ലണ്ടൻ: കഴിഞ്ഞ ഏപ്രിലിനു ശേഷം ഏറ്റവും അധികം ആളുകൾ കോവിഡ് ബാധയിൽ മരണമടഞ്ഞ ഞായറാഴ്‌ച്ച ഇന്നലെയായിരുന്നു. 563 പേരാണ് ഇന്നലെ കൊറോണയ്ക്ക് മുന്നിൽ കീഴടങ്ങി മരണം വരിച്ചത്. അതേസമയം, കോവിഡ് വ്യാപനം രാജ്യം മുഴുവൻ ശക്തമാവുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ 54,590 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ 13 ദിവസങ്ങളിൽ തുടർച്ചയായി പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണം 50,000 കവിയുകയാണ്.

ഒഴിവു ദിനമായതിനാൽ, സാധാരണയായി ഞായറാഴ്‌ച്ചകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ എണ്ണം കുറവായിരിക്കും. ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുവാനുള്ള കാലതാമസമാണ് ഇതിനു കാരണം. എന്നിട്ടും 500 ൽ അധികം മരണങ്ങൾ രേഖപ്പെടുത്തി എന്നതുതന്നെ ഭയാനകമാണ്. മൂന്നാം ലോക്ക്ഡൗണിലെ ആദ്യത്തെ ആഴ്‌ച്ച പിന്നിടുമ്പോൾ, ഓരോ അമ്പതുപേരിലും ഒരാൾക്ക് വീതം കോവിഡ് ബാധയുണ്ടാകാം എന്ന മുന്നറിയിപ്പാണ് സർക്കാർ നൽകുന്നത്.

എന്നാൽ, ലണ്ടനിലെ മൂന്ന് ബറോകളിൽ പ്രതീക്ഷയ്ക്കുമപ്പുറമായി കൊറോണ പടർന്നു പിടിക്കുകയാണ്. ഇവിടങ്ങളിൽ 15 പേരിൽ ഒരാൾക്ക് വീതം രോഗബാധയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലണ്ടനിലെ ബാർക്കിങ് ആൻഡ് ഡഗേനം, തൊട്ടടുത്തുള്ള റെഡ് ബ്രിഡ്ജ്, എസ്സെക്സിലെ തറോക്ക് എന്നിവിടങ്ങളി രോഗവ്യാപനം അതി തീവ്രമാണ്. പുതിയ ഇനം കൊറോണയാണ് ഇവിടെ വ്യാപകമാകുന്നത്. ഇതിൽ തന്നെ ബാർക്കിങ് ആൻഡ് ഡഗേൻഹാം ആണ് രാജ്യത്ത് ഏറ്റവും അധികം കോവിഡ് ബാധയുള്ള സ്ഥലം. ഇവിടെ 1 ലക്ഷം ആളുകളിൽ 1,708 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഇംഗ്ലണ്ടിലെ ബാറുകളും പബ്ബുകളും പൂർണ്ണമായും അടച്ചിടാനുള്ള ആലോചനയും നടക്കുന്നുണ്ട്. മെയ്‌ അവസാനം വരെയായിരിക്കും ഇവ പൂർണ്ണമായും അടയ്ക്കുക. രോഗവ്യാപനം നിയന്ത്രണാധീതമാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആലോചന നടക്കുന്നത്. ഇപ്പോൾ തന്നെ ലണ്ടനിലെ പല ആശുപത്രികളിലും ഏതാണ്ട് രോഗികൾ നിറഞ്ഞു കഴിഞ്ഞു. ഇന്റൻസീവ് കെയർ നൽകുന്ന കാര്യത്തിൽ മുൻഗണനാ ക്രമം നിശ്ചയിക്കേണ്ട സാഹചര്യമാണ് മിക്കയിടങ്ങളിലും ഇപ്പോൾ ഉള്ളത്. ചെറുപ്പക്കാരായവർ കൂടുതലായി ആശുപത്രികളിൽ എത്തുന്നതുമൂലം വൃദ്ധർക്ക് ഇന്റൻസീവ് കെയർ ലഭിക്കുവാനുള്ള സാധ്യത കുറയുകയാണ്.

