ലണ്ടൻ: ബ്രിട്ടനിൽ നിലവിൽ ഗുരുതരാവസ്ഥയിൽ ഐ സി യുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളിൽ അഞ്ചിൽ ഒന്നും വാക്സിൻ എടുക്കാത്ത ഗർഭിണികളാണെന്ന് ഒരു റിപ്പോർട്ട് പറയുന്നു. വാക്സിൻ വിരുദ്ധരുടെ വാക്കുകൾ കേട്ട് വാക്സിനിൽ നിന്നും ഒഴിഞ്ഞുമാറുന്ന ഗർഭിണികൾ അവരുടെയും അവരുടെ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെയും ജീവിതം വെച്ച് പന്താടുകയാണെന്ന മുന്നറിയിപ്പുമായി ആരോഗ്യരംഗത്തെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ഗർഭിണികൾക്ക് വാക്സിൻ അപകടം വരുത്തുമെന്ന തെറ്റായ പ്രചാരണമാണ് പലരേയും വാക്സിൻ സ്വീകരിക്കുന്നതിൽ നിന്നും പിന്മാറ്റിയതെ എന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രത്യേക ലംഗ്-ബൈപ്പാസ് മഷിൻ ഉപയോഗിച്ച് ഐ സിയുകളിൽ ചികിത്സിക്കപ്പെടുന്ന കോവിഡ് രോഗികളിൽ 17 ശതമാനത്തോളം പേർ വാക്സിൻ എടുക്കാത്ത ഗർഭിണികളാണെന്ന് എൻ എച്ച് എസ് ഇംഗ്ലണ്ട് സ്ഥിരീകരിക്കുന്നു. മാത്രമല്ല, ഇത്തരത്തിൽ മെഷീൻ ഉപയോഗിച്ച് ചികിത്സയിലുള്ള 16 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 32 ശതമാനവും ഗർഭിണികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗിയുടെ ശ്വാസകോശങ്ങൾ കൊറോണയുടേ ആക്രമണത്തിൽ വളരെയധികം നാശമാകുമ്പോഴാണ് ഈ മെഷീൻ ഉപയോഗിക്കേണ്ടതായി വരിക.

എക്സ്ട്രകോർപോറിയൽ മെംബ്രേയ്ൻ ഓക്സിജെനേഷൻ മഷീൻ എന്നറിയപ്പെടുന്ന ഇവ രക്തപ്രവാഹത്തിലേക്ക് നേരിട്ട് ഒക്സിജൻ കടത്തിവിടുകയാണ് ചെയ്യുന്നത്. 2020 മാർച്ചിൽ 6 ശതമാനം ഗർഭിണികൾ മാത്രമായിരുന്നു ഈ മെഷിന്റെ സഹായം തേടിയിരുന്നതെങ്കിൽ അത് 17 ശതമാനമായി ഉയർന്നിരിക്കുകയാണിപ്പോൾ.

വാക്സിൻ അമ്മയുടേയും കുട്ടിയുടെയും ആരോഗ്യം സംരക്ഷിക്കും എന്നതിന്ഈ കണക്കുകൾ തെളിവാണെന്നാണ് മെഡിക്കൽ വിദഗ്ദർ പറയുന്നത്. ഗർഭിണിയായിരിക്കുന്നകാലത്ത് എപ്പോൾ വേണമെങ്കിലും വാക്സിൻ സ്വീകരിക്കാവുന്നതാണെന്നും അതുകൊണ്ട് ഒരു ദോഷവും സംഭവിക്കില്ല എന്നും ഇവർ ഉറപ്പുപറയുന്നു.