ലണ്ടൻ: ഓമിക്രോൺ എന്ന വകഭേദത്തെ കുറിച്ച് ഏറെയൊന്നും ഇപ്പോഴും ശാസ്ത്രലോകത്തിനറിയില്ല. ദക്ഷിണാഫ്രിക്കയിലെ കണക്കുകൾ ഉദ്ദരിച്ച് ഇത് അത്ര അപകടകാരിയായ വകഭേദമല്ലെന്ന് ചിലർ സമർത്ഥിക്കുമ്പോൾ, ഓമിക്രോൺ ഏറെ ബാധിച്ച പ്രവിശ്യകളിലെ 70 ശതമാനത്തിലധികം പേരും വാക്സിൻ എടുത്തവരോ ഒരിക്കൽ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരോ ആണെന്ന് മറ്റൊരു കൂട്ടർ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ ആർജ്ജിച്ച പ്രതിരോധ ശേഷിയാകാം രോഗം ഗുരുതരമാകാതെ സൂക്ഷിച്ചതെന്ന് ഇവർ വിലയിരുത്തുന്നു. മാത്രമല്ല, ഓമിക്രോൺ ബാധിച്ചവരിൽ ഏറെയും ചെറുപ്പക്കാരുമാണ്.

ഓമിക്രോണിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്ന് പറയുമ്പോഴും അടുത്തടുത്ത് നടന്ന രണ്ട് സംഭവങ്ങൾ വീണ്ടും ബ്രിട്ടനെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. മൂന്ന് ഡോസ് വാക്സിനെടുത്ത വ്യക്തിയുൾപ്പടെ, ഒരു ക്രിസ്ത്മസ്സ് പാർട്ടിയിൽപങ്കെടുത്ത 22 പേരിൽ 17 പേർക്ക് കോവിഡ് ബാധിച്ചതാണ് അതിലൊന്ന്. തന്റെ സഹോദരന് മൂന്ന് ഡോസ് വാക്സിൻ എടുത്തിട്ടും കോവിഡ് ബാധിച്ച വിവരം ബി ബി സി അവതാരകയായ വിക്ടോറിയ ഡെർബിഷയർ ആണ് ട്വിറ്ററിലൂടെ അറിയിച്ചത്.രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ കോവിഡ് ബാധിച്ച് മരിച്ചതാണ് മറ്റൊരു സംഭവം. ഇവർ പഠിച്ച സ്‌കൂളിൽ വാക്സിൻ നൽകാൻ കാലതാമസം ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്.

ക്രിസ്ത്മസ്സ് വിരുന്നിനിടയിൽ നിന്നാണ് തന്റെ സഹോദരൻ നിക്ക് ഡെർബിഷയറിന് കോവിഡ് ബാധിച്ചതെന്ന് ബി ബി സി അവതാരകയായ വിക്ടോറിയ ഡെർബിഷയർ ടിറ്ററിലൂടെ അറിയിച്ചു. വിരുന്നിൽ പങ്കെടുത്ത 21 പേരിൽ 17 പേർക്കും രോഗം സ്ഥിരീകരിച്ചു എന്നും അവർ പറയുന്നു. ഇവരെല്ലാവരും തന്നെ വാക്സിൻ എടുത്തവരാണ്. നിക്ക് ഡെർബിഷയർ മൂന്ന് ഡോസ് വാക്സിനുകളും എടുത്തിരുന്നു. ഓമിക്രോണിന്റെ വ്യാപനം എത്ര ഭീകരമാണെന്ന് സൂചിപ്പിക്കാനാണ് താൻ ഈ വാർത്ത പങ്കുവയ്ക്കുന്നതെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

ഓമിക്രോൺ വ്യാപനനിരക്ക് ബ്രിട്ടനിൽ കുതിച്ചുയരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീടിൽ നിന്നും പുറത്തിറങ്ങിയാൽ ഒരു ഓമിക്രോൺ ബാധിതനെയെങ്കിലും കാണാതിരിക്കാൻ തീരെ സാധ്യതയില്ലെന്നാണ് ഒരു വിദഗ്ദൻ ഇതിനെകുറിച്ച് പറഞ്ഞത്. അതിനിടയിലാണ് മൈക്ക് ഡെർബിഷയർ എന്ന 51 കാരന്റെ വിവരം പുറത്തുവരുന്നത്. ഇയാൾ വാക്സിന്റെ മൂന്ന് ഡോസുകളും എടുത്തിരുന്നതായി സഹോദരി വിക്ടോറിയ പറയുന്നു. മൂന്നാമത് എടുത്തത് ഫൈസറിന്റെ വാക്സിനായിരുന്നു എന്നും അവർ പറഞ്ഞു.

വെള്ളിയാഴ്‌ച്ച സഹപ്രവർത്തകർക്കൊത്ത് ക്രിസ്ത്മസ്സ് വിരുന്നിൽ പങ്കെടുക്കാൻ പോയതായിരുന്നു മൈക്ക്. അതിൽ പങ്കെടുത്ത 22 പേരും വാക്സിൻ എടുത്തവരായിരുന്നു. ഒരു മുൻ ഇംഗ്ലീഷ് ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റർ കൂടിയായ മൈക്ക് ഇപ്പോൾ ലണ്ടനിൽ ഒരു ഇ-കോമേഴ്സ് കമ്പനി നടത്തുകയാണ്. വിരുന്ന് നടന്നത് എവിടെയാണെന്ന് വ്യക്തമായിട്ടില്ല. രോഗം അല്പം ഗുരുതരമാണെന്നാണ് വിക്ടോറിയ പറയുന്നത്.

ഓമിക്രോൺ താരതമ്യേന വീര്യം കുറഞ്ഞ വകഭേദമാണെന്ന് പറയുമ്പോഴും അത് ബാധിച്ചവരിൽ ചെറിയൊരു ശതമാനത്തിനെങ്കിലും ആശുപത്രിയിൽ ചികിത്സതേടേണ്ടി വരും എന്നാണ് വിദഗ്ദർ പറയുന്നത്. വ്യാപനനിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ വളരെ വേഗം തന്നെ വളരെയധികം പേർക്ക് ആശുപത്രികളെ അഭയം പ്രാപിക്കേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്. അത് നിലവിൽ ഗുരുതരമായ പ്രതിസന്ധികളിൽ കൂടി കടന്നുപോകുന്ന എൻ എച്ച് എസ് സംവിധാനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയേക്കുമെന്നും ഇവർ പറയുന്നു.

കോവിഡ് ബാധിച്ച് രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മരണമടഞ്ഞു

ഒരേ സ്‌കൂളിലെ രണ്ടു വിദ്യാർത്ഥികൾ കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചത് ആശങ്കയോടൊപ്പം ഏറെ വിവാദവും ഉയർത്തുന്നു. ന്യുകാസിൽ -അണ്ടർ-ലൈമിലെ സെയിന്റ് ജോൺ ഫിഷർ കത്തോലിക് കോളേജിലെ 10-)0 വർഷ വിദ്യാർത്ഥിയായിരുന്ന മൊഹമ്മദ് ഹബീബ് ഒക്ടോബർ 24 നാണ് മരണമടഞ്ഞത്. ഹാൻലിയിലെ മാർക്കസ് അറ്റ് വഹീദിലെ അന്ത്യ ശുശ്രൂഷകൾക്ക് ശേഷം ഫെന്റം മുസ്ലിം ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

അതിനു മുൻപായി നടത്തിയ മെഡിക്കൽ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോവിഡ് 19 ബാധിച്ചതിനാൽ ഉണ്ടായ ആഘാതം മൂലം മസ്തിഷ്‌കത്തിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് ഒക്ടോബർ 30 നായിരുന്നു അതേ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ഹാരി ടവേഴ്സ് എന്ന 15 കാരനും മരണപ്പെട്ടത്. ഈ വിദ്യാർത്ഥിയേയും കോവിഡ് ബാധിച്ചിരുന്നു. മരണകാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകളുടെ ഫലം ഇനിയും പുറത്തുവന്നിട്ടില്ല.ഹാരി ടവേഴ്സ് വാക്സിൻ എടുത്തിരുന്നില്ലെന്ന് സഹോദരി ഷാർലറ്റ് അറിയിച്ചു.

ഇവർ മരിക്കുന്നതിന് ഏതാനും ആഴ്‌ച്ചകൾക്ക് മുൻപായിരുന്നു സ്‌കൂളിൽ വാക്സിനേഷൻ പ്രോഗ്രാം സംഘടിപ്പിച്ചിരുന്നത്. എന്നാൽ അത് പിന്നീട് മാറ്റിവെച്ചു. ഫ്ളൂവിനുള്ള വാക്സിൻ മാത്രമായിരുന്നു അന്ന് വിതരണം ചെയ്തത്. ഹാരിക്കും മൊഹമ്മദിനും മറ്റ് രോഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നതുമില്ല. ഹാരിയുറ്റെ മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും സീനിയർ കൊറോണെർ ആൻഡ്രൂ ബാർക്ക്ലി പറയുന്നത് അതൊരു സ്വാഭാവിക മരണമാകാനാണ് സാദ്ധ്യത എന്നാണ്.