ലണ്ടൻ: ബ്രിട്ടനിൽ കൊറോണയുടെ രണ്ടാം വരവിന്റെ ഭീകരത വെളിപ്പെടുത്തിക്കൊണ്ട് തുടർച്ചയായ ആറാം ദിവസവും 50,000 ൽ ഏറെ പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടു. മരണ സഖ്യ 500 ൽ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ 30 വയസ്സുള്ള യുവാക്കൾ വരെ കോവിഡ് മൂലം മരണമടഞ്ഞേക്കാം എന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അധികൃതരും രംഗത്തെത്തി. ഇന്നലെ 54, 990 പേർക്കാണ് ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച്ച ഇത് 30,501 ആയിരുന്നു. അതായത്, രോഗവ്യാപനത്തിൽ ഉണ്ടായിരിക്കുന്നത് 80 ശതമാനത്തിന്റെ വർദ്ധനവ്.

വെസ്റ്റ് കൺട്രിയിലെ എൻ എച്ച് എസ് ആശുപത്രികൾ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ശുശ്രൂഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും ആശുപത്രികൾ ഏതാണ് പൂർണ്ണമായും നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പുതിയതായി എത്തുന്ന രോഗികളെ തെക്ക്പടിഞ്ഞാറൻ മേഖലയിലെ ആശുപത്രികളിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്നതിനാലാണിത്. ഇതനുസരിച്ച് കിഴക്കൻ ഇംഗ്ലണ്ടിലെ രോഗികളെ മിഡ്ലാൻഡ്സിലെ ആശുപത്രികളിലേക്ക് മാറ്റും.

അതുപോലെ ലണ്ടൻ എക്സൽ സെന്ററിലെ വലിയ നൈറ്റിങ്ഗേൽ ആശുപത്രിയും തുറന്നേക്കുമെന്നറിയുന്നു. ഇപ്പോൾ തന്നെ അമിതഭാരം പേറുന്ന ആരോഗ്യ സംവിധാനം അധികം വൈകാതെ താറുമാറാകാൻ ഇടയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നൈറ്റിംഗേൽ ആശുപത്രി വീണ്ടും പ്രവർത്തിക്കുവാൻ ആരംഭിക്കുന്നത്. ഒരാഴ്‌ച്ചയ്ക്കുള്ളിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് അറിയുന്നത്. 30 വയസ്സ് മാത്രമുള്ള ചെറുപ്പക്കാർ വരെ ഗുരുതരമായ കോവിഡ് ബാധയാൽ ഐ സി യു വിൽ ഉണ്ടെന്നും ചെറുപ്പക്കാർ പോലും മരണത്തിനു കീഴടങ്ങിയേക്കാം എന്നുള്ള മുന്നറിയിപ്പുമായി ഇന്റൻസീവ് കെയർ മെഡിസിൻ ഫാക്കല്റ്റിയായ ഡോ. അലിസൺ പിറ്റാർഡ് രംഗത്തെത്തി.

രോഗവ്യാപനം കടുത്തതോടെ ഒരു മൂന്നാം ദേശിയ ലോക്ക്ഡൗൺ ഏതുസമയത്തും പ്രഖ്യാപിച്ചേക്കാം എന്ന നിലയാണുള്ളത്. ഇത്തരത്തിൽ ഒരു ലോക്ക്ഡൗൺ ആവശ്യമാണെന്ന് ലേബർ പാർട്ടി നേതാവ് പ്രഖ്യാപിച്ചു. അതേസമയം കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ബോറിസ് ജോൺസനും സൂചിപ്പിച്ചിരുന്നു. വൈറസ് നിയന്ത്രണാതീതമായി മാറിക്കൊണ്ടിരിക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ തന്നെ പ്രധാന മന്ത്രി കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കണമെന്നുമാണ് ലേബർ പാർട്ടിയുടെ ആവശ്യം.

