- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരാഴ്‌ച്ച കൂടി കഴിഞ്ഞാൽ സമ്പൂർണ്ണ ഇളവുകൾ വരാനിരിക്കെ ബ്രിട്ടനിൽ കോവിഡ് വ്യാപനം ഒരേ മട്ടിൽ മുൻപോട്ട്; ഞായറാഴ്ച്ചയും 32,000 ത്തിന് അടുത്ത് രോഗികൾ; മാസ്‌ക് നിയമം മാറിയാലും മാസ്‌ക് വയ്ക്കണമെന്ന് മന്ത്രി
ലണ്ടൻ: ലോക്ക്ഡൗൺ പിൻവലിക്കാൻ ഇനി കേവലം ഒരാഴ്‌ച്ച മാത്രം ബാക്കിനിൽക്കെ ഇന്നലെ 31,772 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞയാഴ്‌ച്ചയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ മൊത്തം എണ്ണം 2,21,052 ആയി ഉയർന്നു. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 27.3 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
നിലവിൽ 1 ലക്ഷം പേരിൽ 298.1 രോഗികൾ എന്നതാണ് ബ്രിട്ടനിലെ അവസ്ഥ. കഴിഞ്ഞയാഴ്‌ച്ച 203 മരണങ്ങളും രേഖപ്പെടുത്തി. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 66.4 ശതമാനം വർദ്ധനവാണ് മരണനിരക്കിൽ ഉണ്ടായിരിക്കുന്നത്. പുതിയ സംഭവവികാസങ്ങൾ ബ്രിട്ടീഷുകാരിൽ ഭയം ജനിപ്പിച്ചിട്ടുണ്ടെന്നാണ്പുതിയൊരു സർവ്വേ ഫലം വെളിപ്പെടുത്തുന്നത്. ഏകദേശം 50 ശതമാനത്തോളം പേർ ലോക്ക്ഡൗൺ നീട്ടണമെന്ന അഭിപ്രായമാണ് സർവ്വേയിൽ ഉന്നയിച്ചത്.
അതേസമയം, മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുന്ന നിയമം എടുത്തുകളയുമെങ്കിലും, അടച്ചുമൂട്ടിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന പുതിയ നിർദ്ദേശം സർക്കാർ പുറത്തിറക്കുമെന്ന സൂചനകൾ വരുന്നുണ്ട്. സ്ഥിതിഗതികൾ മാറിമറയുന്നുണ്ടെങ്കിലും ലോക്ക്ഡൗൺ ജൂലായ് 19 ന് തന്നെ പിൻവലിക്കുമെന്ന് വാക്സിൻ മന്ത്രി നദിം സഹാവി അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്നത്തെ പത്രസമ്മേളനത്തിൽ ബോറിസ് ജോൺസൺ പുറത്തുവിടും എന്നാണ് അറിയാൻ കഴിയുന്നത്.
ബ്രിട്ടനിൽ രോഗവ്യാപനം വർദ്ധിക്കുന്നുണ്ട്. സമാനമായ അവസ്ഥയാണ് യൂറോപ്പിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഉള്ളത് എന്നാൽ, വാക്സിൻ പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു എന്നത് ബ്രിട്ടനെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു എന്നും സഹവി പറഞ്ഞു. ജൂലയ് 19 ഒരു ഉത്കണ്ഠാ ദിനമായി മാറിയേക്കാം എന്നും ലോക്ക്ഡൗൺ പിൻവലിച്ചതിനുശേഷവും മാസ്‌ക് ധരിക്കുന്നത് നിർബന്ധമായി തുടരണമെന്നും മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന വന്നത്.
അതേസമയ ലണ്ടന്നിലെ ട്രെയിനുകളിലും, ട്യുബുകളിലും ബസ്സുകളിലും യാത്രക്കാർക്ക് മാസ്‌ക് നിർബന്ധമാക്കുവാൻ സാദിഖ് ഖാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.പകുതിയോളം പേർ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യം സർവ്വേയിൽ ഉന്നയിച്ചതുതന്നെ, ആളുകൾ എത്രമാത്രം പരിഭ്രാന്തരാണെന്നതിന് തെളിവാണ്. 31 ശതമാനം പേർ അനുയോജ്യമായ സമയത്താണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത് എന്ന് പറഞ്ഞപ്പോൾ 10 ശതമാനം പേർ ഇത് വളരെ നേരത്തേ ആകേണ്ടതായിരുന്നു എന്ന് അഭിപ്രായമുള്ളവരാണ്.
രോഗവ്യാപനം വർദ്ധിക്കുന്നതോടെ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങൾ സെൽഫ് ഐസൊലേഷന്റെ പേരിൽ വീടുകളിൽ അടയ്ക്കപ്പെടും എന്ന ഭയം നിൽക്കെ, ഐസൊലേഷന് പകരം സമ്പർക്കത്തിൽ ഏർപ്പെടുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി, നെഗറ്റീവ് റിസല്ട്ട് കാണിക്കുന്നവരെ സാധാരണ ജീവിതം നയിക്കാൻ വിടാനുള്ള പദ്ധതി ആലോചിക്കുകയാണെന്നും സഹാവി അറിയിച്ചു.
അതേസമയം, ലോക്ക്ഡൗൺ പിൻവലിച്ചാലും സ്‌കോട്ട്ലാൻഡിൽ മാസ്‌ക് നിർബന്ധമായി തുടരുമെന്ന് നിക്കോള സ്റ്റർജൻ അറിയിച്ചു. നിയന്ത്രണങ്ങൾ എല്ലാം വ്യക്തിപരമായ ഇഷ്ടങ്ങൾക്ക് വിടുന്നത് ഈ ഘട്ടത്തിൽ അനുയോജ്യമായ ഒരു നടപടിയല്ലെന്നാണ് ബേൺഹാം പറയുന്നത്. പൊതുഗതാഗത സംവിധാനങ്ങളീലുംഷോപ്പിങ് മാളുകളിലും വായുസഞ്ചാരം കുറഞ്ഞമറ്റിടങ്ങളിലും മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിൽ. ഗ്രെയ്റ്റർ മാഞ്ചസ്റ്ററിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരെ മാസ്‌ക് ധരിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്