ലണ്ടൻ: കോവിഡ് കാലത്ത് യൂറോപ്പിന്റെ കണ്ണുനീർ എന്ന വിളിക്ക് അർഹത നേടിയതാണ് ബ്രിട്ടൻ. എന്നാൽ, പോരാട്ടവീര്യം ഇനിയും ഒടുങ്ങിയില്ലെന്ന് തെളിയിച്ചുകൊണ്ട് ബ്രിട്ടീഷുകാർ നെഞ്ചുവിരിച്ചുനിന്ന് പോരാടാൻ തുടങ്ങിയപ്പോൾ കൊറോണ അമ്പേ തോറ്റു തുന്നം പാടുന്ന കാഴ്‌ച്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. തികച്ചും സമാനതകളില്ലാത്ത പോരാട്ടമായിരുന്നു ബ്രിട്ടന്റേത്. ഒരു ഭാഗത്ത് എൻ എച്ച് എസിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ഒത്തൊരുമിച്ച് ഒരൊറ്റമനസ്സോടെ കൊറോണയുടെ ആക്രമത്തെ ചെറുത്തപ്പോൾ, ലോക്ക്ഡൗൺ നിയന്ത്രണങ്ങളും വാക്സിനേഷൻ പദ്ധതിയുമെല്ലാം അതിന്റേതായ പങ്ക് നന്നായി വഹിച്ചു.

ഫലമോ ? മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ പലതും ഇന്നും കണ്ണുനീരു കുടിക്കുമ്പോഴും ബ്രിട്ടൻ പുത്തൻ ജീവിതത്തിലേക്കുണരുകയാണ്. ഇന്നലെ 23 കോവിഡ് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. അതായത്, ജനുവരിയിലെ മൂർദ്ധന്യ ഘട്ടത്തെ അപേക്ഷിച്ച് 95 ശതമാനം വരെ മരണനിരക്ക് കുറഞ്ഞിരിക്കുന്നു. മാത്രമല്ല, തെക്കൻ ഇംഗ്ലണ്ടിലെ ഒരു എൻ എച്ച് എസ് റീജിയണു കീഴെയും ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും എടുത്തു പറയേണ്ട ഒരു നേട്ടമാണ്. സ്റ്റേ അറ്റ് ഹോം നിയമം പിൻവലിച്ച ദിവസത്തെ കണക്കാണിത്.

നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നെങ്കിലും പബ്ബുകളും ബാറുകളും ഹോട്ടലുകളുമൊക്കെ പൂർണ്ണമായും പ്രവർത്തിച്ചു തുടങ്ങാൻ ഇനിയും ഒരു ഏഴു ദിവസം കൂടി എടുക്കും. അതുപോലെ വിദേശ ഒഴിവുകാല യാത്രകൾ നിലവിൽ മെയ്‌ 17 വരെ നിരോധിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടന പൂർണ്ണമായും ഉയർത്തെഴുന്നേൽക്കണമെങ്കിൽ ടൂറിസം-വ്യോമയാന മേഖലകൾ പൂർണ്ണമായും പ്രവർത്തിച്ചു തുടങ്ങണമെന്നും അതിനായി സത്വര നടപടികൾ കൈക്കൊള്ളണമെന്നും ഒരു കൂട്ടം എം പിമാർ പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടു.

ഇന്നലെ തുറന്നുകിട്ടിയ സ്വാതന്ത്ര്യത്തിന്റെ കിളിവാതിലിലൂടെ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഗോൾഫ് കോഴ്സുകളിലും സ്വിമ്മിങ് പൂളുകളീലും ടെന്നീസ് കോർട്ടുകളിലും ഗാർഡനുകളിലുമൊക്കെ ജനങ്ങൾ തടിച്ചുകൂടി. വളരെ നാളുകളായി കാണാതിരുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണാനായ സന്തോഷത്തിൽ പലയിടങ്ങളിലും സാമൂഹിക അകലം പാലിക്കൽഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടു.

