ലണ്ടൻ: രണ്ടാം ലോകമഹായുദ്ധത്തിലെ വിജയ്ത്തിനു ശേഷം വിൻസ്റ്റൺ ചർച്ചിൽ നടത്തിയതുപോലൊരു പ്രസംഗത്തോടെ ലോക്ക്ഡൗൺ പിൻവലിക്കാൻ ബോറിസ് ജോൺസൺ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ, വീണ്ടും രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ അത് റദ്ദാക്കുവൻ ഉദ്ദേശിക്കുന്നതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ഒരിടത്തുനിന്നും അതിഗംഭീരമായ് ഒരു പ്രസംഗത്തോടെ ലോക്ക്ഡൗൺ പിൻവലിക്കാനുള്ള ഒരുക്കങ്ങളായിരുന്നു ഉദ്യോഗസ്ഥർ നടത്തിയിരുന്നത്.

യുദ്ധവിജയത്തിലെ ചർച്ചിലെന്റെ ആവേശം ആവഹിച്ച് പ്രസംഗിക്കുന്നത്, രോഗവ്യാപനം വർദ്ധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒട്ടും അനുയോജ്യമല്ലെന്നാണ് നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കരുതുന്നത്. മാത്രമല്ല, നിയന്ത്രണങ്ങൾ പാടെ നീക്കുമ്പോഴും പൊതുയിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് ധരിക്കലും സാമൂഹ്യ അകലം പാലിക്കലും പിന്തുടരണമെന്ന് സർക്കാർ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. അതായത്, ഫലത്തിൽ ഒരു പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാനുള്ള് സാഹചര്യമല്ലെന്ന് ചുരുക്കം.

നേരത്തേ വിൻസ്റ്റൺ ചർച്ചിലിന്റെ ഒരു ആത്മകഥ ബോറിസ് ജോൺസൺ പ്രകാശനം ചെയ്തിരുന്നു. ചർച്ചിൽ മാത്രമാണ് നമ്മുടെ സംസ്‌കാരത്തെ രക്ഷിച്ചതെന്ന് അതിൽ എഴുതിയിരുന്നു. ഇപ്പോൾ കോവിഡിനെ അടിച്ചമർത്തുന്നതോടെ ചർച്ചിലിനു സമാനമായ തലത്തിലേക്ക് സ്വയം പ്രതിഷ്ഠിക്കാനാണ് ബോറിസ് ഒരുങ്ങുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ബോറിസ് ജോൺസന്റെത് തികച്ചും അവസരവാദപരമായ ഒരു സമീപനമായിട്ടാണ് സ്വന്തം പാർട്ടിയിലെ പല നേതാക്കളും കാണുന്നത്.

ജനുവരിയിലെ മൂർദ്ധന്യ ഘട്ടത്തിനുശേഷം വെള്ളിയാഴ്‌ച്ച ഇതാദ്യമായി ബ്രിട്ടനിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000 കടന്നു. ഇന്നലെയും ഇത് ആവർത്തിച്ചു. ഇതിനു മുൻപ് ഒരു ദിവസം ഏറ്റവും അധികം പേർക്ക് രോഗം സ്ഥിരീകരിച്ചത് 68,000 പേർക്കായിരുന്നു. ആ റെക്കോർഡ് ഉടൻ തകർക്കപ്പെടും എന്നുതന്നെയാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. അതേസമയം വാക്സിൻ നിരക്ക് കുറഞ്ഞുവരികയുമാണ്. ഇന്നലെ 67,956 പേർക്ക് മാത്രമാണ് ആദ്യ ഡോസ് നല്കിയത്. ആരംഭത്തിൽ വാക്സിനേഷൻ പദ്ധതിക്ക് ഉണ്ടായിരുന്ന വേഗത ഇപ്പോളില്ല എന്നതും ആശങ്കയുളവാക്കുന്നുണ്ട്.