- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
82 മരണങ്ങളും 5000 രോഗികളുമായി കോവിഡിനെ തളച്ച് ബ്രിട്ടൻ; മാസങ്ങൾക്ക് ശേഷം മരണം ഏറ്റവും കുറഞ്ഞത് ഇന്നലെ; കോവിഡ് യുദ്ധത്തിൽ ബ്രിട്ടൻ സമ്പൂർണ്ണ വിജയത്തിലേക്ക്
ലണ്ടൻ: ബ്രിട്ടന് ഏറെ ആശ്വാസമേകിക്കൊണ്ട് ഇന്നലെ മരണസംഖ്യ 100 -ൽ താഴെ ഒതുങ്ങിനിന്നു. ഒക്ടോബർ 19 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയ 82 മരണങ്ങൾ. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോൾ 43 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. രോഗവ്യാപനതോതിലുംകാര്യമായ കുറവുണ്ടായിട്ടുണ്ട് ഇന്നലെ. കഴിഞ്ഞ ഞായറാഴ്‌ച്ച 6,040 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ ഇന്നലെ 5,177 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് യുദ്ധത്തിലെ മറ്റൊരു നാഴികക്കല്ലായി ഇതുവരെ 2.3 കോടി ജനങ്ങൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 2.2 കോടി ആളുകൾക്ക് ആദ്യ ഡോസാണ് നൽകിയിരിക്കുന്നത്. ഇന്നലെ മാത്രം 4,16,834 ഡോസ് വാക്സിനുകളാണ് നൽകിയിട്ടുള്ളത്. ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കാൻ നിൽക്കവേയാണ് ആശ്വാസകരമായ വാർത്തകൾ പുറത്തുവരുന്നത്. ആദ്യഘട്ടത്തിന്റെ ഭാഗമായി ഇന്നുമുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിക്കും. മാത്രമല്ല രണ്ട് വ്യത്യസ്ത കുടുംബങ്ങളിലുള്ള രണ്ട് വ്യക്തികൾക്ക് ഇന്നുമുതൽ പൊതു ഇടങ്ങളിൽ ഒത്തുചേരാനുള്ള അനുവാദവും ലഭിക്കും.
അതികഠിനമായ ഒരു ശൈത്യകാലം മുന്നിലുണ്ടെന്നും കോവിഡ് വ്യാപനവും ഫ്ളൂ വ്യാപനവും ഇനിയും പ്രതീക്ഷിക്കാമെന്നുമുള്ള ഒരു മുന്നറിയിപ്പ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നുംഉണ്ടായത് അല്പം ആശങ്ക ഉയർത്തുന്നുണ്ട്. മാത്രമല്ല, വിദ്യാർത്ഥികൾ തിരികെ സ്‌കൂളുകളി എത്തുമ്പോൾ മാസ്‌ക്, രോഗ പരിശോധനാ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ, ഇക്കാര്യങ്ങളിൽ ഒരു ആശയക്കുഴപ്പത്തിനും ഇടമില്ലെന്നും ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകൾക്കും ഇതുസംബന്ധിച്ച വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവിൻ വില്യംസൺ പറഞ്ഞു.
രണ്ടു മാസങ്ങൾക്ക് ശേഷം ഇതാദ്യമായി വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് പോകാൻ തുടങ്ങുമ്പോൾ പല കോണുകളിൽ നിന്നുംആശങ്കകളും ഉയരുന്നുണ്ട്. സമ്പർക്കം വർദ്ധിക്കുന്നത് ആർ നിരക്ക് വർദ്ധിപ്പിക്കാൻ ഇടയാക്കിയേക്കുമെന്ന് ശാസ്ത്രലോകം ഭയക്കുന്നു. ഇത് 1 ന് മുകളിലെത്തിയാൽ മറ്റൊരു രോഗവ്യാപനമാണ് ഉണ്ടാകാൻ പോകുന്നത്. അതേസമയം, കുട്ടികളെ വീട്ടിലിരുത്തുന്നതാണ് അവർക്ക് ഏറ്റവും അപകടകരമായ കാര്യം എന്ന വിദ്യാഭ്യാസ വിചക്ഷണന്മാരുടെ വാക്കുകൾക്ക് കാതുകൊടുക്കുകയാണ് ബോറിസ് ജോൺസൺ.
അതിനിടയിൽ വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിക്കുന്ന ന്യുനപക്ഷ വംശീയ വിഭാഗങ്ങളെ വാക്സിൻ എടുക്കുവാൻ പ്രേരിപ്പിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പല മേഖലകളിലും കാര്യമായ സാന്നിദ്ധ്യമുള്ള ഇവർ വാക്സിൻ എടുത്തില്ലെങ്കിൽ, ഒരുപക്ഷെ അതിന്റെ പ്രത്യാഘാതം മുഴുവൻ സമൂഹവും അനുഭവിക്കേണ്ടതായി വരും എന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു നടപടി. അതുപോലെ സ്‌കൂളുകൾ തുറക്കുമ്പോഴും, കൂടുതൽ സുരക്ഷക്കായി പരിശോധനാ സംവിധാനങ്ങൾ വിപുലപ്പെടുത്തും. കോവിഡിനെ പിടിച്ചുകെട്ടാനായതിന്റെ ആശ്വാസത്തിൽ, ഇനിയൊരു രോഗതരംഗം ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
മറുനാടന് ഡെസ്ക്