- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ ജനതക്ക് നേര അടിക്കടി വിദ്വേഷ പരാമർശങ്ങൾ; റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിക്ക് 20ലക്ഷത്തോളം രൂപ പിഴ; നടപടി ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അഥോറിറ്റിയായ ഓഫ് കോമിന്റെത്; റേറ്റിങ്ങ് തട്ടിപ്പിനും ക്രിമിനൽ കേസുകൾക്കും പിന്നാലെ അർണാബിനും കൂട്ടർക്കും വീണ്ടും തിരിച്ചടി
ന്യൂഡൽഹി: ടിആർപി റേറ്റിങ്ങ് തട്ടിപ്പ് കേസിലും, വിവിധ ക്രിമിനിൽ കേസുകൾക്കും പിന്നാലെ അർണാബ് ഗോസ്വാമിക്കും റിപ്പബ്ലിക്ക് ടീവിക്കും വീണ്ടും നാണക്കേടായി ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റയുടെ പിഴയും. റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിക്ക് 20000 പൗണ്ടാണ് (19,85,162.86 രൂപ) പിഴ വിധിച്ചത്. പാക്കിസ്ഥാനി ജനതയ്ക്ക് നേരെ നിരന്തരം വിദ്വേഷ പരാമർശങ്ങൾക്കാണ് ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അഥോറിറ്റിയായ ഓഫ് കോം റിപ്പബ്ലിക്ക് ഭാരതിന് ഫൈൻ ഏർപ്പെടുത്തിയത്.
ഒരു വർഷം മുൻപ് റിപ്പബ്ലിക്ക് ഭാരതിൽ സംപ്രേഷണം ചെയ്ത പരിപാടിയിലായിരുന്നു വിദ്വേഷ പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നത്.ബ്രോഡ്കാസ്റ്റിങ്ങ്, ടെലികമ്മ്യൂണിക്കേഷൻസ്, പോസ്റ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിൽ ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ച സംഘടനയാണ് ഓഫ് കോം.
റിപ്പബ്ലിക്ക് ഭാരതിൽ അർണബ് ഗോസ്വാമി അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത് എന്ന പരിപാടി ബ്രോഡ്കാസ്റ്റിങ്ങ് നിയമങ്ങൾ ലംഘിച്ചുവെന്ന് ഓഫ് കോം പറഞ്ഞു. 2019 സെപ്റ്റംബർ ആറിന് അർണബ് അവതരിപ്പിച്ച പരിപാടിയിൽ പാക്കിസ്ഥാനിലെ ജനങ്ങളെ അപകീർത്തികരമായി ചിത്രീകരിക്കുന്ന ഭാഷയും പരാമർശങ്ങളും ഉപയോഗിച്ചുവെന്ന് ഓഫ് കോം റിപ്പബ്ലിക്ക് ഭാരതിന് നൽകിയ നോട്ടീസിൽ പറയുന്നു.
പരിപാടി അവതരിപ്പിച്ച റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബും അതിഥിയായെത്തിയ ആളുകളും പാക്കിസ്ഥാനി ജനങ്ങളെ അപമാനിച്ചുവെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷ പരാമർശങ്ങൾ അടങ്ങിയതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഓഫ്കോം പരിപാടിയുമായി ബന്ധപ്പെട്ട നിരവധി പരാതികൾ വരുന്നുണ്ടെന്ന് റിപ്പബ്ലിക്ക് ഭാരത് ടിവിയെ നേരത്തെ അറിയിച്ചിരുന്നു. പരിപാടി യു.കെയിൽ സംപ്രേഷണം ചെയ്യുന്നതിന് നിലവിൽ വിലക്കുണ്ട്.
ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യവുമായും ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുമായും ബന്ധപ്പെട്ടായിരുന്നു ചർച്ച നടന്നത്. പരിപാടിയിൽ പാക്കിസ്ഥാനിൽ നിന്നുള്ള അതിഥികളെയും പങ്കെടുപ്പിച്ചിരുന്നു.എന്നാൽ റിപ്പബ്ലിക്ക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമി പാക്കിസ്ഥാൻ പ്രതിനിധികളെ ചർച്ചയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്നും അവർക്കു നേരെ ആക്രോശിച്ചുവെന്നും ഓഫ് കോമിന്റെ റിപ്പോർട്ടിൽ പറയുന്നു.
റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിയിൽ സംപ്രേഷണം ചെയ്ത പരിപാടിക്ക് ലണ്ടൺ റെഗുലേറ്ററി ബോഡിയായ ഓഫ് കോം 19 ലക്ഷം രൂപ പിഴയിട്ട സംഭവത്തിൽ അർണബിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി.അർണബ് സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികളും ഇങ്ങനെ പരിശോധിക്കപ്പെട്ടാൽ അദ്ദേഹം ഉടൻ പാപ്പരായിക്കോളും എന്നാണ് പ്രശാന്ത് ഭൂഷൺ പറഞ്ഞത്.
മറുനാടന് ഡെസ്ക്