ലണ്ടൻ: ബ്രിട്ടനിലെ പ്രതിദിന കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നിലൊന്നായി കുറഞ്ഞു. എങ്കിലും മരണത്തിൽ നേരിയ വർധനയുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 2,763 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. 45 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 31.7 ദശലക്ഷത്തിലധികം ബ്രിട്ടീഷുകാർ - അല്ലെങ്കിൽ അഞ്ചിൽ മൂന്നു മുതിർന്നവർ എന്ന കണക്കിൽ ഇപ്പോൾ അവരുടെ ആദ്യത്തെ ഡോസ് ലഭിച്ചു.

അതേസമയം, 30 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ള എല്ലാവർക്കും അസ്ട്രാസെനെക്കയുടെ കോവിഡ് വാക്‌സിനു പകരമായി ബദൽ നൽകണമെന്ന് യുകെയുടെ മെഡിക്കൽ റെഗുലേറ്റർ ശുപാർശ ചെയ്തിട്ടുണ്ട്. 19 നും 29 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ളവർക്ക് ഫിസർ അല്ലെങ്കിൽ മോഡേണ ജാബുകൾ നൽകണമെന്നാണ് സർക്കാരിന്റെ വാക്സിൻ ഉപദേശക സംഘം ശുപാർശ ചെയ്തിരിക്കുന്നത്.

ഡ്രഗ്‌സ് വാച്ച്‌ഡോഗിന്റെ കണക്കുകൾ പ്രകാരം മാർച്ച് അവസാനം വരെ 20 മില്യൺ ആളുകളാണ് അസ്ട്രാസെനെക വാക്സിൻ എടുത്തത്. ഇതിൽ 79 പേർക്ക് തലച്ചോറിലോ ധമനികളിലോ രക്തം കട്ട പിടിച്ചതായി കണ്ടെത്തി. വാക്‌സിൻ എടുക്കുന്ന രണ്ടര ലക്ഷം പേരിൽ ഒരാൾക്കെന്ന തോതിൽ ഇതു കണ്ടെത്തുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ 19 പേർ മരിക്കുകയും ഇതിൽ മൂന്നു പേർ 30 വയസിൽ താഴെയുള്ളവരുമാണ്.

അതേസമയം, അസ്ട്രാസെനെക വാക്സിൻ ഇതിനകം തന്നെ എടുത്ത ഏതൊരാൾക്കും, അവരുടെ പ്രായം കണക്കിലെടുക്കാതെ, നേരത്തെ തീരുമാനിച്ച പ്രകാരം രണ്ടാമത്തെ ഡോസ് എടുക്കാവുന്നതാണ്. രക്തം കട്ടപിടിക്കുന്നത് വളരെ അപൂർവ്വമാണെന്ന് വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞു. വാക്സിൻ എടുക്കാതിരുന്ന് വൈറസ് പിടിപെട്ടാൽ അതിലും വലിയ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടായിരിക്കുക. അപകട സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ, വാക്സിൻ സ്വീകരിക്കണമെന്നാണ് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ജോനാഥൻ വാൻ ടാം വ്യക്തമാക്കുന്നത്.

രക്തം കട്ടപിടിക്കുന്നത് അസ്ട്രാസെനെക വാക്സിന്റെ ഒരു പാർശ്വഫലമായി ലിസ്റ്റുചെയ്യണമെന്നും ഏതെങ്കിലും പ്രായക്കാർക്ക് ബദൽ മാർഗം കണ്ടെത്തണമെന്ന് അവർ ശുപാർശ ചെയ്തിട്ടില്ലായെന്നതും യൂറോപ്യൻ മെഡിസിൻസ് ഏജൻസി സ്വീകരിച്ച ഒരു ധീരമായ സമീപനമായാണ് കണക്കാക്കുന്നത്. നിലവിൽ യൂറോപ്പിൽ കോവിഡ് അതിന്റെ മൂന്നാം തരംഗത്തിലാണ്. ഏഞ്ചല മെർക്കൽ ജർമ്മനിയിൽ മറ്റൊരു ലോക്ക്ഡൗൺ കൂടി ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മോഡേൺ കോവിഡ് വാക്സിൻ എടുക്കാൻ തുടങ്ങിയ യുകെയിലെ ആദ്യത്തെ രാജ്യമായി വെയിൽസ് മാറി. യുഎസ് നിർമ്മിത മരുന്നിന്റെ ഒരു ലക്ഷത്തിലധികം ഡോസുകൾ ഈ മാസം രാജ്യത്ത് എത്തും. മെയ് മുതൽ ഡെലിവറികൾ ഗണ്യമായി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണത്തിന്റെ 75 ശതമാനം പൂർത്തിയാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

രക്തം കട്ടപിടിക്കുന്നുവെന്ന കാരണം ഉയർത്തികൊണ്ടു വന്നാൽ വാക്‌സിൻ സ്വീകരിക്കൽ പ്രവർത്തനം മന്ദഗതിയിലാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അമിത ജാഗ്രത പാലിക്കുന്നത് ജീവിതത്തിന് നഷ്ടമുണ്ടാക്കുമെന്നും മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.