ലണ്ടൻ: ഏറെ പ്രതീക്ഷകൾ നൽകി തുടർച്ചയായി താഴേക്ക് വന്നിരുന്ന കോവിഡ് വ്യാപന നിരക്ക് വീണ്ടും സാവധാനം ഉയരാൻ തുടങ്ങിയിരിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും പ്രത്ദിന രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത് ബ്രിട്ടനിൽ ആശങ്ക ഉണർത്തിയിട്ടുണ്ട്. ഇന്നലെ 28,612 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ചയിലേതിനേക്കാൾ 9.6 ശതമാനം കൂടുതലാണിത്. അതേസമയം മരണനിരക്കിൽ കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 45 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 103 കോവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുന്നുണ്ട്.. ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്‌ച്ച 742 പേരാണ് ഗുരുതരമായ കോവിഡ് വ്യാപിച്ച് വിവിധ ആശുപത്രികളിൽ ചികിത്സതേടി എത്തിയത്. തൊട്ടു മുൻപത്തെ ആഴ്‌ച്ച ഇത് 912 ആയിരുന്നു. അതായത്. 18.6 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ വരുന്ന ശൈത്യകാലത്ത് വീണ്ടും ഒരു ലോക്ക്ഡൗൺ അത്യാവശ്യമായി വരുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ, ഒന്നാം ലോക്ക്ഡൗണിന് കാരണമായ റിപ്പോർട്ടിന്റെ ഉപജ്ഞാതാവ്, പ്രൊഫസർ ലോക്ക്ഡൗൺ എന്ന വിളിപ്പേരുള്ള പ്രൊഫസർ നീൽ ഫെർഗുസൺ പറയുന്നത് ഇനിയൊരു ലോക്ക്ഡൗൺ ആവശ്യമായി വരാൻ സാധ്യത വളരെ കുറവാണെന്നാണ്. രോഗവ്യാപനം വർദ്ധിക്കുന്നുണ്ടെങ്കിൽ പോലും അത് നിയന്ത്രിക്കാവുന്ന പരിമിതിക്കുള്ളിലാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിലവിലെ കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്യുവാൻ രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ പര്യാപ്തമാണെന്ന് പ്രശ്സ്ത പകർച്ചവ്യാധി വിദഗ്ദനായ പ്രൊഫസർ ജോൺ എഡ്മണ്ടും പറയുന്നു.

അതെസമയം, പ്രാദേശിക ലോക്ക്ഡൗണുകൾക്ക് സാധ്യതയുണ്ടെന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ചിലർ സൂചന നൽകുന്നത്. എന്നാൽ, ശാസ്ത്രലോകം ബ്രിട്ടനിൽ വാക്സിൻ പദ്ധതിയിൽ പൂർണ്ണ വിശ്വാസത്തിലാണ് ലോക്ക്ഡൗൺ പോയിട്ട് സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ പോലും ആവശ്യമായി വരില്ല എന്നാണ് മിക്ക ശാസ്ത്രജ്ഞരും പറയുന്നത്. വാക്സിൻ പദ്ധതി പ്രതീക്ഷിച്ചതുപോലെ പുരോഗമിക്കുന്ന ബ്രിട്ടനിൽ 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് വാക്സിൻ നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.

ഈ പ്രായപരിധിയിലുള്ളവർക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ നിയമപരമായ അനുവാദം ഇനിയും ലഭിച്ചിട്ടില്ലെങ്കിലും വാക്സിൻ നൽകുന്നതിനുള്ള ഷെഡ്യുളുകൾ മിക്ക സ്‌കൂളുകളും തയ്യാറാക്കി കഴിഞ്ഞതായി ചില റിപ്പോർട്ടുകൾ പറയുന്നു. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച 1.4 സശലക്ഷം ബ്രിട്ടീഷ് പൗരന്മാരെ കൂടി വാക്സിൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ 16 ഉം 17 ഉം വയസ്സുള്ളവർക്ക് കൂടി വാക്സിൻ നൽകുന്ന കാര്യം തീരുമാനിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ 12 വയസ്സിനും മുകളിലുള്ളവർക്ക് വാക്സിൻ ലഭ്യമാക്കുമെന്നുപറഞ്ഞിരുന്നു.