അതേസമയം സ്‌കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കുവാനുള്ള ബോറിസ് ജോൺസന്റെ പരിശ്രമം വ്യർത്ഥമായി. കൗൺസിലുകളും വിവിധ യൂണിയനുകളും കടുത്ത എതിർപ്പുകളുമായി എത്തിയതോടെ സ്‌കൂളുകൾ തുറക്കുന്നത് വൈകിപ്പിക്കേണ്ടതായി വന്നു. ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറസ് കുട്ടികളിൽ അതിവേഗം പടരുമെന്ന മുന്നറിയിപ്പു കൂടി കണക്കിലെടുത്താണ് ഇത്തരത്തിലൊരു നടപടി എന്നാണ് അറിയുന്നത്.

പല ആശുപത്രികളുടെയും കപ്പാസിറ്റി വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ആഴ്‌ച്ച മിക്ക ദിവസങ്ങളിലും ഇത് ഏതാണ്ട് പൂർണ്ണമായി നിറഞ്ഞിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലണ്ടനിലെ ചുരുങ്ങിയത് പതിനാല് ഇന്റൻസീവ് കെയർ യൂണിറ്റുകളെങ്കിലും ക്രിസ്തമസ്സ് വാരത്തിൽ 95 ശതമാനം നിറഞ്ഞിരുന്നു. കാര്യങ്ങൾ ഇത്തരത്തിൽ മുന്നോട്ട് പോയാൽ, കോവിഡിന്റെ ആദ്യ വരവിൽ നോർത്ത് ഇറ്റലിയിലെ ലമ്പാർഡിയിൽ സംഭവിച്ചതായിരിക്കും ലണ്ടനിലും സംഭവിക്കുക എന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. നിരവധി പേരാണ് അന്ന് ലൊംബാർഡിയിൽ മതിയായ ചികിത്സ ലഭിക്കാതെ മരണമടഞ്ഞത്.

വെന്റിലേറ്റർ ലഭിക്കുവാനായി പരസ്പരം മത്സരിക്കുന്ന ഘട്ടം വരെയെത്തി നിൽക്കുകയാണിപ്പോൾ. ഇത്തരമൊരു സാഹചര്യം തങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നാണ് ഗൈസ് ആൻഡ് സെയിന്റ് തോമസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡോ. മേഗൻ സ്മിത്ത് പറയുന്നത്. ഇവിടെ മാത്രമല്ല, നഗരത്തിലെ മിക്ക ആശുപത്രികളും കടുത്ത സമ്മർദ്ദം നേരിടുകയാണ്. ഇത് ശാരീരികമായും മാനസികമായും എൻ എച്ച് എസ് ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കോവിഡ് വ്യാപനം ശക്തിയേറിയതോടെ അത്ര അടിയന്തര പ്രാധാന്യം ഇല്ലാത്ത ശസ്ത്രക്രിയകൾ ഉൾപ്പടെ പല ചികിത്സകളും എൻ എച്ച് എസ് നീട്ടിവച്ചിട്ടായിരുന്നു ആദ്യ വരവിനെ എൻ എച്ച് എസ് നേരിട്ടത്. എന്നാൽ രണ്ടാം വരവിൽ രണ്ടും ഒരുമിച്ചു കൊണ്ടുപോകുവാനാണ് ശ്രമിക്കുന്നത്. എന്നിരുന്നാലും രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിന് സാധിക്കാതെ വരുന്നു എന്നതാണ് യാഥാർത്ഥ്യം. ആദ്യവരവിൽ ഉണ്ടായതിനേക്കാൾ ഏറെ ചെറുപ്പക്കാർ ഇത്തവണ ഗുരുതരമായ കോവിഡ് ബാധയുമായി ആശുപത്രികളിൽ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

വ്യാപകമായി സ്‌കൂളുകൾ അടച്ചിടുന്നതുൾപ്പടെയുള്ള ഒരു മൂന്നാം ലോക്ക്ഡൗണിൽ കൂടി മാത്രമേ രോഗവ്യാപനത്തെ കാര്യക്ഷമമായി ചെറുക്കാൻ കഴിയൂ എന്ന് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗങ്ങൾ പറഞ്ഞു. 12 മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ പുതിയ ഇനം വൈറസ് അതിവേഗം പടരുകയാണെന്നും സമിതി ചൂണ്ടിക്കാട്ടി.