ആശുപത്രികൾക്ക് പുറമേ ജീവനക്കാരിലും സമ്മർദ്ദം ഏറിവരികയാണ് വിദേശത്തുനിന്നുള്ള് ആരോഗ്യപ്രവർത്തകർക്കാണ് ഏറെ സമ്മർദ്ദം ഉണ്ടാകുന്നത്. ഇവരിൽ പലരും കഴിഞ്ഞ ഒരുവർഷത്തിലേറെയായി സ്വന്തം നാടുകളിലേക്ക് പോകാൻ കഴിയാത്തവരാണ്. അതോടൊപ്പം അമിത ജോലിഭാരം നൽകുന്ന ശാരീരിക സമ്മർദ്ദവും ഇവരെ കോവിഡിന് എളുപ്പത്തിൽ ഇരകളാക്കാൻ കഴിഞ്ഞേക്കും എന്ന ആശങ്കയുണർത്തുന്നു. മാനസിക സമ്മർദ്ദവുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ, കൊറോണയുടെ ആദ്യ വരവ് ശമിക്കുന്ന ഘട്ടമെത്തിയപ്പോൾ നിരവധി ആരോഗ്യ പ്രവർത്തകർ രാജിവച്ചൊഴിഞ്ഞിരുന്നു.

ഇതിനു പുറമേയാണ് രോഗബാധ സ്ഥിരീകരിച്ചും, സമ്പർക്കം മൂലവും ഐസൊലേഷനിൽ പോകേണ്ടി വരുന്നവരുടെ എണ്ണം. ഇതും ക്രമാതീതമായി വർദ്ധിക്കുന്നത് കനത്ത ആശങ്കയുയർത്തുന്നുണ്ട്. ഇത്രയൊക്കെ പ്രതികൂല സാഹചര്യത്തിലും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പ്രതിബദ്ധതയോടെ ഭരണകൂടം മുന്നിട്ടിറങ്ങുമ്പോഴും ജനങ്ങൾ പെരുമാറുന്നത് തീർത്തും നിരുത്തരവാദപരമായാണ്. ഇന്നലെ വാരാന്ത്യം ആഘോഷിക്കുവാൻ ബീച്ചുകളിലും ടൗൺ സെന്ററുകളിലും നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. സ്റ്റേ അറ്റ് ഹോം നിയന്ത്രണം നിലനിൽക്കുന്ന അവസരത്തിലാണ് ഇതെന്ന് ഓർക്കണം.

നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം ഒരുാൾക്ക് തന്റെ വീടിന് അടുത്ത് ഒരു മണീക്കൂർ കായികവ്യായാമത്തിൽ ഏർപ്പെടാം. എന്നാൽ ഇന്നലെ മൈലുകൾ സഞ്ചരിച്ചും പലരും വ്യായാമത്തിനെന്ന വ്യാജേന ബീച്ചുകളിലെത്തി. അതിനിടയിൽ ഫുട്ബോൾ കളിക്കാൻ പോകുന്ന താരങ്ങളെ കാണാൻ ലിവർപൂളിൽ സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ തടിച്ചുകൂടിയതും വിവാദമായി. ഓൾഡാമിലെ ഡോവ്സ്റ്റോൺ റിസർവോയറിലും ഇന്നലെ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടു. പാർക്കിങ് സ്ഥലം നിറഞ്ഞതിനാൽ പലർക്കും വാഹനങ്ങൾ ഡബിൾ എല്ലോ ലൈനിൽ പാർക്ക് ചെയ്യേണ്ടതായി വന്നു. ഇവർക്കൊക്കെ പാർക്കിങ് പിഴവിനുള്ള പിഴയും ഒടുക്കേണ്ടതായി വന്നു.

ലണ്ടനിൽ ജനക്കൂട്ടം ഏറെ ദൃശ്യ്മായത് ഹാംപ്സ്റ്റെഡ് ഹൈസ്ട്രീറ്റിലാണ്. ഭക്ഷണശാലകൾക്കും കഫേകൾക്കും മുന്നിൽ നീണ്ട ക്യു കാണാമായിരുന്നു. ഇതിനിടെ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുവാൻ പൊലീസും മുന്നിട്ടിറങ്ങിയിട്ടുണ്ട്. വിവിധ നിയന്ത്രണ ലംഘനങ്ങൾക്കായി നിരവധി പേർക്ക് പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. നിരുത്തരവാദപരമായി പെരുമാറുന്ന ചെറിയൊരു കൂട്ടം സ്വാർത്ഥരാണ് പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതെന്നും ഇവരെ കർശനമായി നേരിടുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് നിലപാടിന് പൂർണ്ണ പിന്തുണ നൽകുകയാണ് ഹോം സെക്രട്ടറി പ്രീതി പട്ടേലും.