലുള്ള കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരും പറയുന്നത്. ഹീത്രൂവിൽ ഇന്നലെ രേഖപ്പെടുത്തിയത് 31 ഡിഗ്രി ചൂടായിരുന്നു. വെയിൽസിലെ പല ഭാഗങ്ങളിലും അന്തരീക്ഷ താപനില 30 ഡിഗ്രിക്ക് മുകളിൽ പോയി.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുവാൻ ഇനിയും ഒരു ദിവസം കൂടി ബാക്കിയുണ്ടെന്നതൊന്നും ജനങ്ങൾക്ക് ബാധകമായില്ല. ബ്രിട്ടനിലെ ബീച്ചുകളിലും മറ്റും ആയിരക്കണക്കിന് ആളുകളാണ് ചൂടിനെ തോൽപ്പിക്കാൻ ഒത്തുകൂടിയത്. തീരദേശത്തെ നിരത്തുകളിലെല്ലാം വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ബ്രിട്ടന്റെ നാല് അംഗരാജ്യങ്ങൾക്കും ശനിയാഴ്‌ച്ച ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു. എന്നാൽ നോർത്തേൺ അയർലൻഡിനെ സംബന്ധിച്ച്, അന്തരീക്ഷോഷ്മാവ് രേഖപ്പെടുത്താൻ തുടങ്ങിയതിൽ പിന്നെ ഉണ്ടായിട്ടുള്ള ഏറ്റവും ചൂടേറിയ ദിവസവും.

സ്‌കോട്ട്ലാൻഡിലും നോർത്തേൺ അയർലാൻഡിലും ഞായറാഴ്‌ച്ച ഈ റെക്കോർഡ് തകർക്കപ്പെട്ടില്ലെങ്കിലും ഇംഗ്ലണ്ടും വെയിൽസും ഞായറാഴ്‌ച്ച കൂടിയ താപനില അനുഭവിച്ചു.അടുത്തയാഴ്‌ച്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 32 ഡിഗ്രിക്ക് പുറത്തുപോകും എന്നാണ് കാലാവസ്ഥാ പ്രവചനം. മിഡ്ലാൻഡ്സ്, തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഇതിനു സാധ്യത കൂടുതൽ. ലണ്ടനിലും അന്തരീക്ഷ താപനില അടുത്ത ആഴ്‌ച്ച 32 ഡിഗ്രി കടന്നേക്കും.

വെള്ളിയാഴ്‌ച്ചപകലോടെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ മഴയും ഇടിയോടുകൂടിയ മഴയും എത്തുമെന്നും കലാവസ്ഥ നിരീക്ഷകർ പറയുന്നു. അടുത്ത വാരാന്ത്യമാകുമ്പോഴേക്കും ഇത് വടക്കു കിഴക്കൻ മേഖലയിലേക്ക് കൂടി പടരും. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അരോഗ്യ പരിപാലനത്തിനായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും മെറ്റ് ഓഫീസും ഒത്തുചേർന്ന് പ്രവർത്തിക്കുകയാണ്. പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ധരിക്കാനും,ധാരാളം വെള്ളം കുടിക്കാനുമുള്ള നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു.

ഇന്നലെ അന്തരീക്ഷ താപനില റെക്കോർഡ് ഉയരത്തിലെത്തിയതോടെ ആയിരക്കണക്കിന് ജനങ്ങളാണ് ബീച്ചുകളിലും മറ്റും തടിച്ചുകൂടിയത്. ബേൺമൗത്തിലും ഡോർസെറ്റിലെ ബ്രാങ്ക്സം ബീച്ചിലും അഭൂതപൂർവ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. വേമൗത്ത് ബീച്ചിലും കടൽക്കാറ്റ് കൊള്ളാനെത്തിയവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. അതേസമയം ഡർഡൽ ഡൂറിലേക്കും സാൻഡ്ബാങ്ക്സ് പെനിൻസുലയിലേക്കുമുള്ള വഴികൾ തിരക്ക് ക്രമാതീതമായതിനെ തുടർന്ന് അടച്ചിട്ടു.