രോഗവ്യാപന തോതും കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 13 ശതമാനം കുറഞ്ഞത് തികഞ്ഞ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്. ഇന്നലെ 4,654 പേർക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടത്. എന്നാൽ, ഇന്നലെ അനുവദിച്ചു കിട്ടിയ സ്വാതന്ത്ര്യത്തിൽ സകല നിയന്ത്രണങ്ങളും കൈവിട്ട് ജനക്കൂട്ടം പുറത്തേക്കൊഴുകിയത് കനത്ത ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങളെ ഇല്ലാതെയാക്കാൻ ശ്രമിക്കരുതെന്ന് ബോറിസ് ജോൺസൺ ജനങ്ങളോട് ആവശ്യപ്പെട്ടു. പാർക്കുകളിലും മറ്റു പൊതുയിടങ്ങളിലും സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാഹങ്ങൾക്ക് മേലുള്ള നിയന്ത്രണവും നീക്കിയതോടെ ഇന്നലെ സെയിന്റ് അല്ബാൻസ് റെജിസ്ട്രിയിൽ ആദ്യ ലോക്ക്ഡൗണാനന്തര വിവാഹം നടന്നു. ബെൻ ലോയ്ഡും ഗബ്രിയേലയും തമ്മിലുള്ളതായിരുന്നു ലോക്ക്ഡൗണിനു ശേഷം നടക്കുന്ന ആദ്യ വിവാഹം. ഇന്നലെ മുതൽ, ആറുപേർക്ക് അല്ലെങ്കിൽ രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ മുഴുവൻ വ്യക്തികൾക്കും പൊതുയിടങ്ങളിലോ സ്വകാര്യ ഗാർഡനുകളിലോ കണ്ടുമുട്ടുവാനുള്ള അനുവാദമുണ്ട്. എന്നാൽ, ആളുകൾ പരസ്പരം പുണരുന്നത് ഒഴിവാക്കണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

വലിയതോതിലുള്ള ആൾക്കൂട്ടത്തിനെതിരെ ഇനിയും പൊലീസ് നടപടികൾ ഉണ്ടാകുമെന്ന് ടൂറിസം മന്ത്രി നിഗേൽ ഹഡില്സ്റ്റൺ പറഞ്ഞു. എന്നാൽ, സ്വകാര്യ ഗാർഡനുകളിലെ ഒത്തുചേരലുകൾക്ക് ചില അയവുകൾ നൽകുമെന്നു അദ്ദേഹം അറിയിച്ചു. കൈകൾ, മുഖം, അകലം പിന്നെ ശുദ്ധവായു എന്നതാണ് കോവിഡിനെ തുരത്താനായി അധികൃതർ ഇറക്കിയിരിക്കുന്ന പുതിയ മുദ്രാവാക്യം. ഇതിൽഅധിഷ്ഠിതമായിട്ടായിരിക്കും ഇനിയുള്ള കുറേനാൾ നടപടികൾ മുന്നോട്ടു പോവുക.

വെയിൽസിൽ കഴിഞ്ഞ ശനിയാഴ്‌ച്ചയോടെ തന്നെ സ്റ്റേ ലോക്കൽ നിയമം റദ്ദ് ചെയ്തിരുന്നു. രാജ്യത്തിനകത്ത് ഒരുതരത്തിലുള്ള യാത്രാവിലക്കും പൗരന്മാർക്ക് ഉണ്ടായിരിക്കുന്നതല്ല. അതേസമയം സ്‌കോട്ട്ലാൻഡിൽ സ്റ്റേ അറ്റ് ഹോം നിയമം വരുന്ന വെള്ളിയാഴ്‌ച്ചയോടെ അവസാനിക്കും. നോർത്തേൺ അയർലൻഡിൽ ആറുപേർക്ക് അല്ലെങ്കിൽ രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ അംഗങ്ങൾക്ക് വരുന്ന വ്യാഴാഴ്‌ച്ച മുതൽ ഒത്തുചേരാനാകും.

അതേസമയം അന്തരീക്ഷ താപനില ഉയർന്നത് മറ്റൊരു ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇത് കൂടുതൽ ജനങ്ങളെ ബീച്ചുകളിലേക്കും പാർക്കുകളിലേക്കുമൊക്കെ നയിക്കുവാൻ ഇടയുണ്ട്. സാമൂഹിക അകലം അപ്രസക്തമാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അതേസമയം 30 മില്യണിലേറെ പേർക്ക് വാക്സിന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചിരിക്കുന്ന ഒരു സാഹചര്യത്തിൽ അത്തരമൊരു ആശങ്കയ്ക്ക് ഇടയില്ലെന്ന് വാദിക്കുന്നവരും ഉണ്ട്. ബ്രിട്ടനിലെ കോവിഡ് എപ്പിസെന്ററായിരുന്ന ലണ്ടൻ നഗരത്തിൽ ഇന്നലെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമായി.