- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
36,000 രോഗികളും 200 കടന്ന മരണങ്ങളുമായി ബ്രിട്ടനിൽ കോവിഡ് പകർച്ച തുടരുന്നു; 50 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകി നേരിടാൻ ഒരുക്കങ്ങൾ തുടങ്ങി; എല്ലാം ശരിയായി ചെയ്തിട്ടും ബ്രിട്ടന് ഇതാണ് ഗതിയെങ്കിൽ...
ലണ്ടൻ: സ്‌കൂളുകൾ തുറക്കുന്നതോടെ കോവിഡ് വ്യാപനം കുതിച്ചുയരുമെന്ന ഭീതി നിലനിൽക്കവേ, രോഗവ്യാപന തോത് മാറ്റമില്ലാതെ തുടരുകയാണ് ബ്രിട്ടനിൽ. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ 35,693 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ച ഇത് 35,847 ആയിരുന്നു. അതായത്, രോഗവ്യാപനതോതിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല എന്നർത്ഥം. അതുപോലെ രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും മാറ്റമില്ലാത്ത സാഹചര്യമാണുള്ളത്.
ലഭ്യമായ ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് ഓഗസ്റ്റ് 28 മ് 842 പേരാണ് കോവിഡ് മൂർച്ഛിച്ച് ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടിയെത്തിയത്. തൊട്ടുമുൻപത്തെ ആഴ്‌ച്ച ഇത് 859 ആയിരുന്നു. കാര്യമായ മാറ്റങ്ങളൊന്നും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല എന്ന് ചുരുക്കം. അതേസമയം 207 കോവിഡ് മരണങ്ങളാണ് ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. മാർച്ച് മാസത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്.സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച ആശങ്ക ഉയർന്നതോടെ തിരികെ സ്‌കൂളുകളിലെത്തുമ്പോൾ ക്ലാസ്സ് മുറികൾക്കുള്ളിൽ മാസ്‌ക് ധരിക്കണമെന്ന് സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികൾക്ക് രോഗബാധയുണ്ടായാൽ, അത് കൂടുതൽ അപകടസാധ്യതയുള്ള വിഭാഗത്തിൽ പെട്ട പ്രായം ചെന്നവരിലേക്കും പടർന്നേക്കാം എന്ന ആശങ്കയാണ് പ്രധാനമായും നിലനിൽക്കുന്നത്. അതിനിടയിൽ ഒളിച്ചുകളി മതിയാക്കി വ്യാപകമായി വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ നൽകണം എന്ന ആവശ്യത്തിന് ശക്തി വർദ്ധിച്ചു. സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞ ഏകദേശം അഞ്ചു ലക്ഷം പേർക്ക്‌കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാനാണ് തീരുമാനം. ശൈത്യകാലത്ത് വീണ്ടും ഒരു വ്യാപനം ഉണ്ടായേക്കാം എന്ന കണക്കൂട്ടലിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ, 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകണം എന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല.
കഴിഞ്ഞ ജൂണിൽ ഏകദേശം 32 മില്ല്യൺ ബ്രിട്ടീഷുകാർക്ക് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന പദ്ധതി എൻ എച്ച് എസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷന്റെ അംഗീകാരം ഈ പദ്ധതിക്ക് ഇനിയും ലഭിച്ചിട്ടില്ല. സർക്കാരിനെ വാക്സിൻ കാര്യത്തിൽ ഉപദേശിക്കുന്ന ഒരു സ്വതന്ത്ര സംവിധാനമാണ് ഈ ജോയിന്റ് കമ്മിറ്റി. ഇവരുടെ അനുമതിയില്ലാതെ വാക്സിൻ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ല. ബൂസ്റ്റർ ഡോസ് നൽകാൻ വൈകുന്തോറും ബ്രിട്ടൻ ഇസ്രയേലിനും അമേരിക്കയ്ക്കും ഏറെ പിന്നിലാവുകയാണ് വാക്സിൻ കാര്യത്തിൽ. ഇവിടങ്ങളിൽ 12 വയസ്സിനു മുകളിലുള്ള എല്ലാവർക്കും മൂന്നാം ഡോസ് കൊടുക്കുകയാണ്.
ഇസ്രയേലിൽ മൂന്നാം ഡോസ് നൽകിയതോടെ ഗുരുതരമായ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് കോമൺസ് ഹെൽത്ത് കമ്മിറ്റി ചെയർപേഴ്സൺ ജെറെമി ഹണ്ട് പറഞ്ഞു. ഇത് ബ്രിട്ടന് ഒരു പാഠമാക്കണമെന്നും എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസുകൾ കൊടുത്തുതുടങ്ങണമെന്നും ജെറെമി ആവശ്യപ്പെട്ടു. ആറു മാസത്തിനു ശേഷം വാക്സിന്റെ പ്രഭാവം കുറഞ്ഞു വരുന്നതായി പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും സർക്കാർ ഇക്കാര്യത്തിൽ കാണീക്കുന്ന മെല്ലെപ്പോക്ക് നയം അനുവദിക്കാനാകില്ലെന്നും അവർ പറഞ്ഞു.
മറുനാടന് ഡെസ്ക്