ലണ്ടൻ: നേരിയ തോതിലാണെങ്കിലും ബ്രിട്ടനിൽ കോവിഡ് വ്യാപനതോത് ഉയരുക തന്നെയാണ്. അതേസമയം മരണനിരക്കിൽ കാര്യമായ കുറവ് ദൃശ്യമാകുന്നുണ്ട്. ഇന്നലെ ബ്രിട്ടനിൽ 37,960 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 5.2 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. തുടർച്ചയായി പത്താം ദിവസമാണ് വ്യാപനതോത് ഉയരുന്നത്. അതേസമയം 40 കോവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. തൊട്ടു മുൻപത്തെ ആഴ്‌ച്ചയുമായി താരതമ്യം ചെയ്താൽ 15 ശതമാനത്തിന്റെ കുറവ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.

ഇതിനിടയിൽ 16 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്ന പദ്ധതിയും പുരോഗമിക്കുന്നുണ്ട്. ഇതുവരെ 48.7 ദശലക്ഷം പേർക്ക് വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞു. ഈ പ്രായപരിധിയിൽ ഉൾപ്പെടുന്ന മൊത്തം ബ്രിട്ടീഷുകാരുടെ 89.7 ശതമാനം വരും ഇത്. അതോടൊപ്പം 44.7 ദശലക്ഷം പേർക്ക് (82.4 ശതമാനം) രണ്ടു ഡോസുകളും ലഭിച്ചിട്ടുണ്ട്. കുട്ടികൾ രക്ഷകർത്താക്കളിലേക്ക് കോവിഡ് വ്യാപിപ്പിക്കാൻ തുടങ്ങി എന്നും ഇതൊരു നാലാം തരംഗത്തിന് കാരണമായേക്കാം എന്നുള്ള മുന്നറിയിപ്പ് നിലനിൽക്കുമ്പോഴാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.

സ്‌കൂളുകൾ തുറന്ന് ഒരു മാസം കഴിയുമ്പോൾ ഇംഗ്ലണ്ടിലെ രോഗവ്യാപന തോത് ഉയർന്ന് വരികയാണ്. കുട്ടികൾക്കിടയിലാണ് രോഗവ്യാപനം കൂടുതലായി കാണുന്നത് എന്നതുതന്നെ സ്‌കൂളുകൾ തുറന്നതാണ് വ്യാപനം വർദ്ധിക്കുവാനുള്ള കാരണം എന്നതിന്റെ തെളിവാണ്. അതേസമയം 35 മുതൽ 50 വയസ്സുവരെ പ്രായമുള്ളവർക്കിടയിലും രോഗവ്യാപനം വർദ്ധിക്കുന്നുണ്ട്. കുട്ടികൾ വൈറസിനെ വീടുകളിലും പരത്തുന്നു എന്നതിന്റെ തെളിവായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. സ്‌കൂളുകൾ തുറക്കുന്നതോടെ രോഗവ്യാപനം വർദ്ധിക്കുമെന്ന് നേരത്തേ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. അത് ശരിവയ്ക്കും വിധം കഴിഞ്ഞയാഴ്‌ച്ച ഇംഗ്ലണ്ടിൽ 24 കുട്ടികളിൽ ഒരാൾക്ക് വീതം രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു.

അതേസമയം, മുറികൾക്കുള്ളിൽ മാസ്‌ക് ധരിക്കാത്തവരിൽ കോവിഡ് ബാധയുണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. അതുപോലെ ഇടയ്ക്കൊക്കെ മുറികൾക്കുള്ളിലും മാസ്‌ക് ധരിക്കുന്നവർക്ക് രോഗം ബാധിക്കുവാനുള്ള സാധ്യത എപ്പോഴും മാസ്‌ക് ധരിക്കുന്നവർക്കുള്ളതിനേക്കാൽ മൂന്നിലൊന്ന് മടങ്ങാണ്. ഇംഗ്ലണ്ടിൽ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനൊപ്പം നിർബന്ധിത മാസ്‌ക് ധാരണവും വേണ്ടെന്ന് വെച്ചിരുന്നു. എന്നാൽ, മാസ്‌ക് നിർബന്ധമായി തുടരണമെന്ന് അന്ന് ശാസ്ത്രലോകം ആവശ്യപ്പെട്ടിരുന്നതാണ്.

ഈയടുത്ത് നടത്തിയ ഒരു സർവ്വേയിൽ തെളിഞ്ഞത് ബ്രിട്ടനിൽ പത്തിൽ ഒരാൾ വീതം മാസ്‌ക് ധരിക്കുന്നത് നിർത്തി എന്നാണ്. കോവിഡ് പൂർണ്ണമായും ഒഴിഞ്ഞുപോയി എന്നാണ് ഇവരുടെ ധാരണ. മാസ്‌ക് ധാരണം എത്രത്തോളം കോവിഡ് വ്യാപനത്തെ തടയുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും വലിയൊരുപരിധി വരെ അത് രോഗം പകരാതിരിക്കാൻ സഹായിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ മുറികൾക്കുള്ളിലും മാസ്‌ക് ധരിക്കണം എന്നാണ് വിദഗ്ദർ നിർദ്ദേശിക്കുന്നത്.