ലണ്ടൻ: ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കുന്നത് നീട്ടണമെന്ന ആരോഗ്യരംഗത്തെ ചില പ്രമുഖരുടെയും ശാസ്ത്രജ്ഞരുടെയും അവഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് ബോറിസ് ജോൺസൺ തീരുമാനിച്ചിരുക്കുന്നത്. ഇക്കാര്യം നാളെ പ്രധാനമന്ത്രി സ്ഥിരീകരിക്കുമെന്നാണ് കരുതുന്നത്. ഇനിയും അടച്ചുപൂട്ടിയിരിക്കാനാവില്ലെന്ന ജനതയുടെ വികാരം ബോറിസ് ജോൺസൺ ഉൾക്കൊള്ളുന്നു എന്നാണ് നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിച്ചത്. കോവിഡ് വ്യാപനം വർദ്ധിക്കുകയാണെന്നും, എൻ എച്ച് എസ്സിനു മേൽ വീണ്ടും സമ്മർദ്ദം ഏറുകയാണെന്നും അക്കാഡമി ഓഫ് മെഡിക്കൽ റോയൽ കോളേജസ് പ്രഖ്യാപിച്ചതിനുതൊട്ടു പിന്നാലെയാണ് പി എം ഒ ഇക്കാര്യം അറിയിച്ചത്.

ജൂലായ് 19 ന് നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നാണ് എ എം ആർ സി ചെയർവുമൺ പ്രൊഫസർ ഹെലെൻ സ്റ്റോക്ക്സ് ലാംബാർഡ് പറഞ്ഞത്. നിയന്ത്രണങ്ങൾ നീക്കം ചെയ്താൽ ജീവിതം പഴയരീതിയിലേക്ക് തിരിച്ചുവരുമെന്ന തെറ്റിദ്ധാരണയാണ് ഇത്തരമൊരു തീരുമാനത്തിനു പുറകിലെന്ന് അവർ പറഞ്ഞു. മുൻകരുതലുകൾ എല്ലാം ഉപേക്ഷിക്കാമെന്നും, പൂർണ്ണസ്വാതന്ത്ര്യത്തോടെ ജീവിക്കാമെന്നുമുള്ള ചിന്ത കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം എന്നും അവർ ഓർമ്മിപ്പിച്ചു. എന്നാൽ, ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറുമെന്ന പൂർണ്ണവിശ്വാസമുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

ഇതുവരെ ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ 86.9 ശതമാനം പേർക്ക് വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചുകഴിഞ്ഞു. 65.6 ശതമാനം പേർക്ക് രണ്ടു ഡോസുകളും ലഭിച്ചുകഴിഞ്ഞു. ഇത് ബ്രിട്ടന്റെ പ്രതിരോധ ശേഷി ഉയർത്തുമെന്നും ആശങ്കപ്പെടുന്ന രീതിയിലുള്ള കടുത്ത രോഗവ്യാപനം ഇനി ഉണ്ടാവില്ലെന്നുമാണ് സർക്കാർ കരുതുന്നത്. നിയന്ന്ത്രണങ്ങൾ പിൻവലിക്കുന്നതോടൊപ്പം രണ്ടു വാക്സിനുകളൂം എടുത്ത വിദേശികൾക്ക് ക്വാറന്റൈൻ ഇല്ലാതെ ബ്രിട്ടൻ സന്ദർശിക്കുവാനുള്ള അനുമതി നൽകണം എന്ന ആവശ്യവും ഉയരുന്നുണ്ട്. കടുത്ത പ്രതിസന്ധിയിൽ ആയ ആഭ്യന്തര ടൂറിസം മേഖലയെ രക്ഷിക്കുന്നതിനാണിത്. എന്നാൽ ഇക്കാര്യത്തിൽ മന്ത്രിസഭ രണ്ടു തട്ടിലാണിപ്പോൾ.

ഒരു ഭാഗത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ മറുഭാഗത്ത് രോഗവ്യാപനം കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. ഇന്നലെ 32,367 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 32 ശതമാനത്തിന്റെ വർദ്ധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മാത്രമല്ല, ഇത് തുടർച്ചയായ നാലാമത്തെ ദിവസമാണ് ബ്രിട്ടനിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 30,000 കടക്കുന്നത്.

മരണനിരക്കും ആനുപാതികമായി ഉയരുന്നത് കടുത്ത ആശങ്കയുളവാക്കുന്നുണ്ട്. ഇന്നലെ 34 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 62.7 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. അതുപോലെ ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കാര്യമായി വർദ്ധിക്കുന്നുണ്ട്. ഒരാഴ്‌ച്ചയിൽ 33 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഇത് എൻ എച്ച് എസിനു മേൽ കടുത്ത സമ്മർദ്ദം ഉയർത്തുന്നുണ്ട്. കഴിഞ്ഞ 15 മാസങ്ങളിലായി മുടങ്ങിക്കിടക്കുന്ന മറ്റു രോഗ ചികിത്സകളുടെ കാര്യം കൂടി പരിഗണിച്ചാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാറ്റിയാൽ ശക്തിപ്രാപിക്കുന്ന മൂന്നാം തരംഗം എൻ എച്ച് എസിന്റ്ഗെ പ്രവർത്തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും ലഭിച്ചുകഴിഞ്ഞു.