- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ അമ്മാനമാടിയ ഉഡുപ്പിക്കാരന് കൂടുതൽ വലിയ പൂട്ടിട്ട് ലണ്ടൻ കോടതി; ഡോ.ബി.ആർ.ഷെട്ടിയുടെയും പ്രശാന്ത് മങ്ങാട്ട് അടക്കം മുൻ എക്സിക്യൂട്ടീവുകളുടെ സകല ആസ്തികളും മരവിപ്പിക്കാൻ ഉത്തരവ്; ലോകത്ത് എവിടെയും ഉള്ള ആസ്തികൾ വിൽക്കാനാവില്ല; കോടതി നടപടി അബുദാബി കൊമേഴ്‌സ്യൽ ബാങ്കിന്റെ പരാതിയിൽ
ദുബായ്: അബുദാബി ആസ്ഥാനമായ എൻഎംസി ഹെൽത്ത് കെയർ സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ പ്രതിസന്ധിയിലായിരിക്കെ, സ്ഥാപക ഉടമ ഡോ.ബി.ആർ.ഷെട്ടിയുടെ ആസ്തികൾ മരവിപ്പിക്കാൻ ലണ്ടൻ കോടതിയുടെ ഉത്തരവ്. ഷെട്ടിയുടെ മാത്രമല്ല, മറ്റുഓഹരി ഉടമകളുടെയും മലയാളിയായ പ്രശാന്ത് മങ്ങാട്ട് അടക്കം മുൻ ഉന്നത എക്ലിക്യൂട്ടീവുകളുടെയും ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവായി. പ്രശാന്ത് മങ്ങാട്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സ്ഥാനമൊഴിഞ്ഞത്. കൂനിന്മേൽ കുരുവെന്ന പോലെയാണ് ഷെട്ടിക്കും കൂട്ടർക്കും ഈ ഉത്തരവ്. കാരണം ഉത്തരവിൽ പരാമർശിച്ചിട്ടുള്ള ഷെട്ടി അടക്കം ഒരുവ്യക്തിക്കും, ലോകത്തെവിടെയും ഉള്ള ആസ്തികൾ വിറ്റഴിക്കാനാവില്ല. കഴിഞ്ഞ മാസങ്ങളിൽ ഷെട്ടിയുടെ ആസ്തികൾ മരവിപ്പിക്കാൻ ദുബായ് കോടതിയും ഉത്തരവിട്ടിരുന്നു. പണം വായ്പ നൽകിയവർ കേസ് കൊടുത്തതോടെയാണ് എൻഎംസിയുടെയും, ഷെട്ടിയുടെയും ആസ്തികൾ മരവിപ്പിച്ചത്.
ലണ്ടൻ കോടതി ഉത്തരവ് ഷെട്ടിയെയും മുൻ എക്‌സിക്യൂട്ടീവുകളെയും കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. പ്രശാന്ത് മങ്ങാട്ട് പാലക്കാട് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി അടക്കം നിരവധി ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ഉടമസ്ഥനാണ്. പ്രശാന്ത് മങ്ങാട്ടും എൻഎംസിയിലെ മറ്റ് മുൻ എക്‌സിക്യട്ടീവുകളും ഇന്ത്യയിലുണ്ടെന്നാണ് കരുതപ്പെടുന്നത്. എൻഎംസി സാമ്പത്തിക ക്രമക്കേട് വിവാദമായതോടെ ഇവരെല്ലാം ഗൾഫിൽ നിന്ന് മുങ്ങി.
എൻഎംസിക്ക് ഏറ്റവുമധികം വായ്പ നൽകിയ അബുദാബി കൊമേഴ്‌സ്യൽ ബാങ്കിന്റെ അഭ്യർത്ഥന പ്രകാരമാണ് യുകെ കോടതി നടപടി. 4 ബില്യൻ ദിർഹമാണ് അബുദാബി കൊമേഴ്‌സ്യൽ ബാങ്കിന് എൻഎംസി നൽകാനുള്ളത്. ഫിനാൻഷ്യൽ ടൈംസിലെ റിപ്പോർട്ട് പ്രകാരം അബുദാബി ബാങ്കിന്റെ പരാതിയിൽ സ്ഥാപക ഉടമയായ ബി.ആർ.ഷെട്ടിയെയാണ് സാമ്പത്തിക തട്ടിപ്പിൽ സൂത്രധാര സ്ഥാനത്ത് നിർത്തുന്നത്. മുൻ മാനേജ്‌മെന്റിന്റെ കൊള്ളരുതായ്മകൾ തന്റെ അറിവോടെ അല്ലെന്ന ഷെട്ടിയുടെ അവകാശവാദമാണ് അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് പരാതിയിൽ തള്ളിക്കളഞ്ഞിരിക്കുന്നത്.
