ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് വ്യാപനം ഏറിവരികയാണ് ഇന്നലെ 38,281 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 5 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം മരണനിരക്ക് കഴിഞ്ഞ ആഴ്‌ച്ചയിൽ നിന്നും 24 ശതമാനം കുതിച്ചുയർന്ന് 140 ൽ എത്തി. കഴിഞ്ഞ അഞ്ചുമാസങ്ങളിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. അതുപോലെ രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ പ്രവേശനം തേടുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.

നിലവിൽ രോഗബാധിതരിൽ ഭൂരിഭാഗവും 18 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. 18 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗമാണ് രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. സ്‌കൂളുകൾ വേനലവധിക്ക് അടച്ചിട്ടിരിക്കുകയാണ്. എന്നിട്ടും സെക്കണ്ടറി സ്‌കൂൾ പ്രായത്തിലുള്ളവരിൽ കോവിഡ് പകരുന്നത് കടുത്ത ആശങ്കയാണുണർത്തുനത്. ഇപ്പോൾ ഇങ്ങനെയാണെങ്കിൽ,. വേനലവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നാണ് ആലോചിക്കുന്നത്.

കഴിഞ്ഞയാഴ്‌ച്ച സ്‌കോട്ട്ലാൻഡിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചതോടെ രോഗവ്യാപന തോത് ഇരട്ടിയായി ഉയർന്നു. ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കണക്കില്ലാതെ വർദ്ധിച്ചാൽ മറ്റൊരു ലോക്ക്ഡൗണിന് മടിക്കില്ലെന്ന് സ്‌കോട്ടിഷ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ സ്‌കോട്ട്ലാൻഡിൽ സംഭവിച്ചത്, സെപ്റ്റംബറിൽ സ്‌കൂളുകൾ തുറക്കുന്നതോടെ ഇംഗ്ലണ്ടിലും വെയിൽസിലും സംഭവിച്ചേക്കാം എന്ന ഭീതിയും ഉയരുന്നുണ്ട്.

അതേസമയം, കുട്ടികൾക്ക് കോവിഡ് ബാധിക്കുകയും, അവരിലെ സ്വാഭാവിക പ്രതിരോധശേഷി ഉപയോഗിച്ച് അതിൽ നിന്നും രക്ഷനേടുകയും ചെയ്യുന്നത് ഒരുകണക്കിന് നല്ലതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അങ്ങനെയായാൽ അവർക്ക് വാക്സിൻ പോലുള്ള കൃത്രിമ സ്രോതസ്സുകൾ ഉപയോഗിച്ച് പ്രതിരോധശേഷി നേടേണ്ടതായി വരില്ല. എന്നാൽ, സ്‌കൂളുകൾ തുറക്കുന്നതോടെ രോഗവ്യാപനം കടുത്താൽ മറ്റൊരു ലോക്ക്ഡൗൺ ആവശ്യമായി വന്നേക്കുമെന്ന് മറ്റുചില വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്‌ച്ച മുതൽക്കായിരുന്നു സ്‌കോട്ട്ലാൻഡിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. ഇന്നലെ അവിടെ 4,925 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ച ഇത് 1,542 മാത്രമായിരുന്നു. രോഗവ്യാപനതോതിലെ ഈ കുതിച്ചുചാട്ടം ഇപ്പോൾ ഇംഗ്ലണ്ടിനെയും വെയിൽസിനെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട് അടുത്ത ആഴ്‌ച്ച ഇവിടെയും സ്‌കൂളുകൾ തുറക്കാനിരിക്കുകയാണ്. അതോടെ സ്‌കോട്ട്ലാൻഡിനോട് സമാനമായ രീതിയിൽ രോഗവ്യാപനതോതിലെ വൻ കുതിപ്പ് ഇംഗ്ലണ്ടിലും വെയിൽസിലും പ്രതീക്ഷിക്കാമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ പ്രൊഫസർ പോൾ ഹണ്ടർ പറയുന്നത്.

അതിനിടയിലാണ് വാക്സിൻ നൽകുന്ന പ്രതിരോധശേഷി ആറുമാസങ്ങൾ കഴിയുമ്പോൾ ദുർബലപ്പെടാൻ തുടങ്ങും എന്ന പഠന റിപ്പോർട്ട് പുറത്തുവന്നത്. കോവിഡ് വാക്സിന്റെ ആരംഭകാലത്ത് അത് സ്വീകരിച്ച, വൃദ്ധരുടെയും അപകട സാധ്യത കൂടുതൽ ഉള്ളവരുടെയും കാര്യത്തിൽ ഇതോടെ ആശങ്കയുയര്ന്നു.. കുട്ടികൾക്ക് സ്വാഭാവിക പ്രതിരോധശേഷികൊണ്ട് രോഗമുക്തി നേടാനായാലും ഇവർ വീടുകളിൽ പടർത്തുന്ന കോവിഡ് വീടുകളിലെ മുതിർന്ന അംഗങ്ങൾക്ക് ഭീഷണിയായേക്കാം.