കഴിഞ്ഞ വർഷമാദ്യം ഇന്ത്യയിലേക്ക് മടങ്ങിയ ഷെട്ടി ഇറക്കിയ പ്രസ്താവനകളിൽ എല്ലാം താൻ നിരപരാധിയെന്നും പ്രശാന്ത് മങ്ങാട്ടും കൂട്ടരുമാണ് കുഴപ്പക്കാരെന്നുമാണ് സമർത്ഥിക്കാൻ ശ്രമിച്ചത്. നവംബറിൽ യുഎഇയിലേക്ക് മടങ്ങാനും ഷെട്ടി ശ്രമിച്ചിരുന്നു. എന്നാൽ, ഇന്ത്യയിലെ ഒരുകോടതി ഉത്തരവിന്റെ പേരിൽ ബംഗളൂരു വിമാനത്താവളത്തിൽ ഷെട്ടിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. തന്റെ മുൻ എക്‌സ്‌കിക്യൂട്ടീവുകൾ കാട്ടിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നും തന്നെ കുറ്റവിമുക്തനാക്കണമെന്നും ഷെട്ടി ഇന്ത്യൻ അധികൃതരോട് ഔദ്യോഗികമായി ആഭ്യർത്ഥിച്ചിരുന്നു.
എൻഎംസിയിലെ ക്രമക്കേട് കണ്ടുപിടിച്ചത് ഒരുവർഷം മുമ്പ്
ബില്യൺ കണക്കിന് ദിർഹം എൻഎംസിയുടെ ബാങ്ക് വായ്പകളിൽ നിന്നും മറ്റും വക മാറ്റി ചെലവഴിക്കുകയായിരുന്നു. യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ എൻഎംസിയിൽ വർഷങ്ങളായി നടന്ന ക്രമക്കേടുകളാണ് കഴിഞ്ഞ വർഷം പൊന്തി വന്നത്. എത്ര തുകയുടെ വെട്ടിപ്പാണ് നടന്നത് എന്നതിന്റെ ക്യത്യമായ കണക്കുകൾ ഇനിയും വരാനിരിക്കുന്നതേയുള്ളു. ചില കണക്കുകൾ പ്രകാരം 4 ബില്യൻ ഡോളറിലധികം തുകയുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്.
2020 ൽ എൻഎംസിയുടെ പ്രവർത്തനത്തിൽ ആരോഗ്യകരമായ പ്രകടനം കാഴ്ച വച്ചു. നടത്തിപ്പിൽ മാത്രമല്ല, അപ്രധാന ആസ്തികൾ വിറ്റ് മാറ്റുന്നതിനും കടം തീർക്കുന്നതിലുമാണ് ഗ്രൂപ്പ് ശ്രദ്ധ പുലർത്തിയത്. കഴിഞ്ഞയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, ഷെട്ടിക്കും കൂട്ടർക്കും എതിരെ നടക്കുന്ന അന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കാൻ എൻഎംസി മാനേജ്‌മെന്റ് വിസമ്മതിച്ചിരുന്നു.
തങ്ങളുടെ പണം തിരിച്ചുകിട്ടാൻ അബുദാബി ബാങ്ക് ഇനിയെടുക്കുന്ന നടപടികളാണ് ബാങ്കിങ്, നിയമരംഗത്തുള്ളവർ ഉറ്റുനോക്കുന്നത്. നിയമനടപടികൾ ബാങ്ക് ഇന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന.
(പ്രശാന്ത് മങ്ങാട്ട്)
യുഎഇ സെൻട്രൽ ബാങ്ക് നേരത്തെ പൂട്ടിട്ടു
ഷെട്ടിയെ സമ്പൂർണമായും വെട്ടിലാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ, ഷെട്ടിക്ക് നിക്ഷേപമുള്ള മുഴുവൻ ബാങ്ക് അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കാനും മരവിപ്പിക്കാനും യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) കഴിഞ്ഞ വർഷം ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു,
ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകുകയായിരുന്നു. യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 6.6 ബില്യൺ ഡോളറിന്റെ (ഏകദേശം അമ്പതിനായിരത്തോളം കോടി രൂപ) കടബാധ്യതയുണ്ടെന്നാണ് വിവരം. എൻഎംസിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്നാണ് എൻഎംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ തുടരുന്നത്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻഎംസിക്ക് എഡിസിബിയിൽ ഉള്ളത്.
അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെർക്ലെയ്‌സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നീ ബാങ്കുകളിൽ നിന്നും എൻഎംസിക്ക് വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എൻഎംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ എൻഎംസിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ.
ഷെട്ടിയുടെ ന്യായവാദങ്ങൾ
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങിയ ഷെട്ടി പിന്നീട് യുഎയിലേക്ക് തിരിച്ചു പോയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സ്വദേശത്തേക്ക് മടങ്ങിയതെന്നായിരുന്നു പറഞ്ഞത്. അർബുദ ബാധിതനായി മരണമടഞ്ഞ സഹോദരനെ കാണുന്നതിനാണ് ഫെബ്രുവരിയിൽ നാട്ടിലേക്ക് മടങ്ങിയത്. 1975ൽ ഷെട്ടി സ്ഥാപിച്ച, പിന്നീട് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായി വളർന്ന എൻഎംസി ഹെൽത്തിനെതിരെ വ്യാപകമായ സാമ്പത്തിക തിരിമറി ആരോപണങ്ങൾ ഉയരുകയും നിയമനടപടികൾ നേരിടുകയും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകാതെ കമ്പനി ഭരണം പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് ഷെട്ടി ഇന്ത്യയിലേക്ക് പറന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ഷെട്ടിയുടെ മുങ്ങലായും വ്യഖ്യാനിക്കപ്പെട്ടിരുന്നു. എല്ലാ വസ്തുതകളും മുഴുവൻ സത്യവും ഏറ്റവും പെട്ടന്ന് പുറത്തുകൊണ്ടുവരാനാകുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും ഷെട്ടി ആത്മവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
ഓഹരി ഊഹക്കച്ചവടക്കാരായ മഡ്ഡി വാട്ടേഴ്‌സ് ഉന്നയിച്ച സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടർന്നാണ് എൻഎംസി ഹെൽത്തിന്റെ തകർച്ച ആരംഭിച്ചത്. ആസ്തികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ചുവെന്നും സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ചുവെന്നതുമടക്കം നിരവധി ആരോപണങ്ങളാണ് എൻഎംസിക്കെതിരെ ഉയർന്നത്. കമ്പനിയിൽ ഷെട്ടിക്കുള്ള ഓഹരികൾ കൃത്യമായി നിർവചിക്കാൻ കഴിയാത്തതും വെല്ലുവിളിയായി. പല ഓഹരികളും ഷെട്ടിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള വായ്പകൾക്ക് ഈട് നൽകിയതായും കണ്ടെത്തിയിരുന്നു. ആരോപണങ്ങളും നിയമ നടപടികളും കനത്തതോടെ ഷെട്ടി എൻഎംസിയിൽ നിന്ന് രാജിവെച്ചു. ലണ്ടൻ ഓഹരിവിപണി നിയന്ത്രണ അഥോറിറ്റി അടക്കം നിരവധി കമ്പനികൾ കമ്പനി നടത്തിയ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ എൻഎംസിക്ക് വായ്പകൾ നൽകിയ ബാങ്കുകളും കമ്പനിക്കെതിരെ രംഗത്തുവന്നു.
എഡിസിബിയുടെ ആവശ്യപ്രകാരം യുകെ കോടതിയുടെ മേൽനോട്ടത്തിൽ എൻഎംസിയുടെ ഭരണം വാരെസ് ആൻഡ് മാർസൽ ഏറ്റെടുത്തിരുന്നു. കൂടുതൽ കാര്യക്ഷമമായ രീതിയിലുള്ള കമ്പനി നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായി കമ്പനി ഡയറക്ടർ ബോർഡിൽ നാല് പുതിയ നോൺ-എക്‌സിക്യുട്ടീവ് ഡയറക്ടർമാരെ വാരെസ് ആൻഡ് മർസൽ നിയമിച്ചിട്ടുണ്ട്. എൻഎംസിയിലെ ഒമ്പത് ശതമാനം ഓഹരികൾ ഏറ്റെടുത്തതിന് പിന്നാലെ ദുബായ് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ഇത്മർ കാപ്പിറ്റൽ മാനേജിങ് പാർട്ണറായ ഫൈസൽ ബെൽഹൗളിനെ എൻഎംസിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിരുന്നു.
ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിരവധി വെല്ലുവിളികൾ നേരിടുന്നതായി ഷെട്ടി സ്ഥാപിച്ച ധനകാര്യ കമ്പനിയായ ഫിനെബ്ലറും വെളിപ്പെടുത്തിയിരുന്നു. എൻഎംസി ചെയർമാൻ സ്ഥാനത്ത് നിന്നും ഫെബ്രുവരിയിലും ഫിനെബ്ലർ യൂണിറ്റായ ട്രാവലെക്‌സിന്റെ ബോർഡിൽ നിന്ന് മാർച്ചിലുമാണ് ഷെട്ടി രാജിവെച്ചത്. ഫോബ്‌സിന്റെ കണക്ക് പ്രകാരം 77കാരനായ ഷെട്ടിക്ക് 3.15 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്.ഇതിനിടെ ഫിനെബ്ലറിന് കീഴിലുള്ള കറൻസി വിനിമയ സ്ഥാപനം ട്രാവലെക്‌സ് വിൽപ്പനയ്ക്ക് വെക്കുകയും ചെയ്തിരുന്നു.
വെറും 300 രൂപയും ഫാർമസി ഡിഗ്രി സർട്ടിഫിക്കറ്റുമായി യുഎഇയിൽ എത്തി ശതകോടികളുടെ സാമ്രാജ്യം പണിത വ്യക്തിയാണ് ബി ആർ ഷെട്ടി. അതിവേഗം വളർന്ന ഷെട്ടി യുഎഇ എക്സ്ചേഞ്ച് വഴി പ്രവാസികൾക്കും പരിചിതനായിരുന്നു. ബുർജ് ഖലീഫയിലെ 100ാം ഫ്ളോർ മുഴുവൻ ഷെട്ടി വാങ്ങിയിരുന്നു. കൂടാതെ സ്വന്തമായി സ്വകാര്യ ജെറ്റു വിമാനങ്ങളും ഷെട്ടിയുടേതായി ഉണ്ടായിരുന്നു
മറുനാടന് ഡെസ